സ്വകാര്യ മേഖലയില്‍ പി.ഐ.എഫിന് 96 ബില്യണ്‍ റിയാലിന്റെ നിക്ഷേപം

റിയാദ് - സൗദിയില്‍ സ്വകാര്യ മേഖലയില്‍ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് മൂന്നു വര്‍ഷത്തിനിടെ 9,600 കോടി റിയാലിന്റെ നിക്ഷേപങ്ങള്‍ നടത്തിയതായി ഫണ്ട് ഗവര്‍ണര്‍ യാസിര്‍ അല്‍റുമയ്യാന്‍ വെളിപ്പെടുത്തി. 2021 മുതല്‍ 2023 മൂന്നാം പാദം വരെയുള്ള കാലത്താണ് സ്വകാര്യ മേഖലയില്‍ ഫണ്ട് ഇത്രയും നിക്ഷേപങ്ങള്‍ നടത്തിയതെന്ന് രണ്ടാമത് പി.ഐ.എഫ്, സ്വകാര്യ മേഖലാ ഫോറം ഉദ്ഘാടനം ചെയ്ത് യാസിര്‍ അല്‍റുമയ്യാന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം നടന്ന ആദ്യ ഫോറം പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടും സ്വകാര്യ മേഖലയും തമ്മിലുള്ള പങ്കാളിത്തം ശക്തമാക്കാന്‍ സഹായിച്ചു.
പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് പദ്ധതികളില്‍ അടിസ്ഥാന പങ്കാളിയാണ് സ്വകാര്യ മേഖല. സൗദി അറേബ്യക്കകത്തും വിദേശങ്ങളിലും നടത്തുന്ന നിക്ഷേപങ്ങള്‍ പി.ഐ.എഫിന് പ്രധാനമാണെന്നും യാസിര്‍ അല്‍റുമയ്യാന്‍ പറഞ്ഞു. 2017 മുതല്‍ ഇതുവരെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് സൗദിയില്‍ 93 കമ്പനികള്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ കമ്പനികള്‍ പ്രത്യക്ഷമായും പരോക്ഷമായും 6,44,000 ലേറെ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു.

 

Latest News