Sorry, you need to enable JavaScript to visit this website.

തലശ്ശേരിയെയും മാഹിയെയും മറക്കാം

ഏറെ കാത്തിരുന്ന തലശ്ശേരി - മാഹി ബൈപാസ് രണ്ടു മാസത്തിനകം ഉദ്ഘാടനം ചെയ്യും. ഇതോടെ ദേശീയ പാത വഴി കടന്നു പോകുന്ന വാഹനങ്ങൾ ഇടുങ്ങിയ റോഡുകളുള്ള രണ്ടിടങ്ങളേയും ഒഴിവാക്കും. തലശ്ശേരി നഗരത്തിൽ നിന്ന് നാലഞ്ച് കിലോ മീറ്റർ അകലെയാണ് ബൈപാസ്. ഭാവിയിൽ രണ്ടു നഗരങ്ങളേയും പൈതൃക ടൂറിസത്തിന് ഉപയോഗപ്പെടുത്താം. സഞ്ചാരികൾക്കായി മിനി ബസുകൾ ഏർപ്പെടുത്തുകയുമാവാം. 
 

 

കേരളത്തിൽ രണ്ടിടത്താണ് ഇപ്പോൾ കാര്യമായ വികസന പ്രവർത്തനങ്ങൾ നടന്നു വരുന്നത്. രണ്ടും കേന്ദ്ര സർക്കാരിന് കീഴിൽ വരുന്ന സ്ഥാപനങ്ങൾ. റെയിൽവേ സ്റ്റേഷനുകളിൽ പലതും ചരിത്രത്തിലാദ്യമായി രൂപമാറ്റത്തിന് വിധേയമാവുകയാണ്. ബ്രിട്ടീഷുകാർ വീണ്ടുമെത്തിയാൽ പെട്ടെന്ന് തിരിച്ചറിയാനാവില്ല മലബാർ പ്രദേശത്തെ സ്റ്റേഷനുകൾ. അവർ പോയ ശേഷം ഒരിഞ്ച് റെയിലിന് ദൈർഘ്യമോ സ്‌റ്റേഷനുകൾക്ക് മാറ്റമോ വരാത്ത മേഖലയാണല്ലോ ഉത്തര കേരളം. തലശ്ശേരി, മാഹി, വടകര സ്‌റ്റേഷനുകളെല്ലാം തിരക്കിട്ട് ആധുനികവൽക്കരിക്കകുയാണ്. കാസർകോട്, തിരൂർ, പയ്യന്നൂർ, ഷൊർണൂർ തുടങ്ങിയ കേന്ദ്രങ്ങളും മാറുന്നു. പാലക്കാട് ജംഗ്ഷനെന്നറിയപ്പെടുന്ന ഒലവക്കോട് ആകർഷകമായ പുതിയ ഭാവം കൈവരിച്ചിട്ട് കുറച്ചു കാലമായി. തിരക്കേറിയ എറണാകുളം നോർത്ത്, എറണാകുളം ജംഗ്ഷൻ സ്‌റ്റേഷനുകളിൽ യാത്രക്കാർ കുറച്ചൊന്നുമല്ല അസൗകര്യം അനുഭവിക്കുന്നത്. ആകെ ആശ്വാസം പുറത്തു പ്രദർശിപ്പിച്ച നിലവിലെ സ്‌റ്റേഷന്റേയും വരാനിരിക്കുന്ന സ്‌റ്റേഷന്റേയും രൂപരേഖ കാണുമ്പോഴാണ്. മലബാറിന്റെ ആസ്ഥാന നഗരമായ കോഴിക്കോട്ട് അന്താരാഷ്ട്ര നിലവാരത്തിൽ സ്‌റ്റേഷൻ വരുന്നുണ്ട്. പത്ത് വർഷം മുമ്പ് പ്രഖ്യാപിക്കപ്പെട്ട പദ്ധതി ഇത്രയും വൈകിയതിന് പിന്നിൽ നമ്മുടെ ജനപ്രതിനിധികളുടെ മിടുക്ക് കാര്യമായ പങ്ക് വഹിച്ചിട്ടുണ്ട്. ചെന്നൈക്കൊപ്പം അന്താരാഷ്ട്ര നിലവാരത്തിലുയർത്താൻ കേന്ദ്ര സർക്കാർ യു.പി.എ കാലത്ത് പ്രഖ്യാപിച്ച ഏക സ്റ്റേഷൻ കോഴിക്കോടായിരുന്നു. ഇപ്പോൾ തുടങ്ങുമെന്നാണ് പറഞ്ഞതെങ്കിലും നടന്നാൽ മതിയായിരുന്നുവെന്ന് ആഗ്രഹിക്കുന്നവരാണ് ഏറെയും. വോട്ടെടുപ്പ് അടുക്കുമ്പോൾ മാത്രം ഇത്തരം കാര്യങ്ങളോർക്കുന്നവരാണ് ജനപ്രതിനിധികൾ. 
