ജിദ്ദ - ഇസ്രായിലുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്ന കാര്യത്തില്‍ ഉറച്ച നിലപാട് ആവര്‍ത്തിച്ച് സൗദി അറേബ്യ. അറബ്, ഇസ്രായില്‍ സമാധാന പദ്ധതിയുമായി ബന്ധപ്പെട്ട് സൗദി അറേബ്യയും അമേരിക്കയും നടത്തുന്ന ചര്‍ച്ചകളുമായും അമേരിക്കന്‍ ദേശീയ സുരക്ഷാ സമിതി വക്താവ് ഇക്കാര്യത്തില്‍ നടത്തിയ പ്രസ്താവനകളുമായും പ്രതികരിച്ചാണ് ഇസ്രായിലുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്ന കാര്യത്തിലുള്ള ഉറച്ച നിലപാട് സൗദി വിദേശ മന്ത്രാലയം ആവര്‍ത്തിച്ചത്.
ഫലസ്തീന്‍ പ്രശ്‌നത്തിലെ സൗദി അറേബ്യയുടെ നിലപാട് എക്കാലവും ഉറച്ചതാണെന്ന് സൗദി വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഫലസ്തീന്‍ ജനതക്ക് നിയമാനുസൃത അവകാശങ്ങള്‍ ലഭിക്കല്‍ അനിവാര്യമാണ്. 1967 ലെ അതിര്‍ത്തിയില്‍ കിഴക്കന്‍ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം അംഗീകരിക്കാതെയും ഗാസയിലെ ഇസ്രായില്‍ ആക്രമണം അവസാനിപ്പിക്കാതെയും ഗാസയില്‍ നിന്ന് മുഴുവന്‍ ഇസ്രായിലി സൈനികരും പിന്‍വാങ്ങാതെയും ഇസ്രായിലുമായി നയതന്ത്രബന്ധം സ്ഥാപിക്കില്ല എന്ന ഉറച്ച നിലപാട് സൗദി അറേബ്യ അമേരിക്കന്‍ ഭരണകൂടത്തെ അറിയിച്ചിട്ടുണ്ട്.
ഫലസ്തീന്‍ ജനതക്ക് നിയമാനുസൃത അവകാശങ്ങള്‍ ലഭിക്കാനും എല്ലാവര്‍ക്കും സമഗ്രവും നീതിപൂര്‍വകവുമായ സമാധാനം കൈവരിക്കാനും ഫലസ്തീന്‍ രാഷ്ട്രത്തെ ഇനിയും അംഗീകരിക്കാത്ത, യു.എന്‍ രക്ഷാ സമിതി സ്ഥിരാംഗങ്ങളായ രാജ്യങ്ങള്‍ അടക്കം അന്താരാഷ്ട്ര സമൂഹം 1967 ലെ അതിര്‍ത്തിയില്‍ കിഴക്കന്‍ ജറൂസലം തലസ്ഥാനമായി ഫലസ്തീന്‍ രാഷ്ട്രത്തെ എത്രയും വേഗം അംഗീകരിക്കണമെന്നും സൗദി അറേബ്യ ആവശ്യപ്പെട്ടു.