തൃശൂർ- തൃശൂർ ജില്ലയിലെ പാലയൂർ പള്ളി ശിവക്ഷേത്രമായിരുന്നെന്ന അവകാശവാദവുമായി ബി.ജെ.പി-വി.എച്ച്.പി നേതാവ് ആർ.വി.ബാബു. സ്വകാര്യ ചാനൽ ചർച്ചയിലാണ് ബാബു ഇക്കാര്യം പറഞ്ഞത്. തന്റെ കുട്ടികാലത്ത് ഗുരുവായൂർ ക്ഷേത്രത്തിൽ പോകുന്ന സമയം തൊട്ട് തനിക്ക് ഇത് അറിയാമെന്നും പാലയൂർ പള്ളി ശിവക്ഷേത്രമായിരുന്നെന്നും ആർ.വി.ബാബു പറഞ്ഞു.
ഗുരുവായൂർ ക്ഷേത്രത്തിനു അടുത്ത് സ്ഥിതി ചെയ്യുന്ന ക്രിസ്ത്യൻ ദേവാലയമാണ് പാലയൂർ സെന്റ് തോമസ് ചർച്ച്. തൃശൂർ അതിരൂപതയ്ക്കു കീഴിലുള്ള ഈ ദേവാലയം യേശുക്രിസ്തുവിന്റെ ശിഷ്യൻമാരിൽ ഒരാളായ തോമസ് സ്ഥാപിച്ചതാണെന്നാണ് ഐതിഹ്യം.
ചാവക്കാടിനടുത്ത് പാലയൂരിൽ സ്ഥിതി ചെയ്യുന്ന അതിപുരാതനമായ ക്രിസ്തീയ ദേവാലയമാണ് പാലയൂർ പള്ളി. ഇന്ത്യയിലെ ആദ്യ ക്രിസ്തീയ ദേവാലയങ്ങളിൽ ഒന്നാണിത്. ക്രിസ്തുവർഷം 52-ൽ തോമാശ്ലീഹ സ്ഥാപിച്ചതായാണ് വിശ്വാസം. ആദ്യം അദ്ദേഹം അവിടെ ഒരു കുരിശ് മാത്രം സ്ഥാപിക്കുകയും പിന്നീട് പള്ളി പണികഴിപ്പിക്കുകയും ചെയ്തുവെന്നുമാണ് ഐതിഹ്യം. അദ്ദേഹം ഇന്ത്യയിൽ സ്ഥാപിച്ച ഏഴ് പള്ളികളുടെ ഭാഗമായിരുന്നു, ക്രാംഗനൂർ, കൊക്കമംഗലം, കോട്ടക്കാവ്, കൊല്ലം, നിരാനം, ചായൽ (നിലക്കൽ) എന്നിവിടങ്ങളിലായിരുന്നു ബാക്കി പള്ളികൾ. സീറോ മലബാർ കത്തോലിക്കാ സഭയുടെ തൃശൂർ അതിരൂപതയിലുൾപ്പെടുന്നതാണ് ഈ പള്ളി.