Sorry, you need to enable JavaScript to visit this website.

സ്വവർഗ പങ്കാളിക്ക് മൃതദേഹം വിട്ടുനൽകുന്നതിന് മുമ്പ് കുടുംബത്തിന്റെ അഭിപ്രായം തേടണം-ഹൈക്കോടതി

കൊച്ചി-  ഫ്‌ളാറ്റിൽ നിന്നു വീണു മരിച്ച സ്വവർഗ പങ്കാളിയുടെ മൃതദേഹം ആശുപത്രിയിൽ നിന്ന് വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ വിശദമായ റിപോർട്ട് സമർപ്പിക്കണമെന്നു  ഹൈക്കോടതി സർക്കാരിനു നിർദ്ദേശം നൽകി. സംഭവത്തിൽ കേസെടുത്തിട്ടുണ്ടോയെന്നും ഏതെങ്കിലും തരത്തിലുള്ള ദുരൂഹത ഉണ്ടോയെന്നും സർക്കാർ അറിയിക്കണമെന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു. ഹർജിക്കാരൻ മെഡിക്കൽ ബില്ലുകൾ തീർപ്പാക്കുന്നതുവരെ മൃതദേഹം വിട്ടുനൽകാൻ ആശുപത്രി തയ്യാറായില്ലെന്നാണ് ഹർജിയിലെ ആക്ഷേപം. കുടുംബാംഗങ്ങൾക്ക് ഇക്കാര്യത്തിൽ പങ്കുണ്ടോയെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആരാഞ്ഞു. മരിച്ച വ്യക്തിയുമായി കഴിഞ്ഞ ആറ് വർഷമായി ഒരുമിച്ച് താമസിക്കുകയായിരുന്നുവെന്ന് ഹർജിക്കാരൻ പറയുന്നു. ഫെബ്രുവരി മൂന്നിന് ഫ്ളാറ്റിൽ നിന്ന് വീണാണ് ഹർജിക്കാരന്റെ പങ്കാളിക്ക് പരിക്കേറ്റത്. നാലാം തിയതി പങ്കാളി മരിച്ചു.

മരിച്ചയാൾക്ക് ഒരു കുടുംബമുള്ളതിനാൽ, ഹർജിക്കാരൻ ഉൾപ്പെടെ ആർക്കും മൃതദേഹം വിട്ടുനൽകുന്നതിന് മുമ്പ് അവരുടെ അഭിപ്രായവും  നേടേണ്ടത് അത്യാവശ്യമാണെന്നും' സർക്കാർ വ്യക്തമാക്കി. മൃതദേഹം വിട്ടുകിട്ടുന്നതുമായി ബന്ധപ്പെട്ട ഹർജിക്കാരന്റെ അവകാശവാദങ്ങൾക്ക് മറുപടി നൽകാൻ കോടതി ആശുപത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്, പ്രത്യേകിച്ചും 'ചില മെഡിക്കൽ ബില്ലുകൾ അടയ്ക്കാത്തതിനാൽ അവർ അത് ചെയ്യാൻ വിസമ്മതിക്കുന്നു എന്ന ആരോപണംസംബന്ധിച്ചും വിശദീകരണം തേടിയിട്ടുണ്ട്. 

മൃതദേഹം വിട്ടുകിട്ടുന്നതിനുള്ള പ്രോട്ടോക്കോൾ സംബന്ധിച്ച നിർദേശങ്ങളും പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ വിശദാംശങ്ങൾ ലഭ്യമാക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കോട്ടയം സ്വദേശി ജെബിൻ ജോസഫാണ് ഹർജി നൽകിയിരിക്കുന്നത്.

ഹർജി പരിഗണിക്കവെ മൃതദേഹത്തോട് അനാദരവാണ് കാണിക്കുന്നതെന്നും വേഗത്തിൽ നടപടി സ്വീകരിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടെങ്കിലും ഇത് കോടതി അംഗീകരിച്ചില്ല. ഇന്നു ഹർജി പരിഗണിക്കുമ്പോൾ ഹർജിയിൽ വ്യക്തത ഉണ്ടാവുമെന്നും അതുവരെ കൂടുതൽ നടപടികൾ സാധ്യമല്ലെന്നും കോടതി വ്യക്തമാക്കി.


 

Latest News