ആലുവ- മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ ഭാര്യയുമായ വീണ വിജയൻ ഉൾപ്പെട്ട ചെയ്യാത്ത സേവനത്തിന് ഒന്നേമുക്കാൽ കോടിയോളം രൂപ പ്രതിഫലം കൈപ്പറ്റിയെന്ന മാസപ്പടി കേസിൽ ആലുവയിലെ സി.എം.ആർ.എൽ ഓഫീസിൽ രണ്ടാം ദിവസവും എസ്.എഫ്.ഐ.ഒ (സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ്) സംഘം റെയ്ഡ് തുടരുന്നു. ഇന്നലെ രാത്രി 11 വരെ റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് ഇന്ന് രാവിലെ മുതൽ വീണ്ടും ഉദ്യോഗസ്ഥർ പരിശോധന തുടരുന്നത്. .
വീണയുടെ കമ്പനിയായ എക്‌സാലോജിക്കുമായുള്ള സി.എം.ആർ.എൽ ഇടപാടുകളാണ് എസ്.എഫ്.ഐ.ഒ ഡെപ്യൂട്ടി ഡയറക്ടർ എം അരുൺ പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുന്നത്. 2016-2019 വർഷങ്ങളിൽ സി.എം.ആർ.എലിൽ നിന്ന് വീണാ വിജയന്റെ കമ്പനിയിലേക്ക് ഒരു കോടി 72 ലക്ഷം രൂപ കൈമാറിയതിന്റെ രേഖകൾ ഉൾപ്പെടെയാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. ഇതുസംബന്ധിച്ച ചില രേഖകൾ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് വിവരം.
കമ്പനി ഉദ്യോഗസ്ഥരോട് മൊബൈൽ ഫോണോ ലാൻഡ് ഫോണോ ഉപയോഗിക്കരുതെന്ന് നിർദേശം നല്കിയശേഷമാണ് പരിശോധന ആരംഭിച്ചത്. ക്രമക്കേട് കണ്ടെത്തിയാൽ പ്രസ്തുത റിപോർട്ട് ഇഡിയ്ക്കും സി.ബി.ഐയ്ക്കും കൈമാറാനാണ് സാധ്യത. സി.എം.ആർ.എൽ ഉടമ ശശിധരൻ കർത്ത സംസ്ഥാന സർക്കാരിൽനിന്ന് നിയമവിരുദ്ധമായി ധാതുമണൽ ഖനനം ചെയ്യൽ അനുമതി നേടാനായി മുഖ്യമന്ത്രിയുടെ മകൾക്ക് ചെയ്യാത്ത ജോലിക്ക് മാസാമാസം പ്രതിഫലം നല്കിയെന്നാണ് പരാതിയിലുള്ളത്. രാഷ്ട്രീയ പാർട്ടികൾക്കും വിവിധ മുന്നണി നേതാക്കൾക്കും മറ്റും 95 കോടി രൂപ മതിയായ രേഖകളില്ലാതെ നല്കിയെന്ന പരാതിയും അന്വേഷണ പരിധിയിലുണ്ട്.
ബി.ജെ.പിയിൽ ലയിച്ച ജനപക്ഷം പാർട്ടിയുടെ നേതാവും മുൻ ഗവ. ചീഫ് വിപ്പ് പി.സി ജോർജിന്റെ മകനുമായ ഷോൺ ജോർജ് നല്കിയ പരാതിയിലാണ് അന്വേഷണം നടക്കുന്നത്. അന്വേഷണത്തിന് ഹൈക്കോടതി മേൽനോട്ടം ആവശ്യപ്പെട്ടുള്ള ഷോൺ ജോർജിന്റെ പരാതി അടുത്തയാഴ്ച കോടതി വീണ്ടും പരിഗണിക്കുമെന്നാണ് വിവരം.