തിരുവനന്തപുരം- കിളിമാനൂരിലെ വീട്ടമ്മയുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ വിവരങ്ങള്‍ കൈമാറാന്‍ വാട്‌സ്ആപ്പിന്റെ ഇന്ത്യന്‍ കമ്പനിക്ക് അധികാരമില്ലെന്ന് കമ്പനിയുടെ ഇന്ത്യന്‍ പ്രതിനിധി കൃഷ്ണമോഹന്‍ ചൗധരി കോടതിയെ അറിയിച്ചു.
വാട്‌സ്ആപ്പ് സെര്‍വര്‍, ഫയല്‍ എന്നിവയുടെ നിയന്ത്രണം വാട്‌സ്ആപ്പ് ഇന്ത്യക്കില്ല. വിവരങ്ങള്‍ ലഭിക്കാന്‍ എന്താണ് ചെയ്യേണ്ടതെന്ന് പോലീസിന് ആവശ്യമാണെങ്കില്‍ ഉപദേശം നല്‍കാമെന്നും വാട്‌സ്ആപ്പിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. നിയമപരമായി രേഖകള്‍ കൈമാറിയേ തീരൂവെന്നും അല്ലാതെ ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും എ.പി.പി പ്രവീണ്‍കുമാര്‍ വാദിച്ചു. ഹരജിയില്‍ ഈ മാസം 17ന് കോടതി വിശദമായ വാദം കേള്‍ക്കും.
കിളിമാനൂരിലെ വീട്ടമ്മയുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസിന്റെ വിവരങ്ങള്‍ സൈബര്‍ പോലീസിന് അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എല്‍സ കാതറിന്‍ ജോര്‍ജ് മുമ്പാകെ ഹാജരാക്കാന്‍ കഴിഞ്ഞിരുന്നില്ല. വീട്ടമ്മയുടെ അശ്ലീല ചിത്രങ്ങള്‍ വാട്‌സ്ആപ്പിലൂടെ ആരാണ് ആദ്യം പ്രചരിപ്പിച്ചതെന്ന വിവരമാണ് സൈബര്‍ പോലീസ് ആരാഞ്ഞത്. ഈ വിവരം വ്യക്തിയുടെ സ്വകാര്യത ആയതിനാല്‍ നല്‍കാന്‍ പറ്റില്ലെന്നാണ് വാട്‌സ്ആപ്പിന്റെ നിലപാട്. അതേസമയം, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമ പ്രകാരം പോലീസ് അന്വേഷണത്തിന്റെ ഭാഗമായി ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കേണ്ടതുണ്ട്. ഈ വ്യവസ്ഥ ഉപയോഗിച്ചാണ് പോലീസ് ഹരജി നല്‍കിയത്.
പോലീസിന്റെ ആവശ്യം അംഗീകരിച്ച കോടതി വിവരങ്ങള്‍ ലഭ്യമാക്കാന്‍ വാട്‌സ്ആപ്പിന് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. കോടതി ഉത്തരവ് അവഗണിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ പ്രതിനിധിയോട് നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടത്.
നേരത്തേ ഫേസ്ബുക്കിനും ഇത്തരം നിര്‍ദേശം നല്‍കിയെങ്കിലും പ്രതിനിധികളാരും ഹാജരായിരുന്നില്ല. ഇതിനെതിരെ സമന്‍സ് അയക്കണമെന്ന സൈബര്‍ പൊലീസിന്റെ ഹരജി കോടതിയുടെ പരിഗണനയിലാണ്.
വാട്‌സ്ആപ്പില്‍ വലിയ മാറ്റം വരുന്നു; ഇതര ആപ്പുകളുടെ ചാറ്റും അനുവദിക്കും
VIDEO ഓടുന്ന ബസിലെ ദ്വാരത്തിലൂടെ യാത്രക്കാരി താഴേക്ക് വീണു
റെസിഡന്‍സി നടപടി പൂര്‍ത്തിയാക്കാന്‍ ഒരു മാസം മാത്രം, പതിനായിരം റിയാല്‍ വരെ പിഴ