കോഴിക്കോട്- ബി.ജെ.പി നേതാവും ഗോവ ഗവർണറുമായ പി.എസ് ശ്രീധരൻ പിള്ളക്ക് താൻ എഴുതിയ പുസ്തകം സമ്മാനിച്ചതും അദ്ദേഹത്തിനൊപ്പം പരിപാടിയിൽ പങ്കെടുത്തതും സംബന്ധിച്ച വിവാദത്തിൽ പ്രതികരിച്ച് മുൻ മന്ത്രി ഡോ. കെ.ടി ജലീൽ. വളാഞ്ചേരി ഹയർ സെക്കണ്ടറി സ്‌കൂളിന്റെ വാർഷികത്തിലാണ് ശ്രീധരൻ പിള്ളക്കൊപ്പം പങ്കെടുത്തതെന്നും സംഘികളോടുള്ള നിലപാടിൽ ഒരു മാറ്റവുമില്ലെന്നും ജലീൽ പറഞ്ഞു. താൻ എഴുതിയ ഇന്തോനേഷ്യ, ക്ഷേത്ര സമൃദ്ധമായ മുസ്ലിം രാജ്യം എന്ന പുസ്തകമാണ് പിള്ളക്ക് സമ്മാനിച്ചതെന്നും ജലീൽ വ്യക്തമാക്കി.
ഒരു ക്ഷേത്രത്തിന്റെയും കല്ല് പോലും ഇളകാതെ, സർക്കാർ സംരക്ഷിക്കുന്ന ലോകത്തിലെ ഏറ്റവും കൂടുതൽ മുസ്ലിങ്ങൾ അധിവസിക്കുന്ന ഇന്തോനേഷ്യൻ സാഹചര്യങ്ങളെ ബാബരി മസ്ജിദ് - ഗ്യാൻവാപി പശ്ചാതലത്തിൽ വിമർശനത്തിന് വിധേയമാക്കുന്ന പുസ്തകമാണത്. അതാണ് ഗോവാ ഗവർണ്ണർക്ക് നൽകിയത്. വളാഞ്ചേരി ഹയർ സെക്കന്ററി സ്‌കൂളിന്റെ വാർഷികത്തിന് അദ്ദേഹത്തിന്റെ കൂടെ പങ്കെടുത്തപ്പോഴും നിലപാടിൽ ഒരിറ്റു വെള്ളവും ചേർത്തിട്ടില്ല. മനുഷ്യത്വ രഹിതമായ പ്രവർത്തനം സംഘികൾ തുടരുന്നിടത്തോളം അത് തുടരും. അതിൽ ഒരു വിട്ടുവീഴ്ചയും ചെയ്യില്ല. ഔദ്യോഗിക പദവികൾ വഹിക്കുന്ന ഒരു ബി.ജെ.പിക്കാരന്റെ കൂടെയും പൊതുചടങ്ങിൽ പങ്കെടുക്കില്ലെന്ന് മുസ്ലിംലീഗ് പറഞ്ഞിട്ടുണ്ടോ? ഒരാഴ്ച മുമ്പാണ് പൊന്നാനിയിൽ കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ്ഖാന്റെ കൂടെ സാക്ഷാൽ ഇ.ടി മുഹമ്മദ് ബഷീർ സാഹിബ് പങ്കെടുത്തത്. അതൊക്കെ സാമാന്യ മര്യാദയുടെ ഭാഗമാണെന്നും ജലീൽ പറഞ്ഞു.
ബാബരിമസ്ജിദ് തകർത്ത് തൽസ്ഥാനത്ത് പണിത രാമക്ഷേത്രം മതേതരത്വത്തിന്റെ അടയാളമാണെന്ന് പറയുന്നതും ശ്രീധരൻപിള്ളയുടെ കൂടെ ഒരു സ്‌കൂൾ വാർഷികത്തിൽ പങ്കെടുക്കുന്നതും എങ്ങിനെയാണ് സമമാവുക? ആരുടെ മുഖത്ത് നോക്കിയും നിലപാട് പറയണം. ഒരു സങ്കോചവും കാണിക്കരുത്. അതിന്റെ തെളിവാണ് 'ഇന്തോനേഷ്യ: ക്ഷേത്ര സമൃദ്ധമായ മുസ്ലിം രാജ്യം' എന്ന ഞാൻ എഴുതിയ പുസ്തകത്തിന്റെ കോപ്പി കൊടുത്തത്. രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ദിവസമാണ് കോഴിക്കോട്ടുവെച്ച് സഖാവ് ഇ.പി ജയരാജൻ ആ പുസ്തകം എഴുത്തുകാരൻ പി.കെ പാറക്കടവിന് നൽകി പ്രകാശനം ചെയ്തത്. സാദിഖലി തങ്ങൾക്ക് പറ്റിയ പിഴവ് അദ്ദേഹം തിരുത്തണം. മതേതര വിശ്വാസികളുടെയോ മുസ്ലിം സമുദായത്തിന്റെയോ വികാരമല്ല തങ്ങൾ പ്രകടിപ്പിച്ചതെന്നും ജലീൽ വ്യക്തമാക്കി.