കണ്ണൂര്‍ - വിദ്യാഭ്യാസ മേഖലയില്‍ വന്‍ നിക്ഷേപം ആവശ്യമാണെന്നും സ്വകാര്യവത്കരണം പുതിയ കാര്യമല്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. സംസ്ഥാനത്തിന് മാത്രമായി ഒരു വിജ്ഞാന സമ്പദ്‌വ്യവസ്ഥ രൂപപ്പെടുത്താനാവില്ല. ഒരു മുതലാളിത്ത സമൂഹമാണ് ഇന്ത്യ. അപ്പോള്‍ ആ സമൂഹത്തിന്റെ ഭാഗമായി നില്‍ക്കുന്ന സര്‍ക്കാരിനും ആ കാര്യം കൈകാര്യം ചെയ്യേണ്ടിവരും. സോഷ്യലിസമുള്ള ചൈനപോലും ആ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും ഗോവിന്ദന്‍ വിശദീകരിച്ചു.
വിദ്യാഭ്യാസത്തെ അടിസ്ഥാനപ്പെടുത്തിയുള്ള സമ്പദ് വ്യവസ്ഥയാണ് ലക്ഷ്യം വെക്കുന്നത്. പുതിയ തലമുറയില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയുമായി ബന്ധപ്പെടുത്തി പുതിയ പഠനരീതി സാമൂഹ്യ പ്രതിബദ്ധതയോടെ നിര്‍വഹിക്കാനുള്ള മാറ്റമാണ് ബജറ്റില്‍ അവതരിപ്പിച്ചിട്ടുള്ളത്.
എസ്.എഫ്.ഐ ഉള്‍പ്പടെയുള്ള എല്ലാവരുമായും ചര്‍ച്ച ചെയ്തിട്ടാണ് കാര്യങ്ങള്‍ തീരുമാനിച്ചിട്ടുള്ളത്. വിദ്യാഭ്യാസ മേഖലയിലുള്ള സ്വകാര്യവത്കരണം ഇപ്പോള്‍ തുടങ്ങിയതല്ല. പ്രതിപക്ഷത്തിന്റേത് വിമര്‍ശനമല്ല, നിഷേധാത്മക സമീപനമാണ്. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാന്‍പോകുന്ന പുതിയ വിദ്യാഭ്യാസ നയത്തെ ഞങ്ങള്‍ ശക്തിയായി എതിര്‍ക്കുകയാണ്. പക്ഷേ, സര്‍ക്കാരിന് ചിലത് അംഗീകരിച്ച് മുന്നോട്ട് പോകേണ്ടിവരും. അത് സി.പി.എമ്മല്ല, രണ്ടും രണ്ടാണ്'- ഗോവിന്ദന്‍ പറഞ്ഞു.
പണ്ട് പറഞ്ഞതില്‍നിന്ന് കാര്യമായ മാറ്റമല്ല ഇപ്പോള്‍ പറയുന്നത്. സാമൂഹിക പശ്ചാത്തലത്തില്‍നിന്നുകൊണ്ട്, സാമൂഹിക നിയന്ത്രണത്തെ അടിസ്ഥാനപ്പെടുത്തി നമുക്ക് എങ്ങനെ വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ മൂലധനത്തെ ഉപയോഗപ്പെടുത്താമെന്നാണ് കാണുന്നത്. ഇക്കാര്യത്തില്‍ എല്ലാവരുമായും ചര്‍ച്ച നടത്തുമെന്നും ഗോവിന്ദന്‍ പറഞ്ഞു.