മുഹമ്മദ് നബി(സ)യുടെ മക്കാ ജീവിതത്തിന്റെ ഒടുവില്‍ സംഭവിച്ച അത്യത്ഭുത സംഭവമാണ് ഇസ്‌റാഉം മിഅ്‌റാജും. ഒരേ സംഭവത്തിന്റെ രണ്ടു ഘട്ടങ്ങള്‍. നബി(സ)യുടെ രഹസ്യവും പരസ്യവുമായ പ്രബോധനം മുന്നോട്ടുപോകുന്നതിനനുസരിച്ച്, മാനവതയുടെ ആദിമതവും പ്രകൃതിമതവുമായ ഇസ്ലാമിലേക്ക് ആളുകള്‍ കുറേശ്ശ കുറേശ്ശ കടന്നുവന്ന്, സത്യശുദ്ധവും സമഗ്രസമ്പൂര്‍ണവുമായ ആദര്‍ശത്തിന് സര്‍വാത്മനാ സമര്‍പ്പിച്ചവരുടെ (മുസ്ലിംകള്‍) എണ്ണം കൂടിവരികയായിരുന്നു. ഇതിനനുസരിച്ച് പ്രതിയോഗികളുടെ നാനാവിധ എതിര്‍പ്പുകളും കൂടിക്കൂടിവന്നു. ഈ ഘട്ടങ്ങളിലെല്ലാം നബിക്ക് രണ്ടു പേരുടെ പിന്തുണ വലിയ ആശ്വാസമായിരുന്നു: ഒന്ന്, നബിയുടെ പ്രിയപത്‌നി ഖദീജ(റ)യുടെ പിന്തുണ. മറ്റൊന്ന് നബിയുടെ പിതൃവ്യന്‍ അബൂത്വാലിബിന്റെ താങ്ങും തണലും. അബൂത്വാലിബ് സത്യവിശ്വാസം ഉള്‍ക്കൊണ്ടിരുന്നില്ലെങ്കിലും സഹോദരപുത്രനായ മുഹമ്മദിനെ അങ്ങേയറ്റം സ്‌നേഹിക്കുകയും സഹായിക്കുകയും ചെയ്തിരുന്നു. ഒരു ദശകക്കാലം നബിക്ക് വലിയ പിന്‍ബലമായിരുന്നു ഈ രണ്ടു വ്യക്തിത്വങ്ങളും.
നുബുവ്വത്തിന്റെ പത്താം വര്‍ഷം രണ്ടു പേരും ഇഹലോകവാസം വെടിഞ്ഞു. ഈ വര്‍ഷത്തെ ചരിത്രകാരന്മാര്‍ സങ്കട വര്‍ഷം (ആമുല്‍ ഹുസ്ന്‍) എന്നാണ് വിശേഷിപ്പിക്കുന്നത്. നബി (സ) വളരെ ഖിന്നനായിരുന്നു. താങ്ങും തണലും നഷ്ടപ്പെട്ട ഈ ഘട്ടത്തില്‍ ആദര്‍ശ ശത്രുക്കള്‍ നബിക്കെതിരെ നടത്തിവന്ന നാനാവിധ എതിര്‍പ്പുകള്‍ക്ക് വീണ്ടും ശക്തി കൂടി. നബിയാകട്ടെ തന്നെ തള്ളിപ്പറയുന്നവരോടുള്ള ഗുണകാംക്ഷയാല്‍ അവര്‍ക്കു വേണ്ടി ഓടിക്കിതച്ച് പ്രബോധന പ്രവര്‍ത്തനവും മറ്റും നടത്തി സ്വന്തത്തെ തുലക്കുമാറ് (സൂറ അല്‍കഹ്ഫ് 6) നിരന്തരം ത്യാഗപരിശ്രമങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു.
പലവിധ പ്രയാസങ്ങളിലൂടെ കടന്നുപോകുന്ന ഈ സന്ദര്‍ഭത്തിലാണ് നബിക്ക് ആശ്വാസവും ആവേശവും പകര്‍ന്ന് മിഅ്‌റാജ് സംഭവിക്കുന്നത്. ഗുണപാഠ പ്രധാനവും ആവേശദായകവുമായ അത്യത്ഭുത കാഴ്ചകള്‍ക്ക്/ദൃഷ്ടാന്തങ്ങള്‍ക്ക് സാക്ഷിയാവുക വഴി നബിയുടെ ഉള്‍ക്കരുത്തും ഉള്‍ക്കാഴ്ചയും വര്‍ധിച്ചു; അത് മനക്കരുത്തും ധൈര്യവും പകര്‍ന്നു നല്‍കുകയും ചെയ്തു. ഈ അത്ഭുത സംഭവത്തിന്റെ വിവരങ്ങള്‍ ഇരുപത്തഞ്ചോളം പ്രബല നിവേദനങ്ങളിലൂടെ ഹദീസുകളില്‍ വന്നിട്ടുണ്ട്.
പ്രസ്തുത വിവരണങ്ങളുടെ ആകത്തുക ഏതാണ്ട് താഴെ പറയും പ്രകാരം സംക്ഷേപിക്കാം:
നബി (സ) കഅ്ബാലയത്തിന്റെ ചാരത്ത് വിശ്രമിക്കവെ, ഉണര്‍ന്നിരിക്കുന്ന അവസ്ഥയില്‍ ജിബ്രീല്‍ (അ) വന്നു. ബുറാഖ് എന്ന പ്രത്യേക വാഹനത്തിന്മേല്‍ മക്കയില്‍നിന്ന് ഫലസ്ത്വീനിലെ മസ്ജിദുല്‍ അഖ്‌സ്വായിലേക്ക് അതിശീഘ്രം (മിന്നല്‍വേഗതയില്‍) കൊണ്ടുപോയി (ബര്‍ഖ് എന്ന അറബി പദത്തിന് മിന്നല്‍ എന്നാണര്‍ഥം. മിന്നല്‍ വേഗതയില്‍ പോയതിനാലായിരിക്കാം പ്രസ്തുത വാഹനത്തിന് ബുറാഖ് എന്ന് നാമം വന്നത്). മസ്ജിദുല്‍ അഖ്‌സ്വായുടെ ഒരു തൂണില്‍ വാഹനത്തെ ബന്ധിച്ചതിനു ശേഷം പ്രസ്തുത ഭവനത്തില്‍ രണ്ടു റക്അത്ത് തഹിയ്യത്ത് നമസ്‌കാരം നിര്‍വഹിച്ചു. അനന്തരം അവിടെ പ്രത്യക്ഷപ്പെട്ട ഒരു കോണിയിലൂടെ വാനലോകത്തേക്ക് ജിബ്രീലിനോടൊപ്പം കയറികയറിപ്പോയി (മിഅ്‌റാജ് എന്ന പദത്തിന് കോണി എന്നര്‍ഥം). എല്ലാ ആകാശത്ത് വെച്ചും നബി യഥോചിതം സ്വീകരിക്കപ്പെട്ടു. ഒന്നാം ആകാശത്തു വെച്ച് ആദിപിതാവായ ആദം (അ), രണ്ടാം ആകാശത്തില്‍ വെച്ച് ഈസാ (അ), യഹ്യാ (അ), മൂന്നാം വാനത്തില്‍ വെച്ച് യൂസുഫ് (അ), നാലില്‍ വെച്ച് ഹാറൂന്‍ (അ), അഞ്ചില്‍ വെച്ച് ഇദ്രീസ് (അ), ആറില്‍ വെച്ച് കലീമുല്ലാഹി മൂസാ (അ), ഏഴില്‍ വെച്ച് ഖലീലുല്ലാഹി ഇബ്‌റാഹീം (അ) എന്നിവരെയൊക്കെ കണ്ടു. പൂര്‍വിക പ്രവാചകന്മാരുടെ തുടര്‍ച്ചയും പൂര്‍ത്തീകരണവുമായ നബിക്ക് ഈ ദര്‍ശനം നല്‍കിയ പ്രചോദനവും നിര്‍വൃതിയും വിവരണാതീതമായിരിക്കും. തുടര്‍ന്ന് വീണ്ടും പ്രയാണം തുടര്‍ന്നു. പല സംഗതികളും (സ്വര്‍ഗ നരകങ്ങളുള്‍പ്പെടെ) കണ്ടു. അവസാനം സിദ്‌റത്തുല്‍ മുന്‍തഹാ എന്ന അതിര്‍ത്തിയിലെത്തി. ഇവിടെ വെച്ച് ജിബ്രീല്‍ വിടവാങ്ങി. നബിയോട് ഇനിയും മുന്നോട്ടു യാത്ര തുടരാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് മാലാഖമാര്‍ പോലും കടക്കാത്ത സ്ഥലങ്ങളിലൂടെയും നബി കടന്നുപോയി. ഒടുവില്‍ അല്ലാഹുവിന്റെ സന്നിധാനത്തിലെത്തി സംഭാഷണം നടത്തി. തദവസരത്തില്‍ അമ്പതു നേരത്തെ നമസ്‌കാരം സമുദായത്തിന് നിര്‍ബന്ധമാക്കപ്പെട്ടു. മൂസാ നബി(അ)യുടെ നിര്‍ദേശപ്രകാരം നബി (സ) അല്ലാഹുവിനോട് ലഘൂകരണം തേടുകയും പലതവണ ഇളവ് തേടി ഒടുവില്‍ പഞ്ച നേരങ്ങളിലായി നിജപ്പെടുകയും ചെയ്തു. ഇങ്ങനെ അഞ്ചു നേരം അനുഷ്ഠിച്ചാല്‍ അമ്പത് തവണ അനുഷ്ഠിച്ചതിന്റെ പുണ്യവും പ്രതിഫലവും കിട്ടുമെന്ന് നബി (സ) പറഞ്ഞത് റബ്ബിന്റെ അളവറ്റ ഔദാര്യത്തിന്റെ ഭാഗമാണ്.
ആകാശാരോഹണത്തിനും സന്ദര്‍ശനത്തിനും ശേഷം മടങ്ങി ബൈത്തുല്‍ മഖ്ദിസിലെത്തി. അവിടെ വെച്ച് പൂര്‍വിക പ്രവാചകന്മാര്‍ക്ക് ഇമാമായി നിന്നുകൊണ്ട് നമസ്‌കരിച്ചു. പിന്നീട് നേരം പുലരുന്നതിനു മുമ്പ് മക്കയില്‍ തിരിച്ചെത്തി. തന്റെ ഈ അനുഭവം നബി പിറ്റേദിവസം ജനങ്ങളുമായി പങ്കുവെച്ചു. തക്കം കിട്ടുമ്പോഴൊക്കെ നബിയെ പരിഹസിക്കാനും കുറ്റപ്പെടുത്താനും കുപ്രചാരണം നടത്താനും പരമാവധി പണിയെടുക്കുന്ന നബിയുടെ ശത്രുക്കള്‍ ഈ സന്ദര്‍ഭം ഒട്ടും പാഴാക്കിയില്ല. പല ഭാഗത്തും ഓടി നടന്ന് ഈ വര്‍ത്തമാനം പറഞ്ഞ് പരിഹസിക്കാനും നബിയില്‍ അവിശ്വാസം ജനിപ്പിക്കാനും ശ്രമിച്ചു. ഇക്കൂട്ടര്‍ അബൂബക്‌റി(റ)നോടും ഇത് പറഞ്ഞു; തദവസരത്തില്‍ അദ്ദേഹം ചോദിച്ചു: ''മുഹമ്മദ് (സ) അങ്ങനെ പറഞ്ഞുവോ?'' മുശ്രിക്കുകള്‍ അതേ എന്നു പറഞ്ഞു. തദവസരത്തില്‍ നബിയുടെ ബാല്യകാല സുഹൃത്തും ഉത്തമ അനുയായിയുമായ അബൂബക്ര് (റ) പറഞ്ഞു: ''മുഹമ്മദ് അങ്ങനെ പറഞ്ഞെങ്കില്‍ അത് തികച്ചും സത്യം തന്നെ. ഇടക്കിടെ വാനലോകത്തു നിന്ന് അല്ലാഹുവിന്റെ സന്ദേശവുമായി മലക്ക് വരുന്നുണ്ടെന്ന് നബി പറയുന്നതപ്പടി അംഗീകരിക്കുന്നതിലപ്പുറമൊന്നുമല്ലിത്.'' ഇവ്വിധം ലവലേശം സംശയിക്കാതെ നബി(സ)യെ പൂര്‍ണമായും വിശ്വസിച്ചംഗീകരിച്ചതിന്റെ പേരിലാണ് 'സിദ്ദീഖ്' എന്ന വിശേഷണം അദ്ദേഹത്തിനുണ്ടായത്. നേരത്തേ ബൈത്തുല്‍ മഖ്ദിസ് സന്ദര്‍ശിച്ച ചിലര്‍ നബിയെ പരിശോധിക്കാന്‍ ബൈത്തുല്‍ മഖ്ദിസിനെ പറ്റിയും അവിടത്തെ ചില അടയാളങ്ങളെപ്പറ്റിയും ചോദിച്ചപ്പോള്‍ നബിയുടെ മറുപടി വളരെ കൃത്യമായിരുന്നു. അതേപോലെ ശാമില്‍നിന്ന് വരാനുണ്ടായിരുന്ന യാത്രാ സംഘത്തെപ്പറ്റി ആരാഞ്ഞപ്പോള്‍ അവര്‍ ഇന്ന സ്ഥലത്തെത്തിയെന്നും ഇന്ന ദിവസം തിരിച്ചെത്തുമെന്നും നബി പറഞ്ഞതും സത്യമായി പുലര്‍ന്നു. എന്നാല്‍ വിശ്വാസത്തില്‍ അടിയുറപ്പില്ലാത്ത ചിലര്‍ ഈ മഹാത്ഭുതത്തില്‍ സംശയാലുക്കളായി ഒരളവോളമെങ്കിലും മതപരിത്യാഗികളാവുകയുണ്ടായി.
സത്യത്തില്‍, വിശ്വാസികളുടെ ഈമാനിന്റെ ഉള്ളുറപ്പ് പരിശോധനാവിധേയമായ ഒരു സംഭവം കൂടിയായിരുന്നു ഇസ്രാഅ്മിഅ്‌റാജ്.
മക്കയിലെ മസ്ജിദുല്‍ ഹറമിനെയും ഫലസ്തീനിലെ ബൈത്തുല്‍ മുഖദ്ദിസിനെയും പരസ്പരം ബന്ധിപ്പിക്കുന്നതാണ് ഇസ്‌റാഅ് (നിശാപ്രയാണം). ഇത് ചിന്തനീയമായ ഒരു വശമാണ്. രണ്ട് പാവന കേന്ദ്രങ്ങളും തമ്മിലുള്ള ബന്ധം,രണ്ടിന്റെയും ഉടമസ്ഥന്‍ ഏകനായ അല്ലാഹു മാത്രമാണ്. ബൈത്തുല്‍ മുഖദ്ദിസിന് ചുറ്റും ധാരാളം അനുഗ്രഹം ചൊരിഞ്ഞിട്ടുണ്ടെന്ന് അല്ലാഹു ഖുര്‍ആനില്‍ പറഞ്ഞിട്ടുണ്ട്. ആകയില്‍ തന്നെ ഖുദ്‌സ് അന്യാധീനപെട്ട ഈ കാലഘട്ടത്തില്‍ ഇസ്‌റാഅന്റെ സ്മരണകള്‍ പുതുക്കുമ്പോള്‍ നമ്മള്‍ കുറെ കാര്യങ്ങള്‍ ഗൗരവപൂര്‍വ്വം ചിന്തിക്കേണ്ടതുണ്ട്.
ഇസ്‌റാഉം മിഅ്‌റാജുമായി ബന്ധപ്പെട്ടുകൊണ്ട് പ്രത്യേകമായി അനുഷ്ഠാനങ്ങള്‍ ഒന്നുമില്ല. ആളുകള്‍ ആ ദിവസങ്ങളില്‍ നോമ്പനുഷ്ഠിക്കാറുണ്ടെങ്കിലും അങ്ങനെ ഒരു നോമ്പ് നബി(സ) പഠിപ്പിച്ചിട്ടില്ല. പ്രത്യേകമായ ഒരു അനുഷ്ഠാന കര്‍മ്മങ്ങള്‍ ഒന്നും ഇല്ലാത്തതു കൊണ്ടാണ് ഇതിന്റെ തിയതി സംബന്ധമായി കൃത്യമായ ഒരു പരാമര്‍ശം ചരിത്രങ്ങളില്‍ ഇല്ലാതെ പോയത്. റജബ് 27നാണെന്ന് പറഞ്ഞതിനോടൊപ്പം വേറെയും ചില അഭിപ്രായങ്ങള്‍ ചരിത്രഗ്രന്ഥങ്ങളില്‍ കാണാവുന്നതാണ്.
മുസ്ലിം സമുദായത്തിന് ഇസ്‌റാഅ് സംഭവത്തോടുകൂടി ഖുദുസുമായി പ്രത്യേക ബന്ധം ഉണ്ടാകും, ഉണ്ടാകേണ്ടതുണ്ട്. എന്നാല്‍ ചില പാശ്ചാത്യര്‍ നബിയുടെ നിശാപ്രയാണം അല്‍ ജിഅറാന പള്ളിയിലേക്കാണെന്നോ പള്ളിയില്‍ നിന്നാണെന്ന് ഒക്കെ തട്ടി വിട്ടിട്ടുണ്ട്. ഇതൊരു ഗൂഢാലോചനയുടെ ഭാഗമാണ്. എന്തുകൊണ്ടെന്നല്‍ മുസ്ലിം സമുദായത്തിന് ഖുദുസ്സുമായുള്ള ബന്ധം വിച്ഛേദിക്കുക എന്നത് ഖുദ്‌സ് കയ്യടക്കാനുള്ള പല മാര്‍ഗങ്ങളില്‍ ഒന്നാണ്. മുസ്ലിം ചരിത്രത്തില്‍ ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കുകയും അതുവഴി പാവന കേന്ദ്രങ്ങളില്‍ ജൂതന്മാരുടെയും മറ്റും സ്വാധീനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുക എന്നുള്ളത് ഒരു ഗൂഢാലോചനയുടെ ഭാഗമാണ്. ആകയാല്‍ ഖുദുസിന്റെ മോചനം ഇസ്‌റാഅ് മിഅ്‌റാജിന്റെ സ്മരണ പുതുക്കുമ്പോള്‍ നാം കൂടുതല്‍ ഗൗരവപൂര്‍വ്വം ഫലപ്രദമായി ആഗ്രഹിക്കേണ്ടതുണ്ട്, അതിനായി പ്രയത്‌നിക്കേണ്ടതുമുണ്ട്. ഇസ്‌റാഅ് മിഅ്‌റാജില്‍ പലനിലക്കുള്ള സംശയങ്ങള്‍ പടര്‍ത്താന്‍ മോഡേണിസ്റ്റുകള്‍ ശ്രമിച്ചിട്ടുണ്ട്. സത്യത്തില്‍ മിഅ്‌റാജിന്റെ സ്മരണ നമ്മുടെ പഞ്ചനേരങ്ങളിലുള്ള നിര്‍ബന്ധ നമസ്‌കാരം തന്നെയാണ്. നമസ്‌കാരത്തിന്റെ ഘടന, ഒടുവിലത്തെ തശഹുദ് ഇതൊക്കെയും സത്യവിശ്വാസിയുടെ മിഅറാജ് ആണെന്ന ഒരു ചിന്ത നമ്മളില്‍ ഉണ്ടാക്കേണ്ടതുണ്ട്. ഫാത്തിഹയിലെ ആദ്യത്തെ വാക്യങ്ങളെല്ലാം തേര്‍ഡ് പേഴ്‌സനാണ്(അവന്‍). എന്നാല്‍ മദ്യഭാഗത്ത് എത്തുമ്പോള്‍ റബ്ബുമായിട്ട് നേരിട്ടുള്ള സംഭാഷണമാണ്. ഇത് നമസ്‌കാരത്തില്‍ നമുക്കുണ്ടാകുന്ന ഒരു മിഅറാജ് അനുഭവം തന്നെയാണ്.
നബിയുടെ ഇസ്‌റാഅ് നടക്കുന്ന സന്ദര്‍ഭത്തില്‍ ജിഅ്‌റാനയില്‍ അങ്ങനെ ഒരു പള്ളി ഉണ്ടായിരുന്നില്ല. ഹിജ്‌റ എട്ടാം വര്‍ഷം പ്രവാചകന്‍(സ) സംഘവും ഹുനൈന്‍ യുദ്ധം കഴിഞ്ഞുവരുമ്പോള്‍ ഉംറക്കുവേണ്ടി ജിഅ്‌റാനയില്‍ നിന്നാണ് ഇഹ്‌റാമില്‍ പ്രവേശിച്ചത്. അതിനാല്‍, പിന്നീട് അവിടെയൊരു പള്ളി നിര്‍മിക്കപ്പെട്ടു. ഇത്രമാത്രമാണ് ജിഅ്‌റാനയിലെ ചരിത്രം. ജിഅ്‌റാനയില്‍ അന്ന് പള്ളി ഇല്ലാത്തതിനാല്‍ മസ്ജിദുല്‍ അഖ്‌സ അതാവാന്‍ ഒരു വഴിയുമില്ല. സത്യത്തില്‍ മസ്ജിദുല്‍ അഖ്‌സ എന്ന നാമത്തെ Farther Mosque എന്ന് ചിലര്‍ പരിഭാഷപ്പെടുത്താറുണ്ട്. നാമങ്ങള്‍ പരിഭാഷപ്പെടുത്തുമ്പോള്‍ പലപ്പോഴും തെറ്റിദ്ധാരണകള്‍ക്കും ദുര്‍വ്യാഖ്യാനങ്ങള്‍ക്കും പഴുതാവും.