റിയാദ്- റിയാദ് മല്‍ഹമില്‍ നടക്കുന്ന രണ്ടാമത് വേള്‍ഡ് ഡിഫന്‍സ് ഷോയില്‍ സൗദി അറേബ്യയുടെ സൈനിക കരുത്തിന്റെ പ്രദര്‍ശനങ്ങള്‍ സന്ദര്‍ശകര്‍ക്ക് സമ്മാനിക്കുന്നത് നവ്യാനുഭവം. എല്ലാ ദിവസവും നടക്കുന്ന കിംഗ് ഫഹദ് സെക്യൂരിറ്റി കോളേജിലെ വനിത സൈനികരുടെ പരേഡ് സൗദിയുടെ പെണ്‍ കരുത്തിന്റെ പ്രതീകമായി. സംഗീത ബാന്‍ഡിനൊപ്പം ആയുധങ്ങള്‍ ഉപയോഗിച്ച് ഷോ അവതരിപ്പിക്കുന്നത് സൈനിക മേഖലയില്‍ വനിതകളുടെ പങ്കാളിത്തം തെളിയിക്കുന്നതാണ്. സഖര്‍ അല്‍ജസീറ വിഭാഗത്തിന്റെ വ്യോമ പ്രദര്‍ശനവും എല്ലാ വിഭാഗം സേനകളുടെ അത്യാധുനിക ആയുധങ്ങളുടെ ഷോയും എല്ലാ ദിവസവും നടക്കുന്നുണ്ട്.
ഞായറാഴ്ച വൈകീട്ട് സൗദി പ്രതിരോധമന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ ആണ് അഞ്ചു ദിവസം നീണ്ടുനില്‍കുന്ന ഷോ ഉദ്ഘാടനം ചെയ്തത്. കര, കടല്‍, വായു, ബഹിരാകാശം, സുരക്ഷ മേഖലയില്‍ ഭാവി പ്രതിരോധത്തിന്റെ ഏറ്റവും നവീന ആശയങ്ങള്‍ അവതരിപ്പിക്കുന്ന ഷോയില്‍ പ്രതിരോധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 750 ഓളം കമ്പനികള്‍ പങ്കെടുക്കുന്നു. ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ഗ്രാന്റ് ഷാപ്‌സും സ്ലോവാക് റിപ്പബ്ലിക്ക് ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ റോബര്‍ട്ട് കലിനക്, ഇറ്റലി പ്രതിരോധ മന്ത്രി ഗൈഡോ ക്രോസെറ്റോ, അല്‍ജീരിയന്‍ സൈനിക മേധാവി സഈദ് ശന്‍ഖരീഹ, സ്ലോവാക് ആഭ്യന്തര മന്ത്രി മാറ്റോസ് സ്റ്റേജ് സ്റ്റോക്ക്, പാകിസ്താന്‍ സൈനിക തലവന്‍ സാഹിര്‍ ശംശാദ് എന്നിവരടക്കമുള്ള പ്രമുഖര്‍ ഷോ കാണാനെത്തി. കുഴിബോംബുകളും മറ്റുമുള്ള മനുഷ്യന് ഹാനികരമാകുന്ന മേഖലകളിലേക്കും തകര്‍ന്ന കെട്ടിടങ്ങളിലും പരിശോധനക്ക് അയക്കുന്നതിന് ഉപയോഗിക്കുന്ന പോലീസ് റോബോട്ടും യന്ത്രപോലീസും മേളയിലുണ്ട്.