Sorry, you need to enable JavaScript to visit this website.

ഈ പണമൊന്നും ആര്‍ക്കും വേണ്ടേ? പ്രവാസികളുടേതടക്കം ഒന്നര ലക്ഷം കോടി രൂപയാണ് അവകാശികളില്ലാതെ കിടക്കുന്നത്

കോഴിക്കോട് - പണം ആവശ്യമില്ലാത്ത ആരെങ്കിലും ഉണ്ടാകുമോ?  ഇല്ല എന്നാണ് ഉത്തരമെങ്കിലും പണത്തിന്റെ അവകാശികളെത്തേടി നെട്ടോട്ടമോടുകയാണ് ഇന്ത്യയിലെ ബാങ്കുകളുടെ ' വല്യേട്ടനായ ' റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ. നിക്ഷേപിച്ച പണം വാങ്ങാനായി അതിന്റെ അവകാശികള്‍ എത്തുന്നില്ല എന്ന് മാത്രമല്ല അവരെ കണ്ടെത്താന്‍ പറ്റുന്നുമില്ല എന്നതാണ് സ്ഥിതി. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇന്ത്യയിലെ പൊതു മേഖലാ ബാങ്കുകളിലും സ്വകാര്യ ബാങ്കുകളിലുമായി കെട്ടിക്കിടക്കുന്ന പണം എത്രയെന്ന് കേട്ടാല്‍ ആരും ഒന്ന് ഞെട്ടിപ്പോകും. ഒന്നര ലക്ഷം കോടിയോളം രൂപയാണ് അവകാശികളെത്തേടി ബാങ്കുകളില്‍ കെട്ടിക്കിടക്കുന്നത്. 

കൃത്യമായി പറഞ്ഞാല്‍ 2018-19 സാമ്പത്തിക വര്‍ഷം മുതല്‍ 2022-23 സാമ്പത്തിക വര്‍ഷം വരെയുള്ള അഞ്ചു വര്‍ഷക്കാലം 1,43,619 കോടി രൂപയാണ് ആര്‍ക്കും വേണ്ടാത്ത പണമായി ബാങ്കില്‍ കെട്ടിക്കിടക്കുന്നത്. നടപ്പു സാമ്പത്തിക വര്‍ഷത്തെ കണക്കൂകള്‍ കൂടി പുറത്ത് വന്നാല്‍ ഇത് ഒന്നര ലക്ഷം കോടിയിലധികം വരുമെന്ന് ഉറപ്പ്. ഓരോ വര്‍ഷം കഴിയുന്തോറും അവകാശികളില്ലാത്ത പണം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. 2022-2023 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 42,272 കോടി രൂപയാണ് ഇന്ത്യയിലെ പോതുമേഖലാ -സ്വകാര്യ ബാങ്കുകളില്‍ അവകാശികളെത്തേടി കിടക്കുന്നത്. അവരെ കണ്ടെത്തുന്നതിന് ചില അടിയന്തര കാര്യങ്ങള്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസം എല്ലാ ബാങ്കുകള്‍ക്കും കത്തയച്ചിരിക്കുകയാണ്.

എന്താണ് അവകാശികളില്ലാത്ത പണം 

റിസര്‍വ്വ് ബാങ്കിന് കീഴിലുള്ള രാജ്യത്തെ പൊതുമേഖലാ - സ്വാകാര്യ ബാങ്കുകളില്‍ പത്ത് വര്‍ഷമോ അതിലധികമോ ആയി പ്രവര്‍ത്തിക്കാത്ത അക്കൗണ്ടുകളിലെ നിക്ഷേപ തുകയാണ് അവകാശികളില്ലാത്ത പണമായി കണക്കാക്കുന്നത്. അതായത് പത്ത് വര്‍ഷം കഴിഞ്ഞിട്ടും അക്കൗണ്ട് ഉടമയോ നോമിനിയോ അല്ലെങ്കില്‍ അക്കൗണ്ട് ഉടമയുടെ നിയമ പ്രകാരമുള്ള അവകാശികളോ ഒന്നും തന്നെ ഈ പണം കൈപ്പറ്റാനായി  എത്തിയിട്ടില്ല എന്നര്‍ത്ഥം. മാത്രമല്ല അക്കൗണ്ട് ഉടമ ജീവിച്ചിരിപ്പുണ്ടോയെന്ന കാര്യം പോലും ബാങ്കിന് ഉറപ്പില്ല. അക്കൗണ്ട് തുറക്കുന്ന സമയത്ത് അക്കൗണ്ട് ഉടമകള്‍ നല്‍കിയ മേല്‍വിലാസത്തിലോ ഫോണ്‍ നമ്പറിലോ ഇവരെയൊന്നും ബന്ധപ്പെടാന്‍ ബാങ്ക് അധികൃതര്‍ക്ക് കഴിയുന്നുമില്ല.

ഓരോ വര്‍ഷവും കെട്ടിക്കിടക്കുന്ന പണം വര്‍ധിക്കുന്നു

കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്കെടുത്താല്‍ ഓരോ വര്‍ഷവും അവകാശികളില്ലാതെ കെട്ടിക്കിടക്കുന്ന പണം വര്‍ധിച്ചു കൊണ്ടിരിക്കുന്നതായി കാണാം. 2018 -19 വര്‍ഷത്തില്‍ 17,784 കോടി രൂപയായിരുന്നു ബാങ്കുകളില്‍ അവകാശികളില്ലാതെ കിടന്ന പണം. ഇത് 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 22,805 കോടിയായി ഉയര്‍ന്നു. 2020 -21 വര്‍ഷത്തിലെത്തിയപ്പോഴേക്കും തുക വീണ്ടും ഉയര്‍ന്ന് 27,824 കോടിയില്‍ എത്തി. 2021-22 വര്‍ഷത്തില്‍ 32,934 കോടിയായി. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 42,272 കോടിയായി ഉയര്‍ന്നു. അതായത് നിക്ഷേപിച്ച പണം തിരിച്ചു വാങ്ങാന്‍ എത്താത്തവരുടെ എണ്ണം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. കോടിക്കണക്കിന് അക്കൗണ്ടുകളിലായാണ് ഈ പണം കിടക്കുന്നത്.

പ്രവാസികളുടെ പണവുമുണ്ട്

അവകാശികളില്ലാതെ കിടക്കുന്ന പണത്തിന്റെ നല്ലൊരു പങ്കും പ്രവാസികളുടേതാണ്. അക്കാര്യത്തില്‍ മലയാളികളായ പ്രവാസികളും മുന്നിലാണ്. ഇത് സംബന്ധിച്ച് കൃതൃമായ കണക്കുകള്‍ പുറത്ത് വിട്ടിട്ടില്ലെങ്കിലും അവകാശികളില്ലാത്ത പണത്തിന്റെ നല്ലൊരു പങ്കും പ്രവാസികളുടെ നാട്ടിലുള്ള  നിക്ഷേപമാണ്. കേരളത്തില്‍ പ്രവാസികള്‍ കൂടുതലുള്ള സ്ഥലങ്ങളിലെ ബാങ്കുകളില്‍ അവകാശികളില്ലാതെ കിടക്കുന്ന പണം കൂടുതലാണെന്ന് ബാങ്കിംഗ് മേഖലയിലുള്ളവര്‍ സാക്ഷ്യപ്പെടുത്തുന്നു.  മേല്‍വിലാസവും മറ്റും മാറുന്നവരെ പിന്നീട് ബാങ്കുകള്‍ക്ക് കണ്ടു പിടിക്കാന്‍ കഴിയാറില്ല. രാജ്യത്തെ മൊത്തം കണക്കെടുത്താല്‍  അവകാശികളില്ലാതെ കിടക്കുന്ന പണത്തിന്റെ കാര്യത്തില്‍ കേരളം മുന്‍നിരയിലുണ്ട്. പിന്‍വലിക്കാതെ കിടക്കുന്ന സേവിംങ്ങ്‌സ് അക്കൗണ്ടിലെ ചെറിയ തുക മുതല്‍ വലിയ തുക വരെ ഇങ്ങനെയുണ്ട്. കേരളത്തില്‍ നിന്ന് പിന്നീട് കുടുംബ സമേതം ഗള്‍ഫിലേക്കും മറ്റ് രാജ്യങ്ങളിലേക്കും താമസം മാറിയവരുടെ നാട്ടിലുണ്ടായിരുന്ന അക്കൗണ്ടുകള്‍ പലപ്പോഴും പണം പിന്‍വലിക്കാതെ നിശ്ചലമായിക്കിടക്കുന്ന സ്ഥിതിയുണ്ടാകുന്നുണ്ടെന്ന് ബാങ്കിംഗ് മേഖലയിലുള്ളവര്‍ പറയുന്നു

എന്തുകൊണ്ട് പണത്തിന്റെ അവകാശികളെ കണ്ടെത്തുന്നില്ല

അവകാശികളെത്താതെ കിടക്കുന്ന ബാങ്ക് അക്കൗണ്ടുകളില്‍ വലിയ ഭാഗവും പണക്കാരുടെ മാത്രമല്ല, വളരെ സാധാരണക്കാരായ ആശുകളുടേതാണ്. ചെറിയ തുകകള്‍ അവശേഷിക്കുന്ന അക്കൗണ്ടുകളിലെ പണം പലപ്പോഴും പിന്‍വലിക്കപ്പെടാതെ കിടക്കുന്നു. പലതുള്ളി പെരുവെള്ളം എന്ന് പറയുന്നത് പോലെ ഇത്തരത്തിലുള്ള നിരവധി അക്കൗണ്ടുകളിലെ പണം പിന്‍വലിക്കാതിരിക്കുമ്പോള്‍ ഇത് വലിയ തുകയായി മാറുന്നു. 

എന്തു കൊണ്ടാണ് പണത്തിന് അവകാശികളെത്താത്തതെന്നും ഇവരെ കണ്ടു പിടിക്കാന്‍ കഴിയാത്തതെന്നും ചോദിച്ചാല്‍ അതിന് ബാങ്ക് അധികൃതര്‍ക്ക് പല വിശദീകരണങ്ങളും നല്‍കാനുണ്ട്. പ്രധാന കാര്യമായി പറയുന്നത് അക്കൗണ്ട് ഉടമകള്‍ പലരും മരിച്ചു പോവുകയും ഇവരുടെ നിയമപരമായ അവകാശികള്‍ക്ക് ഈ നിക്ഷേപങ്ങളെക്കുറിച്ച് അറിയാതിരിക്കുകയും ചെയ്യുന്നുവെന്നതാണ്. വളരെ മുന്‍പ് ആരംഭിച്ച അക്കൗണ്ടുകളില്‍ പലപ്പോഴും നോമിനിയെ ചേര്‍ത്തിട്ടു പോലുമുണ്ടാകില്ല. മരിച്ചു പോയ  ആളുടെ അക്കൗണ്ടില്‍ വന്‍ തുകയുണ്ടായിട്ടും അനന്തരാവകാശികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ കാരണം നിക്ഷേപം പിന്‍വലിക്കാനാകാത്ത സ്ഥിതിയുണ്ടാകുന്നു. പിന്നീട് ഇത് നിയപ്രശ്‌നങ്ങള്‍ക്ക് വഴി മാറുന്നു. കോടിക്കണക്കിന് രൂപയുടെ നിക്ഷേപമുള്ള അത്തരത്തിലുള്ള നിരവധി അക്കൗണ്ടുകളിലെ പണം അവകാശികളില്ലാതെ കിടക്കുന്നുണ്ട്. അവകാശികളില്ലാത്ത പണം കുന്നുകൂടുന്നതിന് പ്രധാന കാരണങ്ങളില്‍ ഒന്ന് ഇതാണ്.
 
പ്രവാസികളുടെ കാര്യമെടുത്താല്‍ വിദേശത്തായിരുന്നപ്പോള്‍ ഉപയോഗിച്ച അക്കൗണ്ടുകള്‍ പിന്നീട് ക്ലോസ് ചെയ്യാതെയോ മാറ്റാതെയോ ഇടുന്നതും കാര്യമായ പ്രശ്‌നമാണ്. മറ്റൊരു പ്രശ്‌നം ഒരാള്‍ തന്നെ വിവിധ ബാങ്കുകളിലായി ഒന്നിലധികം അക്കൗണ്ടുകള്‍ തുടങ്ങുകയും ചെറിയ തുക നിക്ഷപമുള്ള അക്കൗണ്ടുകളിലെ പണം പിന്‍വലിക്കപ്പെടാതെ കിടക്കുകയും ചെയ്യുന്നുവെന്നതാണ്. വീട് മാറിപ്പോകുന്നതും ജോലി സ്ഥലം മാറുന്നതുമാണ് അവകാശികളില്ലാത്ത പണം കുന്ന് കൂടുന്നതിന്റെ മറ്റൊരു കാരണമാണ്. ആളുകള്‍ക്ക് പലപ്പോഴും താമസിക്കുന്ന വീടിനടുത്തെ ബാങ്കുകളില്‍ അക്കൗണ്ടുകള്‍ ഉണ്ടായിരിക്കും. എന്നാല്‍ വീടുകള്‍ മാറിപ്പോകുമ്പോള്‍ ഈ അക്കൗണ്ടുകള്‍ നിര്‍ത്തലാക്കാതെ അവിടെ തന്നെ ഉപേക്ഷിക്കുന്നു. ജോലി സ്ഥലങ്ങള്‍ മാറുമ്പോഴും ഇത് തന്നെയാണ് സംഭവിക്കുന്നത്. വിദേശത്ത് ജോലിക്കായി പോകുന്ന പ്രവാസികള്‍ നാട്ടിലുണ്ടായിരുന്ന അക്കൗണ്ടുകളും അതിലെ ചെറിയ നിക്ഷേപവുമൊക്കെ ഉപേക്ഷിക്കുന്നു. കുടുംബ സമേതം വിദേശത്തേക്ക് താമസം മാറ്റുന്നവരുടെ കാര്യത്തിലും ഇത് തന്നെയാണ് നടക്കുന്നത്.

അവകാശികളെ കണ്ടെത്തുന്നതില്‍ ബാങ്കുകള്‍ താല്‍പര്യം കാണിക്കാറില്ലേ?

രാജ്യത്ത് അവകാശികളില്ലാത്ത പണം ഏറ്റവും കൂടുതല്‍ കെട്ടിക്കിടക്കുന്നത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലാണ്. 2022- 23 സാമ്പത്തിക വര്‍ഷത്തില്‍ 2.18 കോടി അക്കൗണ്ടുകളിലായി 8086 കോടി രൂപ സ്റ്റേറ്റ് ബാങ്കില്‍ അവകാശികളില്ലാതെ കിടക്കുന്നുണ്ട്. തൊട്ടടുത്ത് പഞ്ചാബ് നാഷണല്‍ ബാങ്കാണ്. 1.5 കോടി അക്കൗണ്ടുകളിലായി ഇവിടെ 5340 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ അവകാശികളില്ലാതെ കെട്ടിക്കിടക്കുന്നത്. കനറാ ബാങ്ക് ആണ് മൂന്നാം സ്ഥാനത്ത് 1,56 അക്കൗണ്ടുകളിലായി 4558 കോടിയ്ക്ക് അവകാശികളില്ല. ബാങ്ക് ഓഫ് ബറോഡയിലെ 89 ലക്ഷം അക്കൗണ്ടുകളിലെ 3904 കോടി രൂപയും യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയിലെ 11 ലക്ഷം അക്കൗണ്ടുകളിലെ 3177 കോടി രൂപയും ബാങ്ക് ഓഫ് ഇന്ത്യയില്‍ 2557 കോടി രൂപയും ഇന്ത്യന്‍ ബാങ്കില്‍ 2445 കോടിയും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ 1790 കോടിയും തുടങ്ങി വിവിധ ബാങ്കുകളിലായി 42272 കോടിയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവകാശികളില്ലാതെ കിടക്കുന്നത്. 
റിസര്‍വ്വ് ബാങ്ക് പലതവണയായി നിര്‍ദ്ദേശം നല്‍കാറുണ്ടെങ്കിലും 10 വര്‍ഷത്തില്‍ കൂടുതല്‍ കാലം നിശ്ചലമായിക്കിടക്കുന്ന അക്കൗണ്ടുകളിലെ അവകാശികളെ കണ്ടെത്താന്‍ വിവിധ ബാങ്ക് അധികൃതര്‍ കാര്യമായ താല്‍പര്യങ്ങളൊന്നും പലപ്പോഴും കാണിക്കാറില്ല.. അക്കൗണ്ട് ഉടമകള്‍ അക്കൗണ്ട് എടുത്ത സമയത്ത് നല്‍കിയ ഫോണ്‍ നമ്പറുകളിള്‍ ബന്ധപ്പെടുകയാണ് പ്രാഥമികമായി ചെയ്യാറ്. എന്നാല്‍ പലപ്പോഴും ഫോണ്‍ നമ്പര്‍ അക്കൗണ്ട് ഉടമ മാറ്റി മറ്റൊരു നമ്പര്‍ എടുത്തിരിക്കും. അതിനാല്‍ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയില്ല. ഈ കാര്യങ്ങള്‍ ഒരു ആവര്‍ത്തനം പോലെ നടക്കുമെന്നല്ലാതെ അക്കൗണ്ട് ഉടമയെയെ അക്കൗണ്ടില്‍ കിടക്കുന്ന പണത്തിന്റെ അവകാശികളെയോ കണ്ടെത്താന്‍ മറ്റു കാര്യമായ നടപടിക്രമങ്ങളൊന്നും ബാങ്കുകള്‍ ചെയ്യാറില്ല.

ആര്‍ക്കും വേണ്ടാത്ത പണം എങ്ങോട്ടാണ് പോകുന്നത് ?

2014 ല്‍ രൂപീകരിച്ച ആര്‍ ബി ഐ നിയന്ത്രണത്തിലുള്ള ഡിപ്പോസിറ്റര്‍ എജ്യൂക്കേഷന്‍ ആന്‍ഡ് അവെയര്‍നസ് ഫണ്ടിലേക്കാണ് അവകാശികളില്ലാത്ത പണം മാറ്റപ്പെടുന്നത്. നിക്ഷേപകനെയോ അല്ലെങ്കില്‍ അവകാശികളെയോ കണ്ടെത്തുമ്പോള്‍ ഈ ഫണ്ടില്‍ നിന്ന് പണം തിരികെ നല്‍കും. കെട്ടിക്കിടക്കുന്ന പണത്തിന്റെ അവകാശികളെ കണ്ടെത്താനായി പല വിധ ശ്രമങ്ങള്‍ നടത്തിയിട്ടും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ കേവലം 5729 കോടി രൂപ മാത്രമാണ് അവകാശികള്‍ക്ക് തിരിച്ചു നല്‍കനായത്. അവകാശികളില്ലാതെ കിടക്കുന്ന പണത്തിന് കൃത്യമായി പലിശ ഈ അക്കൗണ്ടിലേക്ക് ക്രഡിറ്റ് ചെയ്യണമെന്ന് റിസര്‍വ്വ് ബാങ്ക് എല്ലാ ബാങ്കുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

റിസര്‍വ്വ് ബാങ്കിന്റെ നിര്‍ദ്ദേശം

പണത്തിന്റെ അവകാശികളെ കണ്ടെത്തുന്നതിനായി ബാങ്കുകള്‍ ശ്രമങ്ങള്‍ നടത്തിയിട്ടും കാര്യമായ പരോഗതിയൊന്നും ഉണ്ടാകാത്തതിനാല്‍  ഇക്കാര്യത്തില്‍ കാര്യക്ഷമമായ നടപടികള്‍ എടുക്കണമന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം എല്ലാ ബാങ്കുകള്‍ക്കും വീണ്ടും സര്‍ക്കുലര്‍ അയച്ചിരിക്കുകയാണ് റിസര്‍വ്വ് ബാങ്ക്. പണത്തിന്റെ അവകാശികളെ കണ്ടെത്തുന്നതിന് സാധ്യമായ എല്ലാ നടപടികളും എടുക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അക്കൗണ്ട് ഉടമകളുടെ മേല്‍വിലാസത്തിലോ ഫോണ്‍ നമ്പറിലോ ബന്ധപ്പെടാന്‍ കഴിയുന്നില്ലെങ്കില്‍ അക്കൗണ്ട് തുടങ്ങാനായി അവരെ ബാങ്കില്‍ പരിചയപ്പെടുത്തിയവരെ കണ്ടെത്തി അവര്‍ മുഖേന അക്കൗണ്ട് ഉടമയെയോ അല്ലെങ്കില്‍ അവകാശികളെയോ കണ്ടെത്തണമെന്ന് നിര്‍ദ്ദേശമുണ്ട്. കൃത്യമായ ഇടവേളകളില്‍ ഇതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്. കെ വൈസി ഇല്ലാതെഇനി മുതല്‍ ഒരു അക്കൗണ്ടും പ്രവര്‍ത്തിപ്പിക്കരുതെന്നും അക്കൗണ്ട് തുടങ്ങുമ്പോള്‍ നിര്‍ബന്ധമായും നോമിനി ഉണ്ടായിരിക്കണമെന്നും റിസര്‍വ്വ് ബാങ്കിന്റെ കര്‍ശന നിര്‍ദ്ദേശമുണ്ട്. അവകാശികളലെത്തിയാല്‍ അവര്‍ക്ക് എളുപ്പത്തില്‍ പണം ലഭ്യമാക്കുന്നതിനായി  https://udgam.rbi.org.in/unclaimed-deposits എന്ന പേരില്‍ ഒരു വെബ്‌സൈറ്റും റിസര്‍വ്വ് ബാങ്ക് ആരംഭിച്ചിട്ടുണ്ട്.

Latest News