ഈ പൈസക്കൊക്കെ കുട്ട്യോള്‍ക്ക് തിന്നാന്‍ വാങ്ങി കൊടുത്തുടേ....' എന്റെ പുസ്തക ശേഖരത്തെ പുച്ഛിച്ചതാണ് സുഹൃത്ത്. എന്റെ ജീവിത സമ്പാദ്യത്തിന് പുല്ല് വില. തിരസ്‌കാരത്തിന്റെ തീപ്പൊരികള്‍ ചിലപ്പോള്‍ നമ്മുടെ സ്വപ്നങ്ങള്‍ ചാരമാക്കും.
നമ്മുടെ രാഷ്ട്രീയ, ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങള്‍ വര,കവിത, കഥ,കലാവാ സനകള്‍ പഠന, ഗവേഷണ അക്കാദമിക് കാര്യങ്ങള്‍ തുടങ്ങിയവയെക്കെ പുച്ഛിക്കുന്നവര്‍ നമുക്ക് ചുറ്റുമുണ്ടാവും. എങ്ങനെയാണ് ഈ ദുരിതം നേരിടുക? ഇത്തരക്കാരെ കുറ്റപ്പെടുത്തിയിട്ടോ അവരോട് വെറുപ്പ് തോന്നിയുട്ടോ കാര്യമില്ല. കാരണം പലരും പല കാഴ്ചപ്പാടുകാരാണ്. അവരുടെ വാക്കിലും പ്രവര്‍ത്തിയിലും അത് പ്രകടമായികൊണ്ടിരിക്കും.നമ്മള്‍ സ്വയം പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയാണ് വേണ്ടത്.
എല്ലാവരും നമ്മെ അംഗീകരിക്കണമെന്ന മനോഭാവം പാടെ വെടിയണം. ഈ ആശയം ഉള്‍കൊണ്ടാല്‍ ഒരു തിരസ്‌കാരത്തിനും നമ്മെ തോല്‍പ്പിക്കാനാവില്ല. നമ്മുടെ ആശയങ്ങളും പ്രവൃത്തികളും എത്ര നന്നായാലും ശരി അതിനെ പരിഹസിക്കുന്നവരുണ്ടാകും.
കോഴി അടയിരിക്കുമ്പോള്‍ ചിലപ്പോള്‍ ഒരു താറാവ് മുട്ട കൂടി നമ്മള്‍ വെച്ച് കൊടുക്കും അതും കൂട്ടത്തില്‍ വിരിഞ്ഞ് വരും. പക്ഷെ കോഴികള്‍ അതിനെ കൊത്തി കൊത്തി ഒരു പരുവത്തിലാക്കും. പാടത്തോ പറമ്പിലോ വല്ല താറാവ് കൂട്ടങ്ങളുമുണ്ടെങ്കില്‍ അവരൊടൊപ്പം ചേര്‍ന്നാല്‍ അതിന് സുഖമായി കഴിയാം. കൂട്ടത്തില്‍ ചേരലാണ് വളര്‍ച്ചയുടെ വളവും വഴിയും. സമാന മനസ്സുള്ളവരുടെ ഇടയിലേക്ക് മാറുകയോ അവരുമായി ബന്ധം സ്ഥാപിക്കുകയോ ചെയ്താല്‍ ഈ പ്രശ്‌നം പരിഹരിക്കാം. അവരുടെ പ്രോത്സാഹനങ്ങള്‍ നമ്മെ പുരോഗതിയുടെ പടവുകള്‍ കയറാന്‍ സഹായിക്കും.
പരുന്തിനെപ്പോലെ പറക്കണമെങ്കില്‍ ടര്‍ക്കി കോഴികളുമായുള്ള സഹവാസം വെടിയണം. ഇതാണ് കഴിഞ്ഞ് പോയ എല്ലാ പ്രതിഭാശാലികളുടേയും കാഴ്ചപ്പാട്. നമ്മുടെ കഴിവുകളെ മറ്റുള്ളവര്‍ പരിഹസിക്കുന്നതോ പരിഗണിക്കാതിരിക്കുന്നതോ അവഗണനയായി കാണാതിരിക്കാനുള്ള മനക്കരുത്ത് ഓരോര്‍ത്തരും നേടല്‍ പരമപ്രധാനമാണ്. എല്ലാവരും എന്നെ അംഗീകരിക്കണമെന്ന ശാഠ്യം മൗഢ്യമാണ്. ഈ മനോഭാവമുള്ളവര്‍ക്ക് ഇഷ്ടപ്പെട്ടതൊന്നുംചെയ്യാനാകാതെയും ചെയ്തതൊന്നും ഇഷ്ട്ടപ്പെടാതെയും ജീവിതം തള്ളിനീക്കേണ്ടിവരും.
സുരക്ഷിത മേഖല തേടല്‍ അവനവന്റെ ഉത്തരവാദിത്തമാണ്. പ്രതികൂല സാഹചര്യങ്ങളെ പിരാകിപ്പറഞ്ഞ് അവിടെ തന്നെ തുടരുന്നതും ലക്ഷ്യങ്ങളില്‍ നിന്ന് പിന്തിരിയുന്നതും വിജയികളുടെ ലക്ഷണമല്ല.
മുഹമ്മദ് നബി (സ) യെ മക്കകാര്‍ ശല്യം ചെയ്തപ്പോള്‍ മദീനയിലേക്ക് മാറി. പിന്നെ എന്തുണ്ടായി. ചരിത്രമാണതിനുത്തരം.