Sorry, you need to enable JavaScript to visit this website.

റിയാദ്-ദമാം പാതയില്‍ ആധുനിക ട്രെയിനുകള്‍ വരുന്നു

പുതിയ ട്രെയിനുകള്‍ക്കുള്ള കരാറില്‍ സൗദി അറേബ്യ റെയില്‍വെയ്‌സ് സി.ഇ.ഒ ഡോ. ബശാര്‍ അല്‍മാലികും സ്റ്റാഡ്‌ലര്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനും സി.ഇ.ഒയുമായ പീറ്റര്‍ സ്പുലറും ഒപ്പുവെക്കുന്നു.

റിയാദ് - റിയാദ്, ദമാം പാതയില്‍ സര്‍വീസുകള്‍ക്ക് ഉപയോഗിക്കാന്‍ പത്തു ആധുനിക പാസഞ്ചര്‍ ട്രെയിനുകള്‍ വാങ്ങാന്‍ സൗദി അറേബ്യ റെയില്‍വെയ്‌സും സ്വിസ്സ് ട്രെയിന്‍ നിര്‍മാണ കമ്പനിയായ സ്റ്റാഡ്‌ലറും കരാര്‍ ഒപ്പുവെച്ചു. ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് മന്ത്രിയും സൗദി അറേബ്യ റെയില്‍വെയ്‌സ് ഡയറക്ടര്‍ ബോര്‍ഡ് പ്രസിഡന്റുമായ എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിറിന്റെയും സ്വിസ് ഫെഡറല്‍ കൗണ്‍സില്‍ അംഗവും സാമ്പത്തിക, വിദ്യാഭ്യാസ, ഗവേഷണ കാര്യങ്ങള്‍ക്കുള്ള ഫെഡറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് തലവനുമായ ഗൈ പാര്‍മെലിന്റെയും സാന്നിധ്യത്തില്‍ സൗദി അറേബ്യ റെയില്‍വെയ്‌സ് സി.ഇ.ഒ ഡോ. ബശാര്‍ അല്‍മാലികും സ്റ്റാഡ്‌ലര്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനും സി.ഇ.ഒയുമായ പീറ്റര്‍ സ്പുലറുമാണ് കരാറില്‍ ഒപ്പുവെച്ചത്. ട്രെയിനുകള്‍ക്കുള്ള ഓര്‍ഡര്‍ 20 ആയി ഉയര്‍ത്താനുള്ള സാധ്യതയും കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
റിയാദ്, ദമാം റൂട്ടില്‍ യാത്രക്കാരുടെ എണ്ണം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് പുതിയ ട്രെയിനുകള്‍ വാങ്ങുന്നതെന്ന് ഡോ. ബശാര്‍ അല്‍മാലിക് പറഞ്ഞു. പുതിയ ട്രെയിനുകള്‍ ഈ റൂട്ടില്‍ യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള ശേഷി ഇരട്ടിയായി ഉയര്‍ത്തും. റിയാദ്, ദമാം റൂട്ടില്‍ പ്രതിവര്‍ഷം 38 ലക്ഷത്തിലേറെ യാത്രക്കാര്‍ക്ക് സേവനം നല്‍കാന്‍ പുതിയ ട്രെയിനുകള്‍ സഹായിക്കും. കൂടാതെ റിയാദിനും ദമാമിനുമിടയില്‍ ഡയറക്ട് എക്‌സ്പ്രസ് സര്‍വീസ് നടത്താനും പുതിയ ട്രെയിനുകള്‍ അവസരമൊരുക്കുമെന്ന് ഡോ. ബശാര്‍ അല്‍മാലിക് പറഞ്ഞു. 2027 ല്‍ പുതിയ ട്രെയിനുകള്‍ സര്‍വീസ് ആരംഭിക്കും. ഓരോ ട്രെയിനുകളിലും 340 സീറ്റുകള്‍ വീതമാണുണ്ടാവുക.


 

Latest News