അടുത്ത കാലത്തായി വാർത്താ മാധ്യമങ്ങളിൽ ഇടം പിടിച്ച പ്രധാന വിഷയമാണ് മലബാർ പ്രദേശത്തെ ട്രെയിനുകളിൽ അനുഭവപ്പെടുന്ന അത്യപൂർവമായ തിരക്ക്, പ്രത്യേകിച്ച് കോഴിക്കോടിനും കണ്ണൂരിനുമിടയിൽ. 
പണ്ടൊക്കെ കോഴിക്കോട്-തിരൂർ റൂട്ടിലാണ് തിരക്കേറെ കണ്ടിരുന്നത്. അതിനൊരു കാരണവുമുണ്ട്. തെക്കേ മലബാറിലെ വലിയ പുഴകൾക്ക് റോഡ് പാലമുണ്ടായിരുന്നില്ല. റോഡ് യാത്രക്ക് കൂടുതൽ സമയം ആവശ്യമായി വന്നു. കൽക്കരി എൻജിൻ ഘടിപ്പിച്ച ലോക്കൽ ട്രെയിൻ അന്നൊക്കെ തിരൂരിൽ നിന്ന് പുറപ്പെട്ട് എല്ലായിടത്തും നിർത്തി കോഴിക്കോട്ടെത്തിയിരുന്നത് ഒരു മണിക്കൂറെടുത്താണ്. എന്നാൽ എക്‌സ്പ്രസ് ട്രെയിനുകൾ നാൽപത് മിനിറ്റിൽ താഴെ സമയമെടുത്തും കോഴിക്കോട്ടെത്തുമായിരുന്നു. സ്വകാര്യ ബസുകൾ തിരൂർ കോഴിക്കോട് റൂട്ടിൽ രണ്ടു മണിക്കൂർ എടുത്ത് താനൂർ,  പരപ്പനങ്ങാടി, ചെമ്മാട്, യൂനിവേഴ്‌സിറ്റി, രാമനാട്ടുകര  വഴിയായിരുന്നു അക്കാലത്തെ യാത്ര.
