അബഹ - നിയമാനുസൃത അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കുന്നതിന് തൊഴിലാളിയെ വ്യാജ ഹുറൂബില്‍ കുടുക്കിയതിന് തൊഴിലുടമ 1,80,000 റിയാല്‍ നഷ്ടപരിഹാരം നല്‍കണമെന്ന് അപ്പീല്‍ കോടതിയിലെ ലേബര്‍ ബെഞ്ച് വിധിച്ചു. നിയമാനുസൃത കാരണമില്ലാതെ തൊഴില്‍ കരാര്‍ അവസാനിപ്പിക്കുകയും വേതന കുടിശ്ശികയും സര്‍വീസ് ആനുകൂല്യങ്ങളും തീര്‍ക്കാതിരിക്കുകയും സ്പോണ്‍സര്‍ഷിപ്പ് മാറ്റത്തിന് റിലീസ് നല്‍കാതിരിക്കുകയും ചെയ്ത തൊഴിലുടമക്കെതിരെ വിദേശ തൊഴിലാളി ലേബര്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഈ കേസില്‍ നിയമാനുസൃത കാരണമില്ലാതെ പിരിച്ചുവിട്ടതിന് തൊഴില്‍ കരാറില്‍ ശേഷിക്കുന്ന എട്ടു മാസക്കാലത്തെ വേതനവും മറ്റു നിയമാനുസൃത ആനുകൂല്യങ്ങളും തൊഴിലാളിക്ക് തൊഴിലുടമ നല്‍കണമെന്ന് ലേബര്‍ കോടതി വിധിച്ചു.
എന്നാല്‍ ഇതിനു മുമ്പായി വേതന കുടിശ്ശികയും ആനുകൂല്യങ്ങളും നല്കാതിരിക്കാനും ഫൈനല്‍ എക്സിറ്റില്‍ രാജ്യം വിടാന്‍ നിര്‍ബന്ധിക്കാനും ലക്ഷ്യമിട്ട് തൊഴിലാളി ജോലി സ്ഥലത്തു നിന്ന് ഒളിച്ചോടിയതായി തൊഴിലുടമ വ്യാജ ഹുറൂബ് പരാതി നല്കി. ഇതോടെ വ്യാജമായാണ് ഹുറൂബാക്കിയതെന്ന് തെളിയിക്കാന്‍ വേണ്ടി അബഹ ലേബര്‍ കോടതിയില്‍ തൊഴിലാളി പരാതി നല്കി. തൊഴിലുടമ വ്യാജമായി ഹുറൂബാക്കിയതാണെന്ന് തെളിയിക്കാന്‍ രണ്ടു വര്‍ഷത്തിനു ശേഷമാണ് തൊഴിലാളിക്ക് സാധിച്ചത്. ലേബര്‍ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ വ്യാജ ഹുറൂബ് നീക്കം ചെയ്തെങ്കിലും തൊഴിലുടമയുടെ നിസ്സഹകരണം കാരണം ഇഖാമ പുതുക്കാനോ സ്പോണ്‍സര്‍ഷിപ്പ് മാറ്റാനോ തൊഴിലാളിക്ക് സാധിച്ചില്ല. ഇതുമൂലം തൊഴില്‍രഹിതനായി തുടരേണ്ടിവന്നു. തുടര്‍ന്ന് നിയമാനുസൃത നഷ്ടപരിഹാരവും ആനുകൂല്യങ്ങളും തേടി തൊഴിലാളി അപ്പീല്‍ കോടതിയെ സമീപിക്കുകയും കോടതി അനുകൂല വിധി പുറപ്പെടുവിക്കുകയുമായിരുന്നു.