ജിദ്ദ - ജിദ്ദ സെന്‍ട്രല്‍ പച്ചക്കറി മാര്‍ക്കറ്റില്‍ വാങ്ങല്‍, വില്‍പന ലക്ഷ്യങ്ങളോടെ വിദേശികള്‍ പ്രവേശിക്കുന്നത് മക്ക പ്രവിശ്യ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ ശാഖക്കു കീഴിലെ പബ്ലിക് മാര്‍ക്കറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വിലക്കി. വാങ്ങല്‍, വില്‍പന ലക്ഷ്യത്തോടെ മാര്‍ക്കറ്റിലെത്തുന്ന വിദേശികള്‍ സ്‌പോണ്‍സറെ ഒപ്പംകൂട്ടല്‍ നിര്‍ബന്ധമാണ്. പച്ചക്കറി മാര്‍ക്കറ്റില്‍ സൗദിവല്‍ക്കരണ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ ശ്രമിച്ചാണ് പുതിയ വ്യവസ്ഥ ബാധകമാക്കുന്നതെന്ന് പബ്ലിക് മാര്‍ക്കറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.
പച്ചക്കറി മാര്‍ക്കറ്റില്‍ വിദേശികളെ വിലക്കാനുള്ള സുധീരമായ തീരുമാനത്തെ മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്ന സൗദി വ്യാപാരികള്‍ സ്വാഗതം ചെയ്തു. വിദേശികളെ വിലക്കാന്‍ മാര്‍ക്കറ്റില്‍ നിരന്തരവും ശക്തവുമായ പരിശോധനകള്‍ നടത്തണമെന്ന് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തോട് ഇവര്‍ ആവശ്യപ്പെട്ടു. ബന്ധപ്പെട്ട വകുപ്പുകളുടെ കണ്‍മുന്നില്‍ ആയിരക്കണക്കിന് വിദേശികളാണ് നേരത്തെ പച്ചക്കറി മാര്‍ക്കറ്റില്‍ വില്‍പന മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്നത്. ഡ്രൈവര്‍ പ്രൊഫഷനിലുള്ള വിദേശികള്‍ വരെ മാര്‍ക്കറ്റിലെത്തി പഴവര്‍ഗങ്ങളും പച്ചക്കറികളും മൊത്തമായി വാങ്ങിയ ശേഷം മാര്‍ക്കറ്റിന്റെ മറ്റു ഭാഗങ്ങളില്‍ യാതൊരുവിധ ഭയവും കൂടാതെ വില്‍പന നടത്തിയിരുന്നു.