Sorry, you need to enable JavaScript to visit this website.

പി.വി അൻവറിന്റെ കക്കാടംപൊയിലിലെ പാർക്കിന് ലൈസൻസില്ലെന്ന്‌ സർക്കാർ; പിന്നെ എങ്ങനെ പ്രവർത്തിക്കുമെന്ന് ഹൈകോടതി?

കൊച്ചി - നിലമ്പൂർ എം.എൽ.എ പി.വി അൻവറിന്റെ ഉടമസ്ഥതയിലുള്ള കോഴിക്കോട് ജില്ലയിലെ കക്കാടംപൊയിലിലെ പാർക്കിന് ലൈസൻസ് ഇല്ലെന്ന് കേരള സർക്കാർ. കുട്ടികളുടെ പാർക്കിന്റെ ലൈസൻസിനായി പി.വി അൻവർ അപേക്ഷ നൽകിയിട്ടുണ്ടെന്നും എന്നാൽ, അപേക്ഷയിലെ പിഴവ് കാരണം ലൈസൻസ് നൽകിയിട്ടില്ലെന്നും സർക്കാർ കേരള ഹൈക്കോടതിയെ അറിയിച്ചു.
 ആവശ്യപ്പെട്ട അനുബന്ധ രേഖകൾ അപേക്ഷകൻ ഹാജരാക്കിയിട്ടില്ലെന്നും സർക്കാർ അറിയിച്ചു. തുടർന്ന് ലൈസൻസ് ഇല്ലാതെ എങ്ങനെ പാർക്ക് പ്രവർത്തിക്കുമെന്ന് ചോദിച്ച കോടതി ഇതുസംബന്ധിച്ച് നാളെ മറുപടി നല്കണമെന്നും സർക്കാറിനോട് ആവശ്യപ്പെട്ടു.
 നിയമവിരുദ്ധമായ പാർക്ക് അടച്ച് പൂട്ടണമെന്നും ഗുരുതരമായ ചട്ടലംഘനമാണ് ജനപ്രതിനിധി നടത്തിയതെന്നും ഹർജിക്കാർ കോടതിയ്ക്ക് മുമ്പാകെ പറഞ്ഞു. ഹർജി കോടതി നാളെ വീണ്ടും പരിഗണിക്കാനായി മാറ്റി. 
 എം.എൽ.എയുടെ ഉടമസ്ഥതയിലുള്ള പാർക്കിന് ലൈസൻസ് ഇല്ലെന്ന വിവരാവകാശരേഖ ഹർജിക്കാരൻ കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതേത്തുടർന്ന് മൂന്നു ദിവസത്തിനകം റിപോർട്ട് നൽകാൻ കഴിഞ്ഞദിവസം കോടതി സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിലാണ് സർക്കാർ കോടതിയിൽ റിപോർട്ട് നൽകിയത്.
കൂടരഞ്ഞി വില്ലേജിലെ അതീവ അപകട സാധ്യതയുള്ള മേഖലയിൽ ജിയോളജി ഡിപ്പാർട്‌മെന്റിന്റെ കൃത്യമായ അനുമതിയില്ലാതെ കുന്നിടിച്ചു നിരത്തിയാണ് വാട്ടർ തീം പാർക്ക് നിർമിച്ചതെന്നാണ് പരാതി.

Latest News