തിരുവനന്തപുരം - സ്വകാര്യ വിദേശ സർവകലാശാല വിഷയത്തിൽ പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. 15 വർഷം മുമ്പ് ഞങ്ങൾ സ്വകാര്യ സർവകലാശാലകൾ വേണമെന്ന് പറഞ്ഞപ്പോൾ എതിർത്തവരാണ് ഇപ്പോൾ അത് അംഗീകരിക്കുന്നത്. അത് തുറന്നുപറയാൻ മടി എന്തിനാണെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
സത്യം സത്യമായി അംഗീകരിക്കണം. വിദേശത്ത് പഠിക്കാൻ പോകുന്നവർക്ക് ഇവിടെ സൗകര്യമൊരുക്കി കൊടുക്കുന്നതിൽ എന്ത് തെറ്റാണുള്ളത്? ഇവർക്ക് ബുദ്ധി 15 വർഷം കഴിഞ്ഞേ ഉദിക്കുകയുള്ളൂ. കമ്പ്യൂട്ടറിന്റെ കാര്യത്തിലും ട്രാക്ടറിന്റെ കാര്യത്തിലും ഉദിച്ച ബുദ്ധി തന്നെയാണ് ഇപ്പോഴും ഉദിച്ചിരിക്കുന്നത്. ആളുകളെ കബളിപ്പിക്കുന്ന പരിപാടിയാണ് ഇതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
ഇടതുപക്ഷത്തിന്റെ ഡൽഹി സമരം തെരഞ്ഞെടുപ്പ് സ്റ്റണ്ടാണ്. ധനകാര്യ മാനേജ്‌മെന്റ് നടത്തിയ പരാജയമാണ് കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. കേന്ദ്രസഹായം കിട്ടണം എന്നത് ഒരു കാര്യം മാത്രമാണ്. എന്നാൽ സംസ്ഥാന സർക്കാരിന്റെ ധൂർത്താണ് നിലവിലെ സാമ്പത്തിക തകർച്ചക്ക് കാരണം. പാർലമെന്റ് തിരഞ്ഞെടുപ്പ് പടിവാതിക്കൽ എത്തുമ്പോഴാണ് സമരം ആരംഭിക്കുന്നത്. അതിനോട് തങ്ങൾക്ക് യോജിപ്പില്ലെന്നും ചെന്നിത്തല പറഞ്ഞു. കെ.എസ്.ഐ.ഡി.സിയുടെ ഓഫീസിൽ എസ്.എഫ്.ഐ.ഒ നടത്തുന്ന പരിശോധനയിലൂടെ മുഖ്യമന്ത്രിയുടെ മകൾക്കെതിരായ മാസപ്പടി ആരോപണത്തിലെ വസ്തുതകൾ പുറത്തുവരട്ടെ എന്നും അദ്ദേഹം ചോദ്യങ്ങളോടായി പ്രതികരിച്ചു.