പാലക്കാട് - സ്വകാര്യമേഖലയെ സി.പി.എം അന്നും ഇന്നും എതിർത്തിട്ടില്ലെന്നും ഇ.എം.എസിന്റെ കാലം മുതലേ സ്വകാര്യ മേഖയുണ്ടെന്നും പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ. പാലക്കാട് ജില്ലയിലെ ചിറ്റൂരിൽ കേരള എൻ.ജി.ഒ യൂണിയന്റെ വജ്രജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടന പരിപാടിയിൽ സംസ്ഥാന ബജറ്റുമായി ബന്ധപ്പെട്ടുയർന്ന വിമർശങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു സി.പി.എം സെക്രട്ടറിയുടെ പരാമർശം.
വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ മേഖലയുണ്ടെന്നും ആഗോളീകരണത്തെയാണ് പാർട്ടി എതിർത്തതെന്നും സ്വകാര്യ മൂലധനത്തെയല്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. സ്വകാര്യ മൂലധനത്തെ ഞങ്ങൾ അന്നും എതിർത്തിട്ടില്ല, ഇന്നും എതിർത്തിട്ടില്ല, ഇനിയും എതിർക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ബജറ്റിൽ സ്വകാര്യ മേഖലയിൽ ഊന്നൽ നൽകിയെന്നതാണ് പാർട്ടിക്കെതിരായ പുതിയ ആരോപണം. ഇത് കേട്ടാൽ നമ്മുടേത് കമ്മ്യൂണിസ്റ്റ് രാജ്യമാണെന്ന് വിചാരിക്കും. സ്വകാര്യ മേഖലക്കെതിരെയല്ല നാം സമരം നടത്തിയത്. പിണറായി വിജയൻ ഭരണം നടത്തുന്നതിനാൽ ഇത് സോഷ്യലിസ്റ്റ് ഭരണ സംവിധാനമാണെന്ന തെറ്റിദ്ധാരണ വേണ്ടെന്നും ഇന്ത്യ പല മൂലധന ശക്തികളുടെയും താൽപര്യം സംരക്ഷിക്കുന്ന ഭരണകൂട വ്യവസ്ഥയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.