കോട്ടയം- ആറുപേർക്കെതിരായ നടപടിയിൽ പ്രതിഷേധിച്ചു സി.ഐ.ടി.യു വിട്ട് 100 പേർ. മന്ത്രി വി.എൻ. വാസവന്റെ നാടായ പാമ്പാടിയിലാണ് സംഭവം. റബ്‌കോയിലെ സമരത്തിൽ പങ്കെടുത്ത ആറു തൊഴിലാളികളെ സസ്‌പെന്റു ചെയ്തതിനു പിന്നാലെയാണ് 103 പേർ റബ്‌കോ എംപ്ലോയീസ് യൂനിയൻ (സി.ഐ.ടി.യു) അംഗത്വം രാജിവെച്ചത്. തൊഴിലാളികളുടെ പ്രശ്‌നങ്ങളിൽ നിന്നു യൂനിയൻ നേതൃത്വം ഒളിച്ചോടുകയാണെന്നു ആരോപിച്ചാണ് തൊഴിലാളികൾ രാജിവെച്ചത്. ആകെ 120 തൊഴിലാളികളാണ് ഇവിടെയുള്ളത്.
തുച്ഛമായ വേതനം പോലും പിടിച്ചുവെക്കുന്ന റബ്‌കോ മാനേജ്‌മെന്റ് നിലപാടിനെതിരെ പ്രതികരിക്കാത്ത യൂനിറ്റ് പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും നിലപാട് അംഗീകരിക്കാനാവില്ല. തൊഴിലാളിവിരുദ്ധ നിലപാടുകൾക്കു കൂട്ടുനിൽക്കുന്ന യൂനിയൻ നേതാക്കളെ തങ്ങൾക്കാവശ്യമില്ലെന്ന് തൊഴിലാളികൾ സംഘടനയ്ക്കു നൽകിയ കത്തിൽ ചൂണ്ടികാട്ടുന്നു.
ശമ്പളക്കുടിശ്ശിക വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടു റബ്‌കോയുടെ മുന്നിൽ സമരത്തിലായിരുന്നു തൊഴിലാളികൾ. ജില്ലാ കലക്ടർ ഇടപെട്ടാണു സമരം അവസാനിപ്പിച്ചത്. നവംബറിലെ ശമ്പളം തുടർന്നു മാനേജ്‌മെന്റ് നൽകിയിരുന്നു. ഡിസംബർ, ജനുവരി മാസങ്ങളിലെ ശമ്പളം ഇനിയും നൽകിയിട്ടല്ല.