തിരുവനന്തപുരം- ക്ഷത്രിയ സമുദായാംഗമായതിനാല്‍ തമ്പുരാനെന്നും തമ്പുരാട്ടിയെന്നും തന്നെയാണ് വിളിപ്പേരെന്നും മറ്റുള്ളവരുടെ ജാതിപ്പേര് വിളിക്കുമ്പോള്‍ ഉണ്ടാകാത്ത പ്രശ്‌നമെന്തിനാണ് തങ്ങളെ വിളിക്കുമ്പോഴെന്നും തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മി ഭായ്.
നായര്‍, പിള്ള, മേനോന്‍, നമ്പൂതിരി, അയ്യര്‍, നമ്പൂതിരിപ്പാട് തുടങ്ങി എത്രയോ ജാതിപ്പേരുകളുണ്ട്. അവരെയൊക്കെ അങ്ങനെ തന്നെ വിളിക്കുന്നുമുണ്ട്. അവിടെയൊന്നും യാതൊരു പ്രശ്‌നവുമില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. തമ്പുരാട്ടി എന്നതിനേക്കാള്‍ പലപ്പോഴും തമ്പുരാന്‍ എന്നും വിളിക്കാറുണ്ടെന്നും അശ്വതി തിരുനാള്‍ തമ്പുരാന്‍ എന്നാണ് കാവടിയാറിലൊക്കെ വിളിക്കുന്നതെന്നും അവര്‍ പറഞ്ഞു.
മറ്റൊരാളുടെ അടിയില്‍ പോയി ജോലി ചെയ്യേണ്ടതില്ലെന്നും ആവശ്യമില്ലെന്നും അശ്വതി തിരുനാള്‍ വീണ്ടും വിശദമാക്കി. മോശമായതുകൊണ്ടല്ല അങ്ങനെ ജോലി ചെയ്യേണ്ടതുണ്ടെന്ന് ചിന്തിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു. കൊട്ടാരത്തിലെ സ്ത്രീകള്‍ക്ക് ജോലിക്ക് പോകണമെന്ന ചിന്തയുണ്ടായിട്ടില്ലെന്നും അവര്‍ പറഞ്ഞു.
ആര്‍ത്തവ അശുദ്ധിയെ കുറിച്ചും കെമിക്കല്‍ റിയാക്ഷന്‍സിനെ കുറിച്ചും ചെറുപ്പത്തില്‍ കുറേ കേട്ടിട്ടുണ്ടെന്നും അതുകൊണ്ടാണ് ചെടിക്ക് വെള്ളമൊഴിക്കുന്നതിനെ കുറിച്ച് പറഞ്ഞതെന്നും അവര്‍ വിശദമാക്കി. തുളസി പരിപാവനമായതിനാലാണ് ആര്‍ത്തവ സമയത്ത് വെള്ളമൊഴിക്കാത്തതെന്നും മറ്റു ചെടികള്‍ക്കും വെള്ളം ഒഴിക്കില്ലെന്നും അവര്‍ പറഞ്ഞു. ആര്‍ത്തവ സമയത്ത് ചെടിക്ക് വെള്ളമൊഴിക്കുന്ന സ്ത്രീകളുണ്ടെന്നും എന്നിട്ടും ചെടിക്ക് യാതൊരു കുഴപ്പവും പറ്റിയിട്ടില്ലെന്നും ചിലരൊക്കെ പറഞ്ഞെന്നും അങ്ങനെ ചെയ്യുന്നവര്‍ക്ക് അതുപോലെ തുടരാമെന്നും അവര്‍ വിശദമാക്കി.
തനിക്ക് ഇനിയൊരു ജന്മമുണ്ടെങ്കