ന്യൂദല്‍ഹി - കേരളത്തെ സാമ്പത്തികമായി അവഗണിക്കുന്ന കേന്ദ്ര സര്‍ക്കാറിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ മന്ത്രിമാരും ഇടതുപക്ഷ എം എല്‍ എമാരും എം പിമാരും ജന്തര്‍ മന്തറില്‍ നടത്തുന്ന പ്രതിഷേധ ധര്‍ണ്ണ ആരംഭിച്ചു. കേരള ഹൗസില്‍ നിന്നും മാര്‍ച്ചായാണ് മുഖ്യമന്ത്രിയും നേതാക്കളും ജന്തര്‍ മന്തറിലേക്ക് എത്തിയത്. ഉച്ചയ്ക്ക് ഒരു മണിയോടെ പ്രതിഷേധം അവസാനിപ്പിക്കും. സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി പി ഐ സെക്രട്ടറി ഡി രാജ, നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫാറൂഖ് അബ്ദുള്ള, സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഡി എം കെ , എ എ പി, ആര്‍ ജെ ഡി തുടങ്ങിയ പ്രതിപക്ഷ കക്ഷികളുടെ പ്രതിനിധികള്‍ എന്നിവര്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. മുസ്‌ലീം ലീഗ് എം പി പി വി അബ്ദുള്‍ വാഹാബും സമരത്തിന് പിന്തുണയുമായി എത്തിയിട്ടുണ്ട്. ഇന്നലെ കര്‍ണാടകത്തിലെ നേതാക്കള്‍ സമരമിരുന്ന അതേ പന്തലിലാണ് കേരളത്തിന്റെയും പ്രതിഷേധ പരിപാടി നടക്കുന്നത്.