കല്‍പറ്റ- കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍മാന്‍, വൈസ് ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പ് നാളെ. കൗണ്‍സില്‍ ചേര്‍ന്ന് രാവിലെ 11ന് ചെയര്‍മാനെയും ഉച്ചകഴിഞ്ഞ് രണ്ടിന് വൈസ് ചെയര്‍പേഴ്സനെയും തെരഞ്ഞെടുക്കും.
യു. ഡി. എഫ് ധാരണ പ്രകാരം ഡിസംബര്‍ 18ന് മുസ്ലിം ലീഗിലെ മുജീബ് കെയെംതൊടി ചെയര്‍മാന്‍ പദവിയും കോണ്‍ഗ്രസിലെ കെ. അജിത വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനവും രാജിവെച്ച പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ്. യു. ഡി. എഫിനുവേണ്ടി ചെയര്‍മാനായി കോണ്‍ഗ്രസിലെ അഡ്വ. ടി. ജെ. ഐസക്കും വൈസ് ചെയര്‍പേഴ്സനായി മുസ്ലിം ലീഗിലെ സരോജനി ഓടമ്പത്തും മത്സരിക്കും.
രാവിലെ ഒമ്പതിന് സി. പി. എം ഏരിയ കമ്മിറ്റി ഓഫീസില്‍ ചേരുന്ന എല്‍. ഡി. എഫ് യോഗം സ്ഥാനാര്‍ഥി വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കും. ചെയര്‍മാനായി സി. പി. എമ്മിലെ സി. എം. ശിവരാമനും വൈസ് ചെയര്‍പേഴ്സനായി ആര്‍. ജെ. ഡിയിലെ കെ. കെ. വത്സലയും മത്സരിക്കുമെന്നാണ് വിവരം. അട്ടിമറി നടന്നില്ലെങ്കില്‍ മുനിസിപ്പല്‍ ഭരണം യു. ഡി. എഫ് നിലനിര്‍ത്തും.
എന്നാല്‍ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ അടിയൊഴുക്ക് പ്രതിഫലിക്കുമെന്ന് കരുതുന്നവര്‍ കൗണ്‍സിലില്‍ ഉണ്ട്. മുഴുവന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും യു. ഡി. എഫിനു വോട്ടു ചെയ്യാനിടയില്ലെന്ന അനുമാനത്തിലാണ് ഇടതുപക്ഷം.
നഗരസഭയില്‍ 28 ഡിവിഷനുകളാണുള്ളത്. യു. ഡി. എഫിന് 15ഉം എല്‍. ഡി.എ ഫിനു 13ഉം കൗണ്‍സിലര്‍മാരാണുള്ളത്. യു. ഡി. എഫില്‍ മുസ്ലിംലീഗിനു ഒമ്പതും കോണ്‍ഗ്രസിനു ആറും അംഗങ്ങളാണ് ഉള്ളത്.
യു. ഡി. എഫ് ധാരണയനുസരിച്ച് മുജീബ് കെയെംതൊടി കഴിഞ്ഞ ജൂണില്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെക്കേണ്ടതായിരുന്നു. എന്നാല്‍ മുജീബ് ഒഴിയുന്ന മുറയ്ക്ക് ആരെ ചെയര്‍മാനാക്കണം എന്നതില്‍ കോണ്‍ഗ്രസിന്റെ തീരുമാനം വൈകി. എമിലി ഡിവിഷനില്‍ നിന്നുള്ള ടി. ജെ. ഐസക്കിനു പുറമേ മടിയൂര്‍ ഡിവിഷനെ പ്രതിനിധാനം ചെയ്യുന്ന പി. വിനോദ്കുമാറും ചെയര്‍മാന്‍ പദവിക്കായി ശഠിച്ചതാണ് കോണ്‍ഗ്രസില്‍ പ്രശ്നമായത്. ചെയര്‍മാന്‍ സ്ഥാനം അവസാന വര്‍ഷം നല്‍കാമെന്ന ഉറപ്പിലാണ് വിനോദ് കുമാറിനെ കോണ്‍ഗ്രസ് നേതൃത്വം അനുനയിപ്പിച്ചത്.
മുന്‍സിപ്പല്‍ ചെയര്‍മാന്‍ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിന് കെ. പി. സി. സി നേതൃത്വം ഇടപെട്ടിരുന്നു. ചെയര്‍മാന്‍ പദവയില്‍ ആദ്യ ഒരു വര്‍ഷം ലഭിക്കുന്നില്ലെങ്കില്‍ കടുത്ത തീരുമാനം എടുക്കുമെന്ന നിലപാടിലായിരുന്നു സമീപകാലംവരെ വിനോദ്കുമാര്‍. കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരില്‍ ഒരാള്‍ വിനോദ്കുമാറിനൊപ്പം അടിയുറച്ച് നിന്നത് എല്‍. ഡി. എഫില്‍ പ്രതീക്ഷയുണ്ടാക്കിയിരുന്നു.