ജിദ്ദ - അമേരിക്കയുടെ സാമ്പത്തിക തലസ്ഥാനവും ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട വാണിജ്യ, ധന കേന്ദ്രങ്ങളില്‍ ഒന്നുമായ ന്യൂയോര്‍ക്കില്‍ ഓഫീസ് തുറന്ന് നിയോം. അമേരിക്കയിലെ സൗദി അംബാസഡര്‍ റീമ ബിന്‍ത് ബന്ദര്‍ രാജകുമാരിയും നിയോം സി.ഇ.ഒ എന്‍ജിനീയര്‍ നദ്മി അല്‍നസ്‌റും നിയോം പങ്കാളികളും അമേരിക്കന്‍ വ്യവസായികളും ചടങ്ങില്‍ സംബന്ധിച്ചു. നിയോം പദ്ധതി നല്‍കുന്ന അവസരങ്ങളുടെ സ്വാധീനം സൗദിയില്‍ മാത്രമല്ല, മേഖലാ, ആഗോള പരിസരങ്ങളിലേക്കും വ്യാപിക്കുന്നതായി റീമ രാജകുമാരി പറഞ്ഞു. നവീകരണത്തിനും സുസ്ഥിര വികസനത്തിനും സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തിനുമുള്ള ഒരു ഉത്തേജനം എന്ന നിലയില്‍, നിയോം ലോകമെമ്പാടുമുള്ള അഭിലാഷ പദ്ധതികള്‍ക്കുള്ള പ്രചോദനത്തെ പ്രതിനിധീകരിക്കുന്നു. ഇത് ഭാവി നഗരങ്ങള്‍ക്ക് ഒരു അതുല്യ മാതൃകയാണെന്നും റീമ രാജകുമാരി പറഞ്ഞു.
നിയോമിന്റെ കാഴ്ചപ്പാട് കൈവരിക്കാനുള്ള ശ്രമങ്ങളെ പിന്തുണക്കാന്‍ കഴിയുന്ന അന്തര്‍ദേശീയ പങ്കാളികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതിന്റെ പ്രാധാന്യത്തില്‍ തങ്ങള്‍ക്ക് വിശ്വാസമുണ്ടെന്ന് എന്‍ജിനീയര്‍ നദ്മി അല്‍നസ്ര്‍ പറഞ്ഞു. ഈ കാഴ്ചപ്പാടില്‍ നിന്നാണ് രണ്ടാമത്തെ അന്താരാഷ്ട്ര ഓഫീസ് തുറക്കാന്‍ ന്യൂയോര്‍ക്ക് നഗരം തെരഞ്ഞെടുത്തത്. നിരവധി അമേരിക്കന്‍ കമ്പനികളുമായി നിയോം നിക്ഷേപവും പങ്കാളിത്തവും ശക്തമാക്കിയിട്ടുണ്ട്. അമേരിക്കയിലെ വ്യവസായ, ബിസിനസ് മേഖലകളുമായുള്ള നിക്ഷേപ ബന്ധങ്ങള്‍ വര്‍ധിപ്പിക്കാനാണ് പുതിയ ഓഫീസിലൂടെ ആഗ്രഹിക്കുന്നതെന്നും എന്‍ജിനീയര്‍ നദ്മി അല്‍നസ്ര്‍ പറഞ്ഞു.
നിയോമിലെ ഓക്‌സാജനില്‍ ലോകത്തെ ഏറ്റവും വലിയ കാര്‍ബണ്‍രഹിത ഗ്രീന്‍ ഹൈഡ്രജന്‍ ഫാക്ടറി സ്ഥാപിക്കാന്‍ നിയോമും അമേരിക്കന്‍ കമ്പനിയായ എയര്‍ പ്രൊഡക്ട്‌സും സൗദി കമ്പനിയായ അക്വാപവറും പ്രവര്‍ത്തിച്ചുവരികയാണ്. 31.5 ബില്യണ്‍ റിയാല്‍ (8.4 ബില്യണ്‍ ഡോളര്‍) നിക്ഷേപത്തോടെയുള്ള പദ്ധതി അന്താരാഷ്ട്ര പങ്കാളികളുമായി ചേര്‍ന്ന് നിയോം നടപ്പാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയാണ്. നിയോമിലും ലോകമെമ്പാടും ഉപയോഗിക്കാവുന്ന സുസ്ഥിര സാങ്കേതികവിദ്യകള്‍ സ്വീകരിക്കാനും വാണിജ്യവല്‍ക്കരിക്കാനും അമേരിക്കന്‍ കമ്പനികളുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്താനും പുതിയ പങ്കാളിത്തങ്ങള്‍ സ്ഥാപിക്കാനും നിയോമിന്റെ ന്യൂയോര്‍ക്ക് ഓഫീസ് പ്രവര്‍ത്തിക്കും.
നിയോം തുറക്കുന്ന രണ്ടാമത്തെ അന്താരാഷ്ട്ര ഓഫീസ് ആണ് ന്യൂയോര്‍ക്കിലെത്. ബ്രിട്ടനിലും യൂറോപ്പിലുടനീളവും നിയോമിന്റെ ബിസിനസിനെ പിന്തുണക്കാനും പാര്‍ട്ണര്‍മാരുമായും നിക്ഷേപകരുമായും ബന്ധപ്പെട്ട വകുപ്പുകളുമായും ഫലപ്രദമായ പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കാനും ആദ്യ ഓഫീസ് 2023 നവംബറില്‍ ലണ്ടനില്‍ തുറന്നിരുന്നു. മാന്‍ഹാട്ടനിലെ ഹഡ്‌സണ്‍ യാര്‍ഡ്‌സ് 50 ടവറിലാണ് നിയോം ഓഫീസ് തുറന്നിരിക്കുന്നത്. അമേരിക്കയിലെ നിയോം ഓഫീസ് ഡയറക്ടര്‍ സ്ഥാനം ബോബ് സ്റ്റെഫനോവ്‌സ്‌കി ഏറ്റെടക്കും. പ്രമുഖ ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ മാനേജറായ ബോബ് സ്റ്റെഫനോവ്‌സ്‌കി നേരത്തെ ജനറല്‍ ഇലക്ട്രിക്, യു.ബി.എസ്, ത്രി ഐ ഗ്രൂപ്പ് പി.എല്‍.സി എന്നിവയില്‍ നേതൃസ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.