പിന്നീടാണ് വടക്കേ മലബാറിലെ പോലെ റെയിൽവേ ലൈനിന് സമാന്തരമായി തിരൂർ-കോഴിക്കോട് റൂട്ടിൽ ബസിന് യാത്ര ചെയ്യാമെന്നായത്. പരപ്പനങ്ങാടിയിൽ നിന്ന് കോട്ടക്കടവ് പാലം വഴിയും കടലുണ്ടി പാലം വഴിയും ഇപ്പോൾ റോഡ് മാർഗം എളുപ്പം കോഴിക്കോട്ടെത്താമെന്നായി. 1980 കളിൽ കോഴിക്കോട്ടു നിന്ന് പരപ്പനങ്ങാടി, വള്ളിക്കുന്ന് പ്രദേശങ്ങളിലെത്താൻ പോലും ആളുകൾ ട്രെയിനുകളെയാണ് ആശ്രയിച്ചിരുന്നത്. അതേസമയം, വടക്കോട്ടുള്ള യാത്ര റോഡിൽ വളരെ എളുപ്പമായിരുന്നു. കോഴിക്കോട്-കണ്ണൂർ സ്വകാര്യ ബസുകൾക്ക് ഓടിയെത്താൻ ആർടിഎ അനുവദിച്ചിരുന്നത് രണ്ടര മണിക്കൂറും തലശ്ശേരിക്ക് രണ്ടു മണിക്കൂറും വടകരയ്ക്ക് ഒന്നേ കാൽ മണിക്കൂറുമായിരുന്നു. നാലോ ആറോ റെയിൽവേ ഗെയിറ്റുകൾ വഴിയിലുടനീളമുണ്ടായിരുന്നു. വടകര ഒരു മണിക്കൂറിലും തലശ്ശേരിയിൽ ഒന്നര മണിക്കൂറിലും കണ്ണൂരിൽ രണ്ടു 

മണിക്കൂറിലും എത്തിയവയായിരുന്നു വടക്കൻ കേരളത്തിലെ പറക്കും സ്വകാര്യ ബസുകൾ. ഇവരെ നിയന്ത്രിക്കാൻ എലത്തൂരിലും പയ്യോളിയിലുമുള്ള പോലീസ് സ്‌റ്റേഷനുകളിൽ ഒപ്പിടുന്ന സംവിധാനം വരെ ഏർപ്പെടുത്തേണ്ടി വന്നു. പിൽക്കാലത്ത് ഒ. രാജഗോപാൽ കേന്ദ്ര റെയിൽവേ സഹമന്ത്രിയായ വേളയിൽ കാസർകോട് മുതൽ പാലക്കാട് വരെ എല്ലാ സ്ഥലത്തും റെയിൽവേ മേൽപാലം പണിയാൻ ഫണ്ട് അനുവദിക്കുകയും ചെയ്തു. എന്നാൽ 2001 ന് ശേഷം പഴയ വേഗത്തിൽ കോഴിക്കോട്-കണ്ണൂർ റൂട്ടിൽ സ്വകാര്യ ബസുകൾക്ക് ഓടിയെത്താൻ സാധിച്ചിരുന്നില്ല. കോവിഡിന് ശേഷം കാര്യങ്ങൾ കുറച്ചു കൂടി പ്രയാസമുള്ളതായി. സമ്പർക്കമൊഴിവാക്കി യാത്ര ചെയ്യാൻ പലരും പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കാതെയായി. കോഴിക്കോട്-തലപ്പാടി വഴി മുംബൈ  വരെ നീളുന്ന ദേശീയ പാത 66 നിറയെ സ്വകാര്യ വാഹനങ്ങൾ. മുമ്പെങ്ങുമില്ലാത്ത വിധം പട്ടണ പ്രദേശങ്ങളിൽ ഇരു ചക്ര വാഹനങ്ങളുടെ ആധിക്യവും. അതിനിടയ്ക്കാണ് കേന്ദ്ര ദേശീയ പാത അതോറിറ്റി ഫോർ ലൈൻ ട്രാഫിക് സാധ്യമാവും വിധം റോഡ് വീതി കൂട്ടാൻ തുടങ്ങിയത്. കേരളമാകെ ഈ പണി നടക്കുന്നുണ്ടെങ്കിലും കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ഏറെ മുന്നോട്ടു പോയത്. പഴയ ദേശീയ പാത ഒരിടത്തും കാണാനില്ല. റോഡിൽ അഗാധ ഗർത്തങ്ങൾ. പേരിന് സിംഗിൾ ലൈൻ പാത കാണാവുന്ന പോയന്റുകളുമുണ്ട്. എല്ലായിടത്തും വഴി തിരിച്ചു വിടുന്ന ബോർഡുകളും. 
ഇരുപതിൽ കൂടുതൽ സ്പീഡെടുത്ത് ആർക്കും ദേശീയ പാത വഴി ആർക്കും യാത്ര ചെയ്യാനാവില്ല. 
