ജിദ്ദ- റിയാല്‍- രൂപ വിനിമയത്തിലെ മികച്ച നിരക്ക് ലക്ഷ്യമിട്ട് എക്‌സ്‌ചേഞ്ചുകളില്‍ പ്രവാസികളുടെ തിരക്ക്. ഒരു റിയാലിന് 18.60 രൂപയാണ് ഇന്ന് ജിദ്ദയിലെ എക്‌സ്‌ചേഞ്ചില്‍ ലഭിച്ച മികച്ച നിരക്ക്. മാസാവസാനം ശമ്പളം ലഭിക്കുന്ന സമയമായതിനാല്‍ രൂപയുടെ മൂല്യമിടിഞ്ഞത് പ്രവാസികള്‍ക്ക് അനുഗ്രഹമായിട്ടുണ്ട്. മാസാവസാനം ഇപ്പോള്‍ ശമ്പളം ലഭിക്കാറില്ലെന്നും അത് പത്തും പതിനഞ്ചും ദിവസങ്ങള്‍ നീണ്ടുപോകുകയാണെന്ന് പരാതിപ്പെടുന്നവരും ധാരാളമാണ്. മാസങ്ങള്‍ നീളുന്നതും പതിവായിട്ടുണ്ട്. ശമ്പളം കിട്ടി കൈയില്‍ റിയാല്‍ വന്നുചേരുമ്പോഴേക്കും രൂപയുടെ മൂല്യം ഉയരുമെന്നാണ് അവരുടെ ആശങ്ക.
രൂപയുടെ മൂല്യം ഇടിയുന്നത് നാട്ടില്‍ വലിയ ആശങ്ക ഉയര്‍ത്തുന്ന കാര്യമാണെങ്കിലും പലവിധ ബാധ്യതകളുള്ളവര്‍ ഈ അവസരം ഉപയോഗപ്പെടുത്തുന്നുണ്ട്. ചിട്ടി പിടിച്ചും വായ്പ തരപ്പെടുത്തിയും മറ്റുമാണ് അവര്‍ മികിച്ച നിരക്ക് ലക്ഷ്യമിട്ട് പണമയക്കുന്നത്.
ഡോളര്‍ ശക്തിപ്രാപിച്ചതും എണ്ണവില ഉയര്‍ന്നതുമാണ് കറന്‍സി വിപണിയില്‍ പ്രതിഫലിച്ചത്. ഇതോടൊപ്പം യൂറോപ്യന്‍, ഗള്‍ഫ് കറന്‍സികളും കരുത്തുകാട്ടി. ഇന്ത്യയിലെ വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ രൂപയിലെ നിക്ഷേപം പിന്‍വലിച്ച് ഡോളറിലേക്ക് മാറ്റിയതും ഇറക്കുമതിക്കാര്‍ ഡോളര്‍ വാങ്ങിക്കൂട്ടിയതും രൂപയ്ക്ക് തിരിച്ചടിയായി.
സൗദി അറേബ്യയില്‍നിന്ന് പണമയക്കുന്നവര്‍ പരമാവധി നിരക്ക് ലഭിക്കണമെങ്കില്‍ എല്ലാ എക്‌സ്‌ചേഞ്ചുകളിലേയും വിനിമയ നിരക്ക് അന്വേഷിക്കുന്നത് ഉചിതമായിരിക്കും. ഇന്ന് വിവിധ എക്‌സ്‌ചേഞ്ചുകളില്‍ 20 മുതല്‍ 40 പൈസയുടെ വരെ വ്യത്യാസമുണ്ട്. കേരളത്തിലെ പ്രളയം കണക്കിലെടുത്ത് ചില എക്‌സ്‌ചേഞ്ചുകള്‍ നാളെ വരെ സര്‍വീസ് ചാര്‍ജ് ഒഴിവാക്കിയിട്ടുണ്ട്.
സ്ഥിരം അയക്കുന്ന എക്‌സ്‌ചേഞ്ചുകളെ തന്നെ ആശ്രയിക്കാതെ ഏറ്റവും കൂടുതല്‍ നിരക്ക് ലഭിക്കുന്ന സ്ഥാപനങ്ങള്‍ കണ്ടെത്തുന്നത് വലിയ തുക അയക്കുന്നവര്‍ക്ക് തീര്‍ച്ചയായും ലാഭകരമായിരിക്കും. കുറഞ്ഞ തുക അയക്കുന്നവര്‍ക്ക് സര്‍വീസ് ചാര്‍ജ് ഒഴിവാക്കിയ എക്‌സ്‌ചേഞ്ചുകളായിരിക്കും ആദായകരം.