Sorry, you need to enable JavaScript to visit this website.

റിമി ടോമിയുടെ പാട്ടുകേള്‍ക്കാനെത്തിയ യുവാവിനെ 'കൈകാര്യം' ചെയ്ത പോലീസ് പുതിയ കഥയുമായി രംഗത്ത്

 

കല്‍പറ്റ- വ്യവസായി ബോബി ചെമ്മണ്ണൂര്‍ പുതുവത്സരാഘോഷത്തിന്റെ ഭാഗമായി  ഗായിക റിമി ടോമിയെ പങ്കെടുപ്പിച്ച് വയനാട്ടിലെ മേപ്പാടി ചുളുക്കയില്‍ അദ്ദേഹത്തിന്റെ മുഖ്യ ഉടമസ്ഥതയിലുള്ള എസ്‌റ്റേറ്റിലെ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ഗാനമേള ആസ്വദിക്കാന്‍ പയ്യോളിയില്‍നിന്നു എത്തിയ യുവാവിനെ 'കൈകാര്യം' ചെയ്ത പോലീസ് പുതുകഥയുമായി രംഗത്ത്. പോലീസിനു പിടികൊടുക്കാതെ ഓടുന്നതിനിടെ കുഴിയില്‍ വീണാണ് യുവാവിനു പരിക്കേറ്റതെന്നാണ് പോലീസ് രേഖയില്‍.
പയ്യോളി കൊളാരിത്താഴെ റഹിമിന്റെ മകന്‍ മുഹമ്മദ് ജാസിഫിനാണ് ചുളുക്കയില്‍ ദുരനുഭവം ഉണ്ടായത്. റിമിയുടെ പാട്ടുകേള്‍ക്കാനെത്തിയ ജാസിഫിന് പോലീസിന്റെ ക്രൂര മര്‍ദനമാണ് ഏല്‍ക്കേണ്ടിവന്നത്. ഇത് വിവാദമായിരിക്കെയാണ് ജാസിഫിനു കുഴിയില്‍ വീണു പരിക്കേറ്റുവെന്ന എഫ്.ഐ.ആര്‍ വിവരം പുറത്തുവന്നത്.
ഡിസംബര്‍ 31ന് അര്‍ധരാത്രി ഗാനമേള കഴിഞ്ഞ് ആസ്വാദകര്‍ പിരിയുന്നതിനിടെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയിരുന്നു. പോലീസിന്റെ അടിയും പുലഭ്യവും ഒഴിവാക്കുന്നതിന് ഒപ്പമുണ്ടായിരുന്നവരടക്കം ഗ്രൗണ്ടിനു പുറത്തേക്ക് പാഞ്ഞെങ്കിലും ജാസിഫിന് ഓടാനായില്ല. 2020ല്‍ ബൈക്ക് അപകടത്തില്‍ ഇടതുകാല്‍മുട്ടിന് ഗുരുതര പരിക്കേറ്റ ആസിഫിന് ഓടാന്‍ കഴിയുമായിരുന്നില്ല. സദസിന്റെ മുന്‍ ഭാഗത്തായിരുന്ന ജാസിഫ് ലാത്തിയടി ഭയന്ന് ഓടാത്തതില്‍ കുപിതരായ പോലീസ് മര്‍ദനം തുടങ്ങുകയായിരുന്നു. മേപ്പാടി പോലീസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലായിരുന്നു പോലീസ്.
തലയ്ക്കടിയേറ്റ് വീണ ജാസഫിന്റെ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും മര്‍ദനമേറ്റു. ചോരചിന്തി ഗുരുതരാവസ്ഥയിലായ യുവാവി സ്ഥലത്തുണ്ടായിരുന്നവര്‍ നിര്‍ബന്ധിച്ചതിനെത്തുര്‍ന്നാണ് മേപ്പാടി നസീറ നഗറിലെ ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇവിടെനിന്നു കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. അവിടെ 11 ദിവസം ചികിത്സയിലായിരുന്ന ജാസിഫ് പരസഹായമില്ലാതെ ശുചിമുറിയില്‍ പോകാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് ഇപ്പോഴും. മര്‍ദനം മൂലം ഉണ്ടായ തലചുറ്റല്‍ മാറിയിട്ടില്ല. കൈ ഉയര്‍ത്താന്‍  കഴിയുന്നില്ല.
മറ്റൊരാളുമായി  ഗ്രൗണ്ടില്‍ കലഹിക്കുന്നതുകണ്ട് അടുത്തെത്തിയപ്പോള്‍ ജാഫിസ് ഓടിമാറുകയും കുഴിയില്‍ വീണ് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ്  എഫ്.ഐ.ആറില്‍ പറയുന്നത്.
സംഭവത്തില്‍ നട്ടാല്‍ കിളിര്‍ക്കാത്ത നുണയാണ് പോലീസ് പറയുന്നതെന്ന് പയ്യോളിയില്‍ രൂപീകരിച്ച ആക് ഷന്‍ കമ്മിറ്റി കണ്‍വീനര്‍ വേണുഗോപാല്‍ കുനിയില്‍, മഠത്തില്‍ അബ്ദുറഹ്മാന്‍, ഗോപാലന്‍ കാര്യാട്ട്, ജാസിഫിന്റെ പിതാവ് റഹിം എന്നിവര്‍ കല്‍പറ്റയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ജാസിഫിന് നീതി ലഭ്യമാക്കുന്നതിന് ഹൈക്കോടതിയില്‍  കേസ് ഫയല്‍ ചെയ്യാനുള്ള ഒരുക്കത്തിലാണ് കുടുംബം. ജാസിഫിനെ മര്‍ദിച്ച പോലീസുകാര്‍ക്കു പുറമേ മാനദണ്ഡങ്ങള്‍ പാലിക്കാതെയും സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തിയും പുതുവത്സരാഘോഷം സംഘടിപ്പിച്ച ബോബി ചെമ്മണ്ണൂരിനെയും കേസില്‍ എതിര്‍കക്ഷിയാക്കുമെന്ന് ജാസിഫിന്റെ പിതാവ് പറഞ്ഞു. കേസ് നടത്തിപ്പില്‍ ആക്ഷന്‍ കമ്മിറ്റിയുടെ പൂര്‍ണ പിന്തുണ ജാസിഫിന് ഉണ്ടാകുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

 

Latest News