കോഴിക്കോട് -ഭര്‍ത്താവുമായി പിണങ്ങി സ്വന്തം മക്കളും സഹോരിയുടെ മക്കളുമായി വീട് വിട്ട യുവതി തിരിച്ചെത്തി. കൂരാച്ചുണ്ട് എരപ്പാംതോട് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയായ മധുഷെട്ടിയുടെ ഭാര്യ സ്വപ്ന, മക്കളായ പൂജശ്രീ (13) കാവ്യശ്രീ (12) സ്വപ്നയുടെ സഹോദരിയുടെ മക്കളായ ഭാരതി (18) തേജ് (17), എന്നിവരെയാണ് കഴിഞ്ഞ മാസം 20 മുതല്‍ കാണാതായത്. ഇവരെപ്പറ്റി യാതൊരു വിവരവും ലഭിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ 24 ന് മധുഷെട്ടി പോലീസില്‍ പരാതിനല്‍കിയിരുന്നു. സംഭവം വലിയ വാര്‍ത്തയായത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് തിരിച്ചെത്തിയതെന്നാണ് യുവതിയും കുട്ടികളും പറയുന്നത്. കൂരാച്ചുണ്ട് പോലീസ് സ്റ്റേഷനിലേക്കാണ് ഇവര്‍ തിരികെയെത്തിയത്. ഇത്രയും ദിവസം ഇവര്‍ എവിടെയായിരുന്നുവെന്നതിനെക്കുറിച്ച് പോലീസ് അന്വേഷിച്ചു വരികയാണ്. കുടുംബ വഴക്കിനെ തുടര്‍ന്നാണ് വീടുവിട്ടതെന്നാണ് ലഭിക്കുന്ന സൂചന. പോലീസ് ഇവരില്‍ നിന്ന് മൊഴിയെടുക്കുകയും വൈദ്യ പരിശോധന നടത്തുകയും ചെയ്തിട്ടുണ്ട്. ഭര്‍ത്താവ് പോലീസ് സ്റ്റേഷനില്‍ എത്തിയിരുന്നെങ്കിലും ഇവര്‍ കൂടെ പോകാന്‍ കൂട്ടാക്കിയിരുന്നില്ല.
സര്‍ക്കസുകാരായ മധുഷെട്ടിയും കുടുബവും കഴിഞ്ഞ പത്ത് വര്‍ഷത്തിലധികമായി കൂരാച്ചുണ്ടിലാണ് താമസിക്കുന്നത്. മധുഷെട്ടിയും സ്വപ്നയും തമ്മില്‍ വഴക്കുണ്ടാവാറുണ്ടെന്നും എന്നാല്‍ വീടു വിട്ടുപോകാന്‍ മാത്രമുള്ള പ്രശ്‌നങ്ങള്‍ ഉള്ളതായി അറിയില്ലെന്നും സമീപ വീട്ടുകാര്‍ പോലീസിനോട് പറഞ്ഞിരുന്നു. മധുഷെട്ടി ഇവരെ കാണാതാകുന്നതിന്റെ തലേ ദിവസം വീട്ടില്‍ മദ്യപിച്ചെത്തിയതായും ഇതിന്റെ പേരില്‍ വീട്ടില്‍ വാക്കുതര്‍ക്കമുണ്ടായതായും പോലീസിന് വിവരം ലഭിച്ചു.