റോഡ് പണിയുടെ ഫലമായി ആളുകൾ റോഡ് യാത്ര ഉപേക്ഷിച്ചു തുടങ്ങി. കോഴിക്കോട്-കണ്ണൂർ അഞ്ച് മണിക്കൂർ, തലശ്ശേരി മൂന്നര മണിക്കൂർ, വടകര രണ്ടര മണിക്കൂർ എന്നൊക്കെയായി റോഡിലെ പുതിയ കണക്ക്. ഇതിന്റെ പ്രതികരണം പെട്ടെന്ന് പ്രകടമായത് വടക്കേ മലബാറിലേക്ക് സർവീസ് നടത്തുന്ന ട്രെയിനുകളിലാണ്. വാഗൺ ട്രാജഡിയായാലും മോഹാലസ്യപ്പെട്ടു വീഴാനാണ് വിധിയെങ്കിലും ആളുകൾ ട്രെയിനുകളിലെ വിരലിലെണ്ണാവുന്ന ജനറൽ കംപാർട്ടുമെന്റുകളെ ആശ്രയിച്ചു തുടങ്ങി. 
കാസർകോട് ജില്ലയിലും മറ്റും നിർമാണം പൂർത്തിയായ ഭാഗത്ത് ആറുവരിപ്പാതയിൽ യാത്ര ചെയ്യാൻ അനുവദിക്കാനാണ് അധികൃതർ ആലോചിക്കുന്നത്. തിരക്കിട്ട് പണി പൂർത്തിയായ മറ്റൊരു ഭാഗമാണ് തലശ്ശേരി-മാഹി ബൈപാസ്. കോഴിക്കോട് ജില്ലയിലെ അഴിയൂരിനടുത്ത കുഞ്ഞിപ്പള്ളിയിൽ നിന്നാണ് ഈ ബൈപാസ് തുടങ്ങുന്നത്. മാഹി, തലശേരി നഗരങ്ങളെ അകലെ വെച്ച് മറി കടന്ന് കണ്ണൂർ റോഡിൽ മുഴപ്പിലങ്ങാട്ടാണ് ഈ ബൈപാസ് വന്നു ചേരുന്നത്. ചുരുങ്ങിയത് നാൽപത് വർഷം മുമ്പെങ്കിലും യാഥാർഥ്യമാകേണ്ട പദ്ധതിയാണിത്. കോഴിക്കോട് ജില്ലയിലെ വടകരയിൽ ദേശീയ പാതയ്ക്ക് ബൈപാസ് നിർമിച്ചു തുടങ്ങിയത് 1975 ലാണ്.
അപ്പോൾ തന്നെ ആലോചിച്ചു തുടങ്ങിയതാണിതും. തലശ്ശേരിയോളം പ്രാധാന്യമില്ലാത്ത കേരളത്തിലെ പല നഗരങ്ങളിലും രണ്ടു ദശകങ്ങൾ മുമ്പെങ്കിലും ബൈപാസ് റോഡ് യാഥാർഥ്യമായിട്ടുണ്ട്. ഏതായാലും രണ്ടു മാസത്തിനകം തലശ്ശേരി-മാഹി നഗരങ്ങളെ ബൈപാസ് ചെയ്തുള്ള കുഞ്ഞിപ്പള്ളി-മുഴപ്പിലങ്ങാട് റോഡ് തുറക്കും. 1977 ൽ ആലോചിച്ച മുംബൈ-ഗോവ-കന്യാകുമാരി ദേശീയ പാത 66 ന്റെ  ഭാഗമായ അഴിയൂർ-മുഴപ്പിലങ്ങാട് ബൈപാസിന്റെ നിർമാണം തുടങ്ങിയത് 2018 ൽ. കോൺക്രീറ്റ് ഹൈവേയ്ക്ക് 18.6 കിലോ മീറ്റർ ദൈർഘ്യമുണ്ട്. പദ്ധതിക്കായി കേന്ദ്ര ദേശീയ പാത അതോറിറ്റി 1300 കോടി ചെലവാക്കി. നാല് പാലങ്ങളും ഒരു റെയിൽവേ ഓവർബ്രിഡ്ജുമുണ്ട്. നിർമാണത്തിലിരിക്കേ 2020 ഓഗസ്റ്റിൽ ധർമടം നെട്ടൂരിൽ പാലത്തിന്റെ നാല് ബീമുകൾ തകർന്നു വീഴുകയുണ്ടായി. തലശ്ശേരി ബൈപാസ് ഉദ്ഘാടനം ചെയ്യുന്നതോടെ അഴിയൂർ-മുഴപ്പിലങ്ങാട് ദൂരം ഇരുപത് മിനിറ്റ്  കൊണ്ടെത്താം. ഇപ്പോഴിത് നാൽപത് മിനിറ്റാണ്. 
