സംസ്ഥാന ബജറ്റിൽ ടൂറിസം മേഖലക്ക് നൽകിയ പ്രാധാന്യം മലബാറിലും പുതിയ വികസന പദ്ധതികൾക്ക് സഹായകമാകുന്നതാണ്.കോഴിക്കോട് ജില്ലയിൽ നിന്നുള്ള ടൂറിസം മന്ത്രി വടക്കൻ കേരളത്തിൽ ഉൾപ്പെടെ പ്രത്യേക വികസന പദ്ധതികളെ കുറിച്ച് ആവേശത്തോടെ സംസാരിച്ചുകൊണ്ടിരിക്കുന്ന കാലത്താണ് ബജറ്റിൽ ഈ മേഖലക്ക് വലിയ പരിഗണന ലഭിച്ചിട്ടുള്ളത്.ഇപ്പോൾ വികസനം നടന്നുകൊണ്ടിരിക്കുന്ന ദേശീയ പാതയുടെ ഓരങ്ങളിൽ യാത്രക്കാർക്കായി വിപുലമായ സൗകര്യങ്ങളോട് കൂടി വിശ്രമ കേന്ദ്രങ്ങൾ നിർമിക്കുമെന്നാണ് ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനത്തിലുള്ളത്.
യാത്രികരുടെ എണ്ണം നാൾക്കുനാൾ വർധിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ഇത്തരം വിശ്രമ കേന്ദ്രങ്ങളുടെ ആവശ്യകത വർധിച്ചു വരികയാണ്.അയൽ സംസ്ഥാനമായ തമിഴ്‌നാട് മുതൽ രാജ്യത്തിന്റെ വടക്കോട്ടുള്ള മിക്ക സംസ്ഥാനങ്ങളിലും ദേശീയ പാതയോട് ചേർന്ന് വിപുലവും വൃത്തിയുള്ളതുമായ ശൗചാലയങ്ങളും വിശ്രമ കേന്ദ്രങ്ങളും നിരവധി കാണാം.സ്വന്തം വാഹനങ്ങളിലും ടൂറിസ്റ്റ് ബസുകളിലും യാത്ര ചെയ്യുന്നവർക്ക് ഈ കേന്ദ്രങ്ങൾ ഏറെ ആശ്വാസം നൽകുന്നതാണ്.കേരളത്തിൽ ഇത്തരത്തിലുള്ള വിശ്രമ കേന്ദ്രങ്ങൾ നിലവിൽ എവിടെയുമില്ല.ആ പോരായ്മ കണ്ടെത്തി പുതിയ കേന്ദ്രങ്ങൾ ആരംഭിക്കാനുള്ള സർക്കാരിന്റെ നീക്കം അഭിനന്ദനീയമാണ്.
കേരളത്തിൽ ഇത്തരം വിശ്രമ കേന്ദ്രങ്ങൾ ആരംഭിക്കാൻ മുമ്പും തീരുമാനിച്ചിരുന്നതാണ്.എന്നാൽ അവയുടെ ഇന്നത്തെ അവസ്ഥയെന്തെന്ന് പരിശോധിക്കുന്നതും നല്ലതാകും.സ്വകാര്യ പങ്കാളിത്തത്തോടെ വർഷങ്ങൾക്ക് മുമ്പ് കെ.ടി.ഡി.സിക്ക് കീഴിൽ ആരംഭിച്ച വഴിയോരം പദ്ധതി പാടെ പൊളിഞ്ഞു പോയി.പ്രധാന പാതകൾക്കരികിൽ സർക്കാർ പിന്തുണയോടെ വഴിയോരങ്ങൾ ആരംഭിച്ച സ്വകാര്യ സംരംഭകർ സാമ്പത്തികമായി തകരുകയായിരുന്നു.യാത്രക്കാർക്ക് പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കുന്നതിനുള്ള സൗകര്യങ്ങൾ,വാടകക്ക് വിശ്രമ മുറികൾ, റെസ്റ്റോറന്റ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളാണ് ഇവിടങ്ങളിൽ ഉണ്ടായിരുന്നത്.കേരളമൊട്ടാകെ ഒരേ രൂപമാതൃകയിൽ നിർമിച്ച ഈ സ്ഥാപനങ്ങൾ ടൂറിസം രംഗത്ത് നൂതനമായൊരു ആശയമാണ് അന്ന് മുന്നോട്ട് വെച്ചത്.കൂടുതൽ പണം മുടക്കാൻ കഴിവുള്ള സംരംഭകർ ഇത്തരം കേന്ദ്രങ്ങളോട് ചേർന്ന് വിപുലമായ പാർക്കിംഗ് സൗകര്യങ്ങളും കുട്ടികൾക്ക് കഴിക്കാൻ പാർക്കും ഒരുക്കിയിരുന്നു.എന്നാൽ ഈ പദ്ധതിക്ക് ഏതാനും വർഷങ്ങളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ.വരുമാനം കുറഞ്ഞ് ഈ കേന്ദ്രങ്ങൾ പൂട്ടാൻ സംരംഭകർ നിർബന്ധിതരായി.സർക്കാരിന്റെ ഭാഗത്തു നിന്ന് കാര്യമായ പിന്തുണയും ലഭിച്ചില്ല.ഇതോടെ പല വഴിയോരങ്ങളും ഇന്ന് പാതയോരങ്ങളിൽ പൂട്ടിക്കിടക്കുന്നത് കാണാം.ചില കെട്ടിടങ്ങൾ മറ്റ് ബിസിനസ് ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നു.
പത്തുവർഷങ്ങൾക്ക് മുമ്പ് കൊണ്ടുവന്ന ടേക്ക് എ ബ്രേക്ക് പദ്ധതിയും ടൂറിസം മേഖലയിൽ നൂതനമായ ആശയമായിരുന്നു.ഗ്രാമങ്ങളിൽ പോലും വഴിയോരങ്ങളിൽ ചെറിയതും മനോഹരവുമായ കഫ്റ്റീരിയകളായിരുന്നു ഈ പദ്ധതിയിൽ ആരംഭിച്ചത്.എന്നാൽ ഇതും പരാജയമായി.പ്രവർത്തനം തുടങ്ങിയവയിൽ പലതും പൂട്ടിപ്പോയി.ചിലയിടങ്ങളിൽ നിർമാണം പൂർത്തിയായ കെട്ടിടങ്ങൾ തുറക്കാതെ കാടുപിടിച്ചു കിടക്കുന്നു.അടഞ്ഞു കിടക്കുന്ന ടേക്ക് എ ബ്രേക്ക് കെട്ടിടങ്ങൾ തുറക്കാൻ മലപ്പുറം ജില്ല കലക്ടർ കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു.
പഞ്ചായത്ത് തലങ്ങളിൽ ആരംഭിച്ച വഴിയിടം പദ്ധതിയാകട്ടെ പരിമിതമായ സൗകര്യങ്ങളുള്ളതാണ്.പലയിടങ്ങളിൽ കുടുസ്സു മുറികളാണിവ.ബാത്ത്‌റൂം സൗകര്യം മാത്രമുള്ള ഈ കെട്ടിടങ്ങൾ കൃത്യമായി വൃത്തിയാക്കുന്നതിനും പലയിടത്തും സംവിധാനങ്ങളില്ല.
ടൂറിസം മേഖലയിലെ പല പദ്ധതികൡും ഇത്തരത്തിലുള്ള ആരംഭശൂരത്വം മാത്രം കാണാം.കഴിഞ്ഞ ബജറ്റിൽ ്രപഖ്യാപിച്ച മലബാർ സാഹിത്യ ഇടനാഴി എവിടെയുമെത്തിയിട്ടില്ല.ബേപ്പൂർ സുൽത്താൻ നാട്ടിൽ നിന്ന് തുഞ്ചൻ പറമ്പും എം.ടിയുടെ കൂടല്ലൂരമൊക്കെ ഉൾപ്പെടുത്തി മൂന്നു ജില്ലകളിലായി നടപ്പാക്കാൻ ഉദ്ദേശിച്ച ഈ പദ്ധതിയെ കുറിച്ച് ഇപ്പോൾ ഒരു വിവരവുമില്ല.
ടൂറിസം മേഖലയിൽ സ്വകാര്യ പങ്കാളിത്തത്തോടെയുള്ള വികസനം, ഇടതു സർക്കാരിന്റെ കാഴ്ചപ്പാട് പോലെ തന്നെ ഏറെ സാധ്യതയുള്ളതാണ്.എന്നാൽ പണം മുടക്കുന്ന സംരംഭകർക്ക് ഇറക്കിയ പണമെങ്കിലും തിരിച്ചു കിട്ടാനുള്ള സൗകര്യങ്ങൾ സർക്കാർ ചെയ്തുകൊടുക്കണ്ടതുണ്ട്.പുതിയ പദ്ധതികളുടെ ബ്രാന്റിംഗിൽ ടൂറിസം വകുപ്പ് പരാജയപ്പെടുന്നതാണ് ഇത്തരം പദ്ധതികൾ മുന്നോട്ടു പോകാത്തതിന്റെ പൊതുവായ കാരണം.സർക്കാർ ലേബലിലാണ് ആരംഭിക്കുന്നതെങ്കിലും ഇത്തരം പദ്ധതികൾക്ക് സ്വകാര്യ മേഖലയിൽ നിന്ന് കടുത്ത വെല്ലുവിളികൾ നേരിടേണ്ടി വരുന്നുണ്ട്.സ്വകാര്യ ഹോട്ടലുകളിൽ ലഭിക്കുന്ന സൗകര്യങ്ങളും വൃത്തിയും സർക്കാർ പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന വിശ്രമ കേന്ദ്രങ്ങളിൽ ഇല്ല.ഇക്കാര്യത്തിൽ ഏകീകൃതമായ മാനദണ്ഡങ്ങൾ സർക്കാർ ഉണ്ടാക്കേണ്ടതുണ്ട്.ബിസിനസ് എന്ന നിലയിൽ ഈ പദ്ധതികളെ മുന്നോട്ട് കൊണ്ടുപോകാനുള്ള മാർഗനിർദേശങ്ങൾ കെ.ടി.ഡി.സി, ജില്ലാ വ്യവസായ കേന്ദ്രം തുടങ്ങിയ സർക്കാർ സംവിധാനങ്ങളിൽ നിന്ന് സംരംഭകർക്ക് സൗജന്യമായി ലഭിക്കണം.വിശ്രമ കേന്ദ്രങ്ങളെ കുറിച്ച് ജനങ്ങളെ അറിയിക്കാൻ ബ്രാന്റിംഗ് സഹായങ്ങളും സർക്കാർ സൗജന്യമായി നൽകേണ്ടതുണ്ട്.
ഓരോ വർഷത്തെ ബജറ്റിൽ പ്രഖ്യാപിക്കുന്ന പദ്ധതികളിൽ പലതും പിന്നീട് നടപ്പാക്കാതെ പോകുന്നതായി കാണാം.വികസന പദ്ധതികൾ പാതിവഴിയിൽ ഉപേക്ഷിക്കപ്പെടുന്നത് കേരളത്തിലെ സ്ഥിരം കാഴ്ചയാണ്.ഏതെങ്കിലുമൊരു പദ്ധതിയെ വിജയിപ്പിച്ചെടുത്ത് അത് സ്ഥിരതയോടെ മുന്നോട്ട് കൊണ്ടുപോകാനുള്ള നടപടികൾ ടൂറിസം വകുപ്പിൽ നിന്ന് ഉണ്ടാകേണ്ടതുണ്ട്.പദ്ധതികൾക്കായി കുറെ കെട്ടിടങ്ങൾ പണിയുന്നതല്ലാതെ അതിന്റെ തുടർപ്രവർത്തനങ്ങൾ പലപ്പോഴും ഉണ്ടാകാറില്ല.പുതിയ ബജറ്റിലെ നിർദേശങ്ങളും കാലത്തോടൊപ്പം മാഞ്ഞു പോകാൻ പാടില്ല.