Sorry, you need to enable JavaScript to visit this website.

ജിദ്ദ ഇനി മുതൽ പഴയ ജിദ്ദയല്ല; സമുദ്ര നിർമ്മാണ പ്രവൃത്തികൾക്ക് തുടക്കം

ജിദ്ദ - സെൻട്രൽ ജിദ്ദ പദ്ധതിയുടെ ഭാഗമായ സമുദ്ര നിർമാണ പ്രവൃത്തികൾക്ക് തുടക്കമായി. 2.1 കിലോമീറ്റർ നീളത്തിൽ മണൽ ബീച്ച് തയാറാക്കൽ, 1,30,000 ചതുരശ്രമീറ്റർ വിസ്തൃതിയിൽ ദ്വീപ് നിർമാണം, 470 ലേറെ ഉല്ലാസ നൗകകൾക്ക് വിശാലമായ മറീനയുടെ നിർമാണം പൂർത്തിയാക്കൽ എന്നിവ അടക്കമുള്ള പ്രവൃത്തികളാണ് നടത്തുന്നത്. ഓപ്പറ ഹൗസ്, സ്റ്റേഡിയം, കോറൽ അക്വേറിയങ്ങൾ എന്നീ മൂന്നു പ്രധാന ലാൻഡ്മാർക്കുകൾ നടപ്പാക്കുന്നതിനുള്ള കരാറുകളും ഒപ്പുവെച്ചിട്ടുണ്ട്. 


എയർ കണ്ടീഷൻ ചെയ്ത സ്റ്റേഡിയത്തിൽ 45,000 സീറ്റുകളുണ്ടാകും. കാലാവസ്ഥക്കനുസരിച്ച് സ്റ്റേഡിയത്തിന്റെ മേൽക്കൂര നിയന്ത്രിക്കാനും സാധിക്കും. സ്റ്റേഡിയം 2026 ൽ ഉദ്ഘാടനം ചെയ്യും. ഓപ്പറ ഹൗസിൽ 2,400 സീറ്റുകളാണുണ്ടാവുക. സെൻട്രൽ ജിദ്ദ പദ്ധതിയിലെ കോറൽ അക്വേറിയങ്ങളിലൂടെ നൂതന സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന ഒരു ഗവേഷണ, പഠന കേന്ദ്രത്തിലൂടെ സമുദ്രജീവി സരക്ഷണ മേഖലയിൽ ജിദ്ദയുടെ സ്ഥാനം ഉറപ്പിക്കാൻ ലക്ഷ്യമിടുന്നു. സന്ദർശകർക്ക് വ്യതിരിക്തമായ ടൂറിസം, പഠന അനുഭവങ്ങളും ഇത് നൽകും. 
സെൻട്രൽ ജിദ്ദ പദ്ധതിയുടെ ആദ്യ ഘട്ട പശ്ചാത്തല സൗകര്യങ്ങൾ നടപ്പാക്കാൻ ചൈന ഹാർബർ എൻജിനീയറിംഗ് അറേബ്യ കമ്പനിക്കാണ് കരാർ അനുവദിച്ചിരിക്കുന്നത്. 179 പ്ലോട്ടുകൾ, പൊതുബീച്ച്, അന്താരാഷ്ട്ര മറീന, കപ്പലുകൾക്കും ക്രൂയിസ് കപ്പലുകൾക്കുമുള്ള മറീന, സെൻട്രൽ പാർക്ക്, സെൻട്രൽ സ്‌ക്വയർ, ഹോട്ടലുകൾ, കടൽഭിത്തി എന്നീ പദ്ധതികൾ ആദ്യ ഘട്ടത്തിൽ ഉൾപ്പെടുന്നു. 


സെൻട്രൽ ജിദ്ദ വികസന പദ്ധതി 2021 ഡിസംബർ 17 ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനാണ് പ്രഖ്യാപിച്ചത്. 57 ലക്ഷം ചതുരശ്രമീറ്റർ സ്ഥലം വികസിപ്പിക്കാൻ നീക്കിവെച്ച പദ്ധതിക്ക് ആകെ 7,500 കോടി റിയാലാണ് ചെലവ് കണക്കാക്കുന്നത്. ഇത് പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിൽ നിന്നും സൗദി അറേബ്യക്കകത്തു നിന്നും വിദേശത്തു നിന്നുമുള്ള നിക്ഷേപരിൽ നിന്നും കണ്ടെത്തും.

Latest News