പാലക്കാട്- കാര്‍ ഓടിക്കുമ്പോള്‍ ചെവിയില്‍ തൊട്ടതിന് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു എന്ന് ആരോപിച്ച് യുവാവിനെതിരെ ചുമത്തിയ പിഴ ഒഴിവാക്കി മോട്ടോര്‍ വാഹന വകുപ്പ്. ഒറ്റപ്പാലം കയറംപാറ പാതിരിക്കോട് അറയ്ക്കല്‍ നാലകത്ത് മുഹമ്മദിനെ എതിരെയാണ് പിഴ ചുമത്തിയത്. 2000 രൂപയുടെ പിഴയാണ് മോട്ടോര്‍ വാഹന വകുപ്പ് ഒഴിവാക്കി തടി തപ്പിയത്.
കഴിഞ്ഞവര്‍ഷം സെപ്റ്റംബറിലാണ് സംഭവം. മുഹമ്മദും ഭാര്യാപിതാവും ലക്കിടി തിരുവില്വാമല റോഡിലൂടെ രാത്രി യാത്ര ചെയ്യുകയായിരുന്നു. ഡ്രൈവ് ചെയ്യുന്നതിനിടെ മുഹമ്മദ് ഇടതുകൈ കൊണ്ട് ഇടതുചെവിയില്‍ തൊട്ടു. അപ്പോഴാണ് മിത്രാനന്ദപുരത്തെ എഐ ക്യാമറ ദൃശ്യങ്ങളെടുത്തത്. ഇത് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചെന്ന രീതിയിലാക്കി മോട്ടോര്‍ വാഹനവകുപ്പ് നോട്ടീസ് നല്‍കുകയായിരുന്നു. എന്നാല്‍ നോട്ടീസിലെ ദൃശ്യത്തില്‍ കൈയില്‍ മൊബൈല്‍ ഫോണ്‍ ഇല്ലെന്ന് വ്യക്തമായി കാണുന്നുണ്ടെന്ന് മുഹമ്മദിന്റെ ബന്ധുക്കള്‍ പറയുന്നത്.
മുഹമ്മദ് വിദേശത്തേക്ക് പോയ ശേഷമാണ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് 2000 രൂപ പിഴയും കൂടെയുള്ള ആള്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് 500 രൂപ പിഴയും ചുമത്തി നോട്ടീസ് ലഭിച്ചത്. ആര്‍.സി ഉടമ മുഹമ്മദിന്റെ സഹോദരനാണ്. നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് പാലക്കാട് മോട്ടോര്‍വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ ആര്‍.സി ഉടമ എത്തുകയും മുഹമ്മദ് ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്ന് ബോധിപ്പിക്കുകയായിരുന്നു. ഉദ്യോഗസ്ഥര്‍ വീണ്ടും ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇക്കാര്യം ഉറപ്പുവരുത്തിയ ശേഷം 2000 രൂപ പിഴ ഒഴിവാക്കുകയായിരുന്നെന്ന് ആര്‍.സി ഉടമ അറിയിച്ചു.