കൊച്ചി - ഡോ. വന്ദന ദാസ് കൊലക്കേസില്‍ സി ബി ഐ അന്വേഷണം അവശ്യപ്പെട്ട് വന്ദനാ ദാസിന്റെ അച്ഛന്‍ മോഹന്‍ദാസ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. നിലവിലെ പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും വീഴ്ച പറ്റിയ പോലീസുകാരെ സംരക്ഷിക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. സംഭവ സമയത്ത് ഡോ.വന്ദനയെ രക്ഷിക്കാന്‍ പോലീസുകാര്‍ ശ്രമിച്ചില്ലെന്നും അക്രമാസക്തനായ പ്രതിയെ മതിയായ സുരക്ഷയില്ലാതെ പോലീസ് ചികിത്സക്കായി കൊണ്ടു വരികയായിരുന്നുവെന്നും അതാണ് മകളുടെ മരണത്തിനിടയാക്കിയതെന്നും മോഹന്‍ദാസിന്റെ ഹര്‍ജിയില്‍ പറയുന്നുണ്ട്. അതേസമയം സംഭവത്തില്‍ സി ബി ഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ആണ് വിധി പറയുക. കേസില്‍ ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതി സന്ദീപ് നല്‍കിയ ഹര്‍ജിയിലും ഇന്ന് വിധിയുണ്ടാകും.
മെയ് 10 ന് പുലര്‍ച്ചെയാണ് കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. വന്ദന ദാസിനെ പോലീസ് ചികിത്സയ്ക്കെത്തിച്ച പ്രതി സന്ദീപ് കുത്തിക്കൊലപ്പെടുത്തിയത്. ആശുപത്രിയില്‍ വച്ച് കത്രിക കൊണ്ട് പ്രതി ഡോക്ടറെയും പോലീസുകാരെയുമടക്കം ആക്രമിക്കുകയായിരുന്നു. ഒട്ടേറെ തവണ കുത്തേറ്റ ഡോക്ടര്‍ വന്ദനയെ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.