 മറ്റിടങ്ങളിൽ ബൈപാസ് തുറന്നപ്പോൾ തൊട്ടടുത്ത  നഗരവും വികസിക്കുകയായിരുന്നു. പുതിയ പാതയും പഴയ പട്ടണവും പരസ്പരം ബന്ധപ്പെട്ടിരുന്നു. എന്നാൽ മാഹിയിലേയും തലശ്ശേരിയിലേയും ഇടുങ്ങിയ റോഡുകൾ എല്ലാ കാലത്തും ഡ്രൈവർമാർക്ക് പേടിസ്വപ്‌നമായിരുന്നു. അതിനെ ഒഴിവാക്കി പോകാവുന്ന സാഹചര്യമാണ് വരാൻ പോകുന്നത്. മാഹിയെ പൂർണമായും ഒഴിവാക്കാം. എന്തിന് ഗതാഗത കുരുക്കിലകപ്പെട്ട് സമയം പാഴാക്കി വെറുതെ തലശ്ശേരി പഴയ ടൗണിൽ പോകണം? കേരളത്തിൽ ആദ്യമായി രൂപീകൃതമായ നഗരസഭകളിൽ ഒന്ന് തലശ്ശേരിയാണ്. പ്രവർത്തനത്തിന്റെ രണ്ടു നൂറ്റാണ്ട് ആഘോഷിച്ച കോടതികൾ വരെ ഈ പുരാതന നഗരത്തിലുണ്ട്. കൊച്ചിയും തിരുവിതാംകൂറും രാജഭരണത്തിലായിരുന്നപ്പോൾ പരിഷ്‌കാരികളായ ബ്രിട്ടീഷ്-ഫ്രഞ്ച് സായിപ്പന്മാരിലൂടെ മാറുന്ന ലോകത്തെ തിരിച്ചറിഞ്ഞ ജനതയാണ് രണ്ടിടത്തേയും പഴയ തലമുറകൾ. മാഹിയിൽ പുതിയ ബൈപാസിനായി നിർമിച്ച മയ്യഴി പുഴയ്ക്ക് കുറുകെയുള്ള പാലം റെയിൽവേ പാലത്തിനും കിഴക്ക് മാറിയാണ്. ഫ്രഞ്ച് കോളനിയായ പോണ്ടിച്ചേരിയുടെ ഭാഗമായിരുന്ന മാഹിക്കും അയവിറക്കാൻ നല്ലൊരു ഭൂതകാലമുണ്ട്.  വേണമെങ്കിൽ ടൂറിസം വളർത്താൻ ഈ ഹെറിറ്റേജ് സിറ്റികളെ ഉപയോഗപ്പെടുത്താം. അവർക്ക് ചുറ്റിക്കറങ്ങാൻ തലശ്ശേരിയിലേയും മാഹിയിലേയും ഇടുങ്ങിയ റോഡുകളിലൂടെ മിനി ബസുകൾ ഏർപ്പെടുത്തുകയുമാവാം. ഈ രണ്ട് നഗരങ്ങളേയും മലയാളികൾക്ക് മറക്കാം, ദേശീയ പാത ബൈപാസ് തുറക്കുന്നതോടെ. 
 

Latest News