Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

'മുസ്‌ലിം ഇസ്സത്ത് കൊടപ്പനക്കൽ തറവാട്ടിൽ പണയം വെക്കാനുള്ളതല്ല'; എസ്.ഐ.ഒയെ തിരുത്തി ജമാഅത്തെ ഇസ്‌ലാമി

- ഫാറൂഖ് കോളജിലെ വിവാദ ബോർഡ് മാറ്റിയെന്ന് നേതൃത്വം
കോഴിക്കോട് - രാമക്ഷേത്രവുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നടത്തിയ വിവാദ പ്രസ്താവനയ്‌ക്കെതിരേ രംഗത്തുവന്ന എസ്.ഐ.ഒയെ തിരുത്തി ജമാഅത്തെ ഇസ്‌ലാമി നേതൃത്വം. പാണക്കാട് സാദിഖലി തങ്ങളുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽനിന്ന് പ്രവർത്തകർ വിട്ടുനിൽക്കണമെന്നും എസ്.ഐ.ഒ ഫാറൂഖ് കോളേജ് ഇറക്കിയ ബാനർ ശ്രദ്ധയിൽപെട്ട ഉടനെ നേതൃത്വം ഇടപെട്ട് പിൻവലിപ്പിച്ചിട്ടുണ്ടെന്നും ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി അറിയിച്ചു.
 സോഷ്യൽ മീഡിയയിൽ ഇതുമായി ബന്ധപെട്ട പോസ്റ്റുകൾ, പരിഹാസങ്ങൾ എന്നിവ നമ്മുടെ ഭാഗത്ത് നിന്നും ഒരിക്കലും ഉണ്ടാകരുതെന്നും ജമാഅത്ത് നേതൃത്വം നിർദേശം നൽകി.


 അയോധ്യയിലെ രാമക്ഷേത്രവും നിർമിക്കാനിരിക്കുന്ന പുതിയ മസ്ജിദും മതേതരത്വത്തെ ശക്തിപ്പെടുത്തുമെന്ന പാണക്കാട് സാദിഖലി തങ്ങളുടെ പ്രസംഗം സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചയായിരുന്നു. ഇതിനെ ന്യായീകരിച്ചും എതിർത്തും ഒട്ടേറെ പേർ രംഗത്തുവന്നതിന് പിന്നാലെ 'മുസ്‌ലിംകളുടെ ഇസ്സത്ത് കൊടപ്പനക്കൽ തറവാട്ടിൽ പണയം വെക്കാനുള്ളതല്ല' എന്ന സന്ദേശവുമായി എസ്.ഐ.ഒ ഫാറൂഖ് കോളജ് യുണിറ്റ് കോളജ് കവാടത്തിൽ ബോർഡ് സ്ഥാപിക്കുകയായിരുന്നു. 'പാണക്കാട്ടെ മക്കൾക്ക് പൈതൃകം പറഞ്ഞ് ഊറ്റം കൊള്ളാം, നീതിക്കായി നേരിന്റെ വിദ്യാർത്ഥിത്വം തെരുവിൽ തന്നെ തുടരുമെന്നും' എസ്.ഐ.ഒ ബോർഡിൽ വ്യക്തമാക്കിയിരുന്നു. ഇതിനെതിരേയാണ് മാതൃസംഘടന വിദ്യാർത്ഥി വിഭാഗത്തിനും അണികൾക്കും നിർദേശം നൽകിയത്.


 എന്നാൽ, പാണക്കാട് സാദിഖലി തങ്ങളുടെ നിലപാടിനൊപ്പം നിൽക്കുന്നവർ എസ്.ഐ.ഒയുടെ ബോർഡിനെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശങ്ങളുമായി രംഗത്തുവന്നിരുന്നു. ലീഗുകാർക്ക് ഇസ്സത്തിനെക്കുറിച്ച് ക്ലാസ്സെടുക്കുന്ന ജമാഅത്ത് വിദ്യാർത്ഥി സംഘടനയോടാണ് പറയുന്നത് എന്നു പറഞ്ഞായിരുന്നു പ്രതികരണം.
 'നിങ്ങളീ നാട്ടിയ ബാനറിന്റെ പിന്നിലെ രാജാ ഗേറ്റുണ്ടല്ലോ. ആ ഇസ്സത്ത് സമുദായത്തിന് സമർപ്പിച്ചത് മുസ്‌ലിംലീഗാണ്. ആ ഇസ്സത്തിന് വേണ്ടി ആദ്യമായി അപേക്ഷ കൊടുത്തത് ഞങ്ങളുടെ നേതാവ് ഖാഇദെ മില്ലത്താണ്. ആ ഇസ്സത്തിന് പാർട്ടി ഫണ്ടും പാർട്ടിയുടെ കാറും നൽകിയത് മുസ്‌ലിംലീഗാണ്. ആ ഇസ്സത്തിന് വേണ്ടി ഊണും ഉറക്കവുമില്ലാതെ ഓടിനടന്നത് ഞങ്ങളുടെ നേതാവ് സീതി സാഹിബാണ്. 
അന്ന് നിങ്ങളുടെ ഉപ്പൂപ്പാക്ക് പരീക്ഷയെഴുതുന്നത് ഹറാമായിരുന്നു, അന്ന് നിങ്ങളുടെ ഉപ്പൂപ്പ സർക്കാർ ജോലിക്ക് എതിരായിരുന്നു, അന്ന് നിങ്ങളുടെ ഉപ്പൂപ്പാക്ക് വോട്ട് ചെയ്യൽ ഹറാമായിരുന്നു, അന്ന് നിങ്ങളുടെ ഉപ്പൂപ്പാക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് നിഷിദ്ധമായിരുന്നു. 


 നിങ്ങളുടെ ഉപ്പൂപ്പമാർ സമുദായത്തെ ഇരുട്ടിൽ നിർത്തിയ കാലത്ത് ഞങ്ങളുടെ ബാഫഖി തങ്ങളും പൂക്കോയ തങ്ങളുമെല്ലാം വിദ്യാഭ്യാസ പ്രചാരണത്തിലായിരുന്നു. കൊടപ്പനക്കൽ തറവാട് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ളവരുടെ ലിസ്റ്റ് പ്രഖ്യാപിക്കുന്ന തിരക്കിലായിരുന്നു. പാണക്കാട്ടെ തങ്ങന്മാർ നാടുനീളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തറക്കല്ലിടുകയായിരുന്നു. നിയമ നിർമാണ സഭകളിലേക്ക് മത്സരിച്ചും സർക്കാർ ഉദ്യോഗങ്ങൾക്ക് പ്രാപ്തമാക്കിയും സമുദായത്തെ വെളിച്ചത്തിലേക്ക് നയിക്കുകയായിരുന്നു. പാണക്കാട്ടെ പൈതൃകത്തിൽ ഊറ്റം കൊണ്ട് തന്നെ ഞങ്ങൾ നിയമ നിർമാണ സഭകളിലും സർക്കാർ ഉദ്യോഗങ്ങളിലും ഇസ്സത്തോടെ തുടരും. സമുദായത്തിന്റെ വിഭവശേഷിയെ രാഷ്ട്രത്തിന് വേണ്ടി സമർപ്പിക്കും. അഭിമാനത്തോടെ ജീവിക്കും. ഒരു പരാതിയുമില്ല, നിങ്ങൾ കുത്തിത്തിരിപ്പുണ്ടാക്കിയും വാചകക്കസർത്ത് നടത്തിയും തെരുവിൽ തുടർന്നോളൂ.' എന്ന നിലയ്ക്ക് വ്യാപകമായ പ്രചാരണമാണ് സമൂഹമാധ്യമങ്ങളിലുണ്ടായത്.

 പ്രസ്താവന ഇപ്രകാരം: 
ബഹുമാന്യനായ സാദിഖ് അലി തങ്ങളുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽനിന്ന്
പ്രവർത്തകർ വിട്ടു നിൽക്കണം.
എസ്.ഐ.ഒ ഫാറൂഖ് കോളേജ് ഇറക്കിയ  ബാനർ ശ്രദ്ധയിൽപെട്ട ഉടനെ നേതൃത്വം ഇടപെട്ട് പിൻവലിപ്പിച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ ഇതുമായ ബന്ധപെട്ട പോസ്റ്റുകൾ,പരിഹാസങ്ങൾ എന്നിവ നമ്മുടെ ഭാഗത്ത് നിന്നും ഒരിക്കലും ഉണ്ടാകരുത്.

സെക്രട്ടറി
ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള

Latest News