വിചിത്രമായി തോന്നുന്ന ഒരു പുലര്‍കാല സ്വപ്‌നം പങ്കുവെച്ചിരിക്കയാണ് എഴുത്തുകാരി സബീന എം.സാലി
സ്വപ്നലോകത്തെ ചില സുവര്‍ണ്ണകാഴ്ചകള്‍
ഈ അടുത്ത കാലത്തൊന്നും മനസ്സില്‍ ചിന്തിക്കാത്ത ഒരാള്‍ പുലര്‍കാല സ്വപ്നത്തിലേക്ക് കടന്നു വന്നത് വളരെ വിചിത്രമായി തോന്നി. ..
ഏതോ ഒരു നിബിഢവനം. ശിശിരകാലമായിരുന്നിരിക്കാം. കാരണം മരങ്ങളെല്ലാം ഇല പൊഴിച്ചിട്ടുണ്ട് . മഞ്ഞയും ചുവപ്പും ഇലകള്‍ ശയ്യാമഞ്ചമെന്നപോലെ പരന്നു കിടക്കുന്നു. ജലാശയച്ചുഴിയില്‍ താഴ്ന്നുപോകാനൊരുങ്ങുന്ന എന്റെ നിലവിളി കേട്ട് ഏതോ ഒരാള്‍ തൊട്ടടുത്തു നിന്ന ഓക്കുമരത്തിന്റെ ചില്ല ഒടിച്ച് എന്നെ രക്ഷിക്കുന്നു.
അയാളെന്നെ കൈ പിടിച്ച് കരയ്ക്കിരുത്തുന്നു. ഞാനദ്ദേഹത്തോട് നന്ദിയും കടപ്പാടും അറിയിക്കുന്നു .
എനിക്ക് നിങ്ങളെ അറിയില്ലല്ലോ ..ഞാന്‍ ഖേദിച്ചു.
പക്ഷെ നിനക്ക് ഞാനറിയുന്ന ആരുടെയോ ഛായയുണ്ട്. നീ വിഷമിക്കണ്ട . ആകാശം മഞ്ഞ് ഉതിര്‍ക്കുമ്പോള്‍ താനേ നിനക്കെന്നെ ഓര്‍മ്മ വരും .
താങ്കളുടെ പേരെന്താണ് . നനഞ്ഞ വസ്ത്രം പിഴിഞ്ഞുകൊണ്ട് ഞാന്‍ വീണ്ടും ചോദിച്ചു .
My name is red..അദ്ദേഹം പ്രതിവചിച്ചു.
എവിടെയാണ് താമസം ? എങ്ങനെ ഇവിടെയെത്തി ?
എന്റെ നാവില്‍ ചോദ്യങ്ങളുടെ സുനാമിത്തിര.
ഞാന്‍ ഇവിടെ അടുത്തുള്ള വെളുത്ത കോട്ടയില്‍ താമസിക്കുന്നു . അതൊരു സൈലന്റ് ഹൌസ് ആണ്.
തീര്‍ന്നു പോയേക്കുമായിരുന്ന നിന്റെ ജീവിതത്തെ വീണ്ടെടുക്കാന്‍ ദൈവം നിയോഗിച്ചത് എന്നെയാണെന്ന് കരുതൂ. .
അദ്ദേഹത്തിന്റെ വാക്കുകളില്‍ ചാരിതാര്‍ഥ്യം.
എന്റെ കണ്ണുകളില്‍ അപ്പോള്‍ കടപ്പാടിന്റെ വെളിച്ചം.
താങ്കളെക്കണ്ടിട്ട് ഒരെഴുത്തുകാരനാണെന്ന് തോന്നുന്നല്ലോ. പുസ്തകമെഴുതിയിട്ടുണ്ടോ? പൊട്ടക്കുളത്തിലെ തവളയെപ്പോലെ വീണ്ടും ഞാന്‍ .
ഉണ്ട് ഒരു കറുത്ത പുസ്തകം.
ഓഹ് അത് ശരി.
നിങ്ങള്‍ വന്നില്ലായിരുന്നെങ്കില്‍ ഞാനീ ജലാശയത്തില്‍ മുങ്ങിമരിച്ചേനെ ..ഞാന്‍ വീണ്ടും കൃതാര്‍ത്ഥതയോടെ കൈ കൂപ്പി.
ഓരോ ജീവനും ഓരോ നിയോഗങ്ങളുണ്ട് കുട്ടീ എന്നുപറഞ്ഞ് കഴുത്തില്‍ കിടന്ന മഫഌ അദ്ദേഹമെന്റെ കഴുത്തില്‍ ചുറ്റിത്തന്നു, ശേഷം നടന്നകന്നു .
കാലടികളില്‍പ്പെട്ട കരിയിലകളുടെ കിരുകിരുശബ്ദമാണ് എന്നെ ഉറക്കില്‍ നിന്നുണര്‍ത്തിയത്. ...
മൊബൈലെടുത്ത് സമയം നോക്കി 7.20.
കിടക്കയില്‍ നിന്ന് ചാടിയെണീറ്റു 8 മണി ഡ്യൂട്ടിക്കുള്ള ഒരുക്കങ്ങളിലേര്‍പ്പെടുമ്പോള്‍ മനസ്സ് വീണ്ടും ഓര്‍മ്മിച്ചു.
My name is red...my name is red..
അതേ ഓര്‍ഹാന്‍ പാമുക്. ..ദൈവമേ അത് അദ്ദേഹം തന്നെ ഓര്‍ഹാന്‍ പാമുക് .
ഫാര്‍മസിയില്‍ എത്തും വരെ ഞാന്‍ ആ പേര് ഉച്ചത്തില്‍ ഉരുവിട്ടുകൊണ്ടേയിരുന്നു. പക്ഷെ ചില ജോലിതിരക്കുകളില്‍പ്പെട്ട ശേഷം വീണ്ടും ആ പേര് ഞാന്‍ മറന്നു. ലോകസാഹിത്യം എന്ന് ഗൂഗിള്‍ ചെയ്തപ്പോള്‍ വീണ്ടും അദ്ദേഹം മുന്നിലെത്തി .
വിശ്വവിഖ്യാതനായ തുര്‍ക്കി എഴുത്തുകാരന്‍. The white castle, Silent house, The black book , The new life, My name is red, Snow തുടങ്ങിയ പ്രചുരപ്രചാരം നേടിയ പുസ്തകങ്ങളുടെ എഴുത്തുകാരന്‍.
2006 ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടിക്കൊണ്ട് നാല്‍പതിലേറെ ഭാഷകളില്‍ വായിക്കപ്പെടുന്ന ആ മഹദ് വ്യക്തി എന്തിനീ പാവപ്പെട്ടവളുടെ സ്വപ്നത്തില്‍ വന്നുവെന്നത് മാത്രം വിചിത്രം. ..
പ്രവാസികള്‍ ഇനി റാഡോ വാച്ചുകള്‍ കൊണ്ടുവരേണ്ട