തൃശൂര്‍ - രണ്ടായിരം കോടിക്കടുത്ത് തട്ടിപ്പു നടന്നതായി കണ്ടെത്തിയിട്ടും ഹൈറിച്ച് കന്പനിക്കെതിരെ ശക്തമായ പരാതി നല്കാന് നിക്ഷേപകര്‍ തയ്യാറാവാത്തതിന്റെ കാര്യകാരണം തേടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കൃത്യമായ കണക്കുകാണിക്കാന്‍ സാധിക്കാത്തവരാണോ ഹൈറിച്ചില്‍ പണം നിക്ഷേപിച്ചതെന്ന സംശയമാണ് ഇഡിക്കുള്ളത്. ഹൈറിച്ചിലെ നിക്ഷേപകരില്‍ നല്ലൊരു ഭാഗവും വമ്പന്‍ സ്രാവുകളാണെന്നും ഇഡി കരുതുന്നു. നികുതിവെട്ടിപ്പും മറ്റും നടത്തുന്നവര്‍ ഇത്തരത്തില്‍ പല സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളിലും വലിയ തുക നിക്ഷേപിക്കുക പതിവാണെന്നതുകൊണ്ടു തന്നെ ഇപ്പോള്‍ ഇ.ഡിയുടെ അന്വേഷണം ഹൈറിച്ചില്‍ നിക്ഷേപം നടത്തിയവരുടെ സ്വത്തുവിവരങ്ങള്‍ സംബന്ധിച്ചാണ്.
കോടികളുടെ തട്ടിപ്പ് നടന്നിട്ടും ഹൈറിച്ചിനെതിരെ പരാതി നല്കാന് നിക്ഷേപകര്‍ കാര്യമായി മുന്നോട്ടുവരാത്തതിനെക്കുറിച്ച് ഇ.ഡി വിശദമായി തന്നെ പരിശോധിക്കുന്നുണ്ട്.
ഹൈറിച്ചില്‍ പണം നിക്ഷേപിച്ച കേരളത്തിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും വിദേശങ്ങളിലുമുള്ള നിക്ഷേപകരുടെ പേരുകളും വിശദാംശങ്ങളും ഇ.ഡി ശേഖരിച്ചതായാണ് സൂചന. അതിനിടെ പണം തിരിച്ചുനല്‍കി കേസുകള്‍ ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമങ്ങള്‍ അണിയറയില്‍ രഹസ്യമായി നടക്കുന്നതായും പറയപ്പെടുന്നു. അന്വേഷണം അട്ടിമറിക്കാന്‍ ഒളിവിലിരുന്ന് പ്രതികള്‍ ശ്രമിക്കുന്നതായും ഇ.ഡിക്ക് സൂചനകള്‍ ലഭിച്ചിട്ടുണ്ട്.