പത്തനംതിട്ട- ഇന്‍സ്റ്റഗ്രാം സൗഹൃദത്തിന്റെ മറവില്‍ പത്തനംതിട്ടയില്‍ നടന്നത് വന്‍ ലൈംഗികചൂഷണം. പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ 16 കാരിയാണ് ഒട്ടേറെ പേരുടെ ചൂഷണത്തിനിരയായത്. സംഭവത്തില്‍ ആകെ 19 പേര്‍ക്കെതിരേയാണ് പോലീസ് കേസെടുത്തത്. നാലുപേര്‍ കഴിഞ്ഞദിവസം പിടിയിലായി. ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവ് അടക്കമുള്ളവരാണ് കേസില്‍ അറസ്റ്റിലായ പ്രതികള്‍.
പ്ലസ് വണ്‍ വിദ്യാര്‍ഥിനി സ്‌കൂളില്‍ പോകാന്‍ വിമുഖത കാട്ടിയതോടെ നടത്തിയ കൗണ്‍സിലിംഗിലാണ് ഞെട്ടിക്കുന്ന പീഡനവിവരങ്ങള്‍ പുറത്തറിഞ്ഞത്. നാലുദിവസത്തോളം നീണ്ട കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടി വിവരങ്ങള്‍ വെളിപ്പെടുത്തിയത്. തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഇക്കാര്യം പോലീസിനെ അറിയിക്കുകയായിരുന്നു.
ചിറ്റാര്‍ സ്വദേശിയായ യുവാവാണ് പെണ്‍കുട്ടിയെ ഇന്‍സ്റ്റഗ്രാം വഴി ആദ്യം പരിചയപ്പെട്ടത്. ഇയാള്‍ പെണ്‍കുട്ടിയുടെ നഗ്‌നദൃശ്യങ്ങള്‍ കൈക്കലാക്കി. ഈ ദൃശ്യങ്ങള്‍ ഇയാള്‍ സുഹൃത്തുക്കള്‍ക്കും കൈമാറി. തുടര്‍ന്ന് നഗ്‌നദൃശ്യങ്ങള്‍ കിട്ടിയവരെല്ലാം പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിക്കുകയും കുട്ടിയെ ചൂഷണം ചെയ്യുകയുമായിരുന്നു.
പ്രതികളില്‍ ചിലര്‍ പെണ്‍കുട്ടിയെ വീട്ടിലെത്തി ശാരീരികമായി ഉപദ്രവിച്ചെന്നാണ് പരാതി. പെണ്‍കുട്ടി വീട്ടില്‍ ഒറ്റയ്ക്കായിരുന്ന സമയത്താണ് പ്രതികളില്‍ ചിലര്‍ ഇവിടെയെത്തി ഉപദ്രവിച്ചത്. മറ്റുചിലര്‍ വീഡിയോ കോള്‍ വഴിയും പെണ്‍കുട്ടിയെ ചൂഷണംചെയ്തു.
മാസങ്ങള്‍ക്കിടെയാണ് പലരും പെണ്‍കുട്ടിയെ ഉപദ്രവിച്ചത്. കേസിലെ 19 പ്രതികളില്‍ 16 പേര്‍ക്കെതിരേയും പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനാണ് കേസെടുത്തിട്ടുള്ളത്.
കേസില്‍ ചിറ്റാര്‍ സ്വദേശി സജാദ് എസ്. സലീം കെ.എസ്.ഇ.ബി ജീവനക്കാരനായ റാഫി, ഡി.വൈ.എഫ്.ഐ പെരുനാട് മേഖല പ്രസിഡന്റ് ജോയല്‍ തോമസ് എന്നിവരാണ് പിടിയിലായിട്ടുള്ളത്. കുറ്റംകൃത്യം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത ആളും കേസില്‍ അറസ്റ്റിലായിട്ടുണ്ട്. ഇയാളെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കിയ ശേഷം കൊല്ലത്തെ കേന്ദ്രത്തില്‍ പാര്‍പ്പിക്കാനാണ് നിര്‍ദേശം. മറ്റു മൂന്നു പ്രതികളെയും റാന്നി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.