അബുദാബി- യു.എ.ഇയില്‍ അധ്യാപകര്‍ക്ക് അവരുടെ സ്വന്തം സ്‌കൂളുകളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് സ്വകാര്യ ട്യൂഷന്‍ നല്‍കാന്‍ പാടില്ലെന്ന് അധികൃതര്‍. സ്വകാര്യ ട്യൂഷന്‍ വര്‍ക്ക് പെര്‍മിറ്റ് ലഭിക്കാന്‍ അധ്യാപകര്‍ ഒപ്പിടേണ്ട 'പെരുമാറ്റച്ചട്ടത്തില്‍ ഇക്കാര്യം പറയുന്നുണ്ട്. സ്വന്തം സ്‌കൂളുകളുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്വകാര്യ സേവനങ്ങള്‍ നല്‍കുന്നത് നിരോധിച്ചിട്ടുണ്ടെന്ന് ഇതില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പുറത്ത് സ്വകാര്യ ട്യൂഷന്‍ നല്‍കുന്നതിന് അധ്യാപകര്‍ പെര്‍മിറ്റ് നേടണമെന്ന വ്യവസ്ഥ വന്നത്. പെര്‍മിറ്റ് ആദ്യമായി പ്രഖ്യാപിച്ചപ്പോള്‍ തന്നെ അധ്യാപകര്‍ സ്വന്തം വിദ്യാര്‍ത്ഥികളെ സ്വകാര്യമായി പരിശീലിപ്പിക്കുന്നത് പാടില്ലെന്ന് വ്യക്തമാക്കിയിരുന്നു. പരീക്ഷാ മൂല്യനിര്‍ണയത്തിലും മറ്റും ഇത് സ്വാധീനിക്കുമെന്ന ആശങ്കയായിരുന്നു കാരണം.
രണ്ട് വര്‍ഷത്തെ പെര്‍മിറ്റ് ലഭിക്കുന്നതിന് അപേക്ഷകര്‍ സമര്‍പ്പിക്കേണ്ട രേഖകളില്‍ ഇക്കാര്യം ഉള്‍പ്പെട്ട പെരുമാറ്റച്ചട്ടവും ഉള്‍പ്പെടുന്നു.
രജിസ്റ്റര്‍ ചെയ്ത അധ്യാപകര്‍, ഇതിനകം ജോലിയുള്ളവര്‍, തൊഴിലില്ലാത്ത വ്യക്തികള്‍, 15 മുതല്‍ 18 വരെ പ്രായമുള്ള സ്‌കൂള്‍ വിദ്യാര്‍ഥികള്‍, യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് സൗജന്യമായി നല്‍കുന്ന പെര്‍മിറ്റിന് അപേക്ഷിക്കാം.
MoHRE വെബ്‌സൈറ്റ് വഴി അനുവദിച്ച പെര്‍മിറ്റുള്ള സ്വകാര്യ അധ്യാപകര്‍ക്ക് നിരവധി വിഷയങ്ങള്‍ പഠിപ്പിക്കാന്‍ കഴിയും. അവയില്‍ ഇവ ഉള്‍പ്പെടുന്നു:
-ഗണിതം, ഫിസിക്‌സ്, കെമിസ്ട്രി, ജിയോളജി, സോഷ്യോളജി, ഫുഡ് സയന്‍സ് തുടങ്ങിയ അക്കാദമിക് വിഷയങ്ങള്‍.
-ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ജര്‍മ്മന്‍ തുടങ്ങിയ ഭാഷകള്‍.
-വാണിജ്യം, അക്കൗണ്ടിംഗ്, സാമ്പത്തിക ശാസ്ത്രം തുടങ്ങിയ ബിസിനസ് വിഷയങ്ങള്‍.
-ചരിത്രവും ഭൂമിശാസ്ത്രവും പോലുള്ള സാമൂഹിക വിഷയങ്ങള്‍.
-കലയും രൂപകല്‍പ്പനയും
-അറബിക്, ഇസ്ലാമിക് പഠനങ്ങള്‍
-ഫിസിക്കല്‍ എജ്യൂക്കേഷന്‍
-ഫിലിം, വീഡിയോ പ്രൊഡക്ഷന്‍, ഗ്രാഫിക് ഡിസൈന്‍, മള്‍ട്ടിമീഡിയ
-നൃത്തം, സംഗീതം, നാടകം.
അപേക്ഷിക്കേണ്ടവിധം
കുട്ടികള്‍ക്ക് വിദ്യാഭ്യാസ സഹായം ലഭിക്കാന്‍ രക്ഷിതാക്കള്‍ അധ്യാപകരെ തേടുന്നതിനാല്‍ നിയമവിരുദ്ധവും അനിയന്ത്രിതവുമായ സ്വകാര്യ ട്യൂഷനുകള്‍ തടയാന്‍ പെര്‍മിറ്റ് ലക്ഷ്യമിടുന്നു.
അനുമതിയില്ലാതെ സ്വകാര്യ പാഠഭാഗങ്ങള്‍ വാഗ്ദാനം ചെയ്യുന്നവര്‍ പിഴയടക്കേണ്ടി വരും. പെര്‍മിറ്റിന് ആവശ്യമുള്ള രേഖകള്‍ ഇവയാണ്:
-സാധുവായ യുഎഇ റെസിഡന്‍സി (പാസ്‌പോര്‍ട്ട്/എമിറേറ്റ്‌സ് ഐഡി)
-ഒപ്പിട്ട പെരുമാറ്റച്ചട്ടം
- സ്വഭാവ സര്‍ട്ടിഫിക്കറ്റ്
- തൊഴിലുടമയില്‍നിന്നുള്ള നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്
- രക്ഷിതാവില്‍നിന്നുള്ള നോഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (സ്വകാര്യ ട്യൂഷനുകള്‍ വാഗ്ദാനം ചെയ്യാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്)
- പരിചയ സര്‍ട്ടിഫിക്കറ്റ് (എന്തെങ്കിലും ഉണ്ടെങ്കില്‍)