Sorry, you need to enable JavaScript to visit this website.

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി നടേശന് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്, തെളിവില്ലെന്ന് അന്വേഷണ സംഘം

തിരുവനന്തപുരം - മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ എസ് എന്‍ ഡി പി നേതാവ് വെള്ളാപ്പള്ളി നടേശന് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്. വെള്ളാപ്പള്ളിക്കെതിരെ തെളിവില്ലെന്നും അതിനാല്‍ കേസ് അവസാനിപ്പിക്കുകയാണെന്നും വിജിലന്‍സ് അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. വി.എസ്. അച്യുതാനന്ദന്‍ നല്‍കിയ പരാതിയിലാണ് വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കി കേസ് എടുത്തിരുന്നത്. കേസ് അവസാനിപ്പിക്കുന്നതില്‍ ആക്ഷേപം ഉണ്ടെങ്കില്‍ അറിയിക്കണമെന്ന് കാണിച്ച് തൃശൂര്‍ വിജിലന്‍സ് കോടതി വി എസ് അച്യുതാനന്ദന് നോട്ടീസ് അയച്ചു.
എസ്.എന്‍.ഡി.പി യൂണിയന്‍ ശാഖകള്‍ വഴി നടത്തിയ മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ 15 കോടിയിലധികം കോടിയുടെ ക്രമക്കേട് നടന്നുവെന്നായിരുന്നു അച്യുതാനന്ദന്റെ പരാതി. പിന്നോക്ക ക്ഷേമ കോര്‍പ്പറേഷനില്‍ നിന്നെടുത്ത വായ്പ വലിയ പലിശ നിരക്കില്‍ താഴേക്ക് നല്‍കി തട്ടിപ്പ് നടത്തിയെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പ്രാഥമിക അന്വേഷണം നടത്തിയ വിജിലന്‍സ് വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കി കേസെടുത്തിരുന്നു. സംസ്ഥാനത്തുടനീളം വെള്ളാപ്പള്ളിക്കെതിരെയുള്ള 124 കേസുകളാണ് വിജിലന്‍സ് അന്വേഷിച്ചത്.
ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം എറണാകുളം റെയ്ഞ്ച് എസ് പി ഹിമേന്ദ്രനാഥാണ് അന്വേഷണങ്ങള്‍ ഏകോപിച്ചത്. വിജിലന്‍സ് അന്വേഷിച്ചതില്‍ അഞ്ചുകേസുകളാണ് എഴുതി തളളാന്‍ തീരുമാനിച്ചത്. മൈക്രോ ഫിനാന്‍സ് വായ്പകളായി നല്‍കിയ പണം സര്‍ക്കാരിലേക്ക് തിരികെ അടച്ചുവെന്നും താഴേതട്ടിലേക്ക് പണം നല്‍കിയതില്‍ ക്രമക്കേട് കണ്ടെത്താനായിട്ടില്ലെന്നുമാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. 54 കേസിലും അന്വേഷണം അന്തിമഘട്ടത്തിലാണ്. ഈ കേസുകളിലും വെള്ളാപ്പള്ളിക്ക് അനുകൂലമായാണ് വിജിലന്‍സിന്റെ കണ്ടെത്തലെന്നാണ് സൂചന. ഈ റിപ്പോര്‍ട്ടുകളും ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും.

 

Latest News