റിയാദ് - വേള്‍ഡ് ഡിഫന്‍സ് ഷോയോടനുബന്ധിച്ച് സൗദി, അന്താരാഷ്ട്ര കമ്പനികളുമായി നാഷണല്‍ ഗാര്‍ഡ് മന്ത്രാലയം അഞ്ചു കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവെച്ചു. നാഷണല്‍ ഗാര്‍ഡ് മന്ത്രി അബ്ദുല്ല ബിന്‍ ബന്ദര്‍ രാജകുമാരനാണ് കരാറുകളില്‍ ഒപ്പുവെച്ചത്. ഡ്രോണ്‍ വ്യവസായം, റേഡിയോളജിക്കല്‍, ന്യൂക്ലിയര്‍ ആക്രമണങ്ങള്‍ക്കുള്ള പ്രതികരണ സംവിധാനങ്ങള്‍ എന്നിവ പ്രാദേശികവല്‍ക്കരിക്കുന്നതിന് സയന്‍സ് ടെക്‌നോളജി ഫോര്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കമ്പനിയുമായും ഇന്‍ട്രാ ഡിഫന്‍സ് ടെക്‌നോളജീസ് കമ്പനിയുമായും ധാരണാപത്രങ്ങള്‍ ഒപ്പുവെച്ചു.
വെടിക്കോപ്പുകളുടെ വിതരണത്തിന് കെ.എന്‍.ഡി.എസ് കമ്പനിയുമായും നാഷണല്‍ ഗാര്‍ഡ് മന്ത്രാലയത്തിനു കീഴിലെ സൈനിക പരിശീലന കേന്ദ്രങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്ക് അദ്‌വാ അല്‍നമാ അല്‍അറബിയ ട്രേഡിംഗ് കമ്പനിയുമായും മന്ത്രാലയത്തിന്റെ ഗ്രൗണ്ട് സിസ്റ്റം സിമുലേറ്ററുകള്‍ അറ്റകുറ്റപ്പണികള്‍ നടത്തി പ്രവര്‍ത്തിപ്പിക്കാന്‍ റൈമന്റല്‍ അറേബ്യ കമ്പനിയുമായും കരാറുകള്‍ ഒപ്പുവെച്ചു. സൈനിക വ്യവസായം പ്രാദേശികവല്‍ക്കരിക്കല്‍, നാഷണല്‍ ഗാര്‍ഡ് മന്ത്രാലയത്തെ ആയുധവല്‍ക്കരിക്കുന്നതിനുള്ള പര്‍ച്ചേയ്‌സിംഗ് പ്രക്രിയകള്‍ പ്രാദേശികവല്‍ക്കരിക്കല്‍, മന്ത്രാലയത്തിന്റെ സുസജ്ജതയെ പിന്തുണക്കുന്ന വിധത്തില്‍ ശേഷികള്‍ പ്രാദേശികവല്‍ക്കരിക്കല്‍, സൗദി യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കല്‍, പ്രാദേശിക ശേഷികള്‍ പ്രയോജനപ്പെടുത്തല്‍ എന്നിവയുടെ ഭാഗമായാണ് പുതിയ കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവെച്ചത്.