Sorry, you need to enable JavaScript to visit this website.

പ്രവാസികളെ തീർത്തും അവഗണിച്ച ബജറ്റ് -പ്രവാസി വെൽഫെയർ ഫോറം

തിരുവനന്തപുരം - കേരള സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ച പ്രവാസി സമൂഹത്തെ പൂർണമായി അവഗണിച്ചുകൊണ്ട് ധനമന്ത്രി കേരള നിയമസഭയിൽ അവതരിപ്പിച്ച 2024-25 വാർഷിക ബജറ്റിനെതിരെ പ്രവാസി വെൽഫെയർ ഫോറം ശക്തമായി പ്രതിഷേധം രേഖപ്പെടുത്തി. 

പ്രവാസികളുടെ ശബ്ദം കേൾക്കാനും അവരുടെ ആശങ്കകൾ പരിഹരിക്കാനും നിലവിലുള്ള ഒരു സംവിധാനവും ഫലപ്രദമല്ല എന്നാണ് ഓരോ ബജറ്റും സൂചിപ്പിക്കുന്നത്. വലിയ പണം ചിലവഴിച്ച് നടത്തിയ ലോക കേരള സഭയുടെ ഒരു ക്രിയാത്മകമായ നിർദേശംപോലും ഈ ബഡ്ജറ്റ് പരിഗണിച്ചില്ല എന്നതും അങ്ങേയറ്റത്തെ അവഗണനയെ കാണിക്കുന്നു.  

വരുമാന പരിധി ഉയർന്നതാണെന്നും വാഹനമുണ്ടെന്നും ടെറസ്സ് വീടുണ്ടെന്നും മറ്റും അയാഥാർത്ഥികവും അയുക്തികവുമായ തടസ്സവാദങ്ങൾ പറഞ്ഞുകൊണ്ട് പ്രവാസി കുടുംബങ്ങളെ, ഒട്ടുമിക്ക പ്രഖ്യാപിത ആനുകൂല്യങ്ങളിൽനിന്നും അകറ്റിനിർത്തുന്ന ദുരനുഭവങ്ങളാണ് എന്നും പങ്കുവെക്കാനുള്ളത്. നാടിന് വലിയ സംഭാവനകൾ അർപ്പിച്ച, ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്ന പ്രവാസികൾക്ക് പരിഗണന വേണമെന്ന ആവശ്യം എവിടെയും പരിഗണിക്കപ്പെടുന്നില്ല എന്നതാണ് യാഥാർഥ്യം.

പ്രവാസി സമൂഹത്തിന്റെ ആവശ്യത്തോട് നിഷേധാത്മക സമീപനമാണ് ബജറ്റ് കൈക്കൊണ്ടത്. പ്രവാസി ക്ഷേമനിധി ബോർഡ് പ്രവാസികളിൽ നിന്നും ഈടാക്കുന്ന അംശാദായത്തിനോട് ആനുപാതികമായി നീതിപുലർത്തുന്ന വിധത്തിൽ പെൻഷൻ സംഖ്യയിൽ കാര്യമായ വർധനവ് വരുത്തണമെന്നും, പ്രവാസി ക്ഷേമനിധിക്ക് ഏർപ്പെടുത്തിയിട്ടുള്ള പ്രായ പരിധി എടുത്ത് കളയണമെന്നുമുള്ള ആവശ്യത്തെ തീരെ കണ്ടില്ലെന്ന് നടിച്ചിരിക്കുന്നു.

പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിനായി ബജറ്റിൽ കാര്യമായ ഒരു വിഹിതം നീക്കിവെക്കാത്തതിലും ഫോറം സംസ്ഥാന കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വിവേചന വിരുദ്ധവും ഉദേ്യാഗ സൗഹൃദവുമായ സാഹചര്യം ഇനിയും പ്രവാസികൾക്ക് പ്രാപ്യമാക്കാൻ കഴിഞ്ഞിട്ടില്ലെന്നതും അങ്ങേയറ്റം നിരാശാ ജനകമാണ്. കേന്ദ്ര - കേരള സർക്കാരുകൾ പ്രവാസികളെ അർഹമായി പരിഗണിക്കുന്നത് ഈ നാടിന്റെ തന്നെ ഉയർച്ചക്കും വളർച്ചക്കും അനിവാര്യമാണ്. 

പ്രസിഡന്റ് അസ്‌ലം ചെറുവാടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജാബിർ വടക്കാങ്ങര, സലാഹുദ്ദീൻ കെ., ഷാജഹാൻ എം.കെ,, കുഞ്ഞിപ്പ ചാവക്കാട്, ബന്ന മുതവല്ലൂർ എന്നിവർ സംസാരിച്ചു.
 

Latest News