തൃശൂര്‍ -വെള്ളിത്തിരയില്‍ നിന്ന് സുരേഷ്‌ഗോപി ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ പോരാട്ട ഭൂമിയിലേക്കിറങ്ങി. തൃശൂര്‍ ലോക്‌സഭ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് ബിജെപി ഇപ്പോഴും ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും സ്ഥാനാര്‍ത്ഥി സുരേഷ്‌ഗോപി തന്നെയായിരിക്കുമെന്ന വിശ്വാസത്തിലാണ് ജില്ല നേതൃത്വവും ജില്ലയിലെ പ്രവര്‍ത്തകരും. ഓട്ടോറിക്ഷയില്‍ സുരേഷ്‌ഗോപിയുടെ ചിത്രം വെച്ച് സ്റ്റിക്കറൊട്ടിച്ചും ചുമരെഴുത്ത് നടത്തിയും തൃശൂരില്‍ സുരേഷ്‌ഗോപിക്കു വേണ്ടി പ്രവര്‍ത്തകര്‍ പ്രചരണം തുടങ്ങിയിരുന്നു.
എന്നാല്‍ മകളുടെ വിവാഹവും ഷൂട്ടിംഗ് തിരക്കും കാരണം സുരേഷ്‌ഗോപി സജീവമായി തെരഞ്ഞെടുപ്പ് മുന്നൊരുക്ക പ്രവര്‍ത്തനങ്ങളിലേക്ക് കടന്നിരുന്നില്ല. എന്നാല്‍ ഡേറ്റു നല്‍കിയ സിനിമകളുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയും മകളുടെ വിവാഹത്തിരക്കൊഴിഞ്ഞും തികച്ചും ഫ്രീ ആയ സുരേഷ്‌ഗോപി തൃശൂരിലേക്ക് കഴിഞ്ഞ ദിവസം എത്തി. സുരേഷ്‌ഗോപി അനൗദ്യോഗികമായി തന്റെ പ്രചരണപരിപാടികള്‍ തുടങ്ങുകയും ചെയ്തിട്ടുണ്ട്.
തൃശൂര്‍ ലോക്‌സഭ മണ്ഡലത്തിലെ താഴെത്തട്ടിലുള്ള സംഘടനാ നേതൃത്വവുമായി തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും ആസൂത്രണം ചെയ്യുന്നതിനുമുള്ള യോഗങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. തികച്ചും പാര്‍ട്ടിയുടെ സ്വകാര്യ പരിപാടിയായി നടത്തുന്ന ഇത്തരം യോഗങ്ങളില്‍ പുറമെ നിന്നുള്ളവര്‍ക്കോ മാധ്യമപ്രവര്‍ത്തകര്‍ക്കോ പ്രവേശനമില്ല.
ലോക്‌സഭമണ്ഡലത്തിലെന്പാടും വരും ദിവസങ്ങളില്‍ ഇത്തരം യോഗങ്ങള്‍ നടക്കുമെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. പരമാവധി യോഗങ്ങളില്‍ സുരേഷ്‌ഗോപി നേരിട്ടു പങ്കെടുക്കും. പങ്കെടുക്കാന്‍ സാധിക്കാത്ത സ്ഥലങ്ങളില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി സംവദിക്കും.
പ്രധാനമന്ത്രി നരേന്ദ്രമോഡി തൃശൂരില്‍ നടത്തിയ റോഡ് ഷോയില്‍ പ്രധാനമന്ത്രിക്കൊപ്പവും തേക്കിന്‍കാട് മൈതാനിയിലെ സ്ത്രീശക്തി സമ്മേളനത്തില്‍ മോഡിക്കൊപ്പം വേദിയിലും സുരേഷ്‌ഗോപിയുണ്ടായിരുന്നു. സുരേഷ്‌ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മോഡി ഗുരുവായൂരിലെത്തുകയുമുണ്ടായി. തൃശൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ സുരേഷ്‌ഗോപിയുടെ സ്ഥാനാര്‍ത്ഥി സാധ്യത ഊട്ടിയുറപ്പിക്കുന്നതായിരുന്നു മോഡിയുടെ രണ്ടു സന്ദര്‍ശനങ്ങളും.
ബിജെപി വൈകാതെ പ്രഖ്യാപിക്കാനിരിക്കുന്ന ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ സുരേഷ്‌ഗോപിയുടെ പേരുണ്ടാകുമെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം പ്രതീക്ഷിക്കുന്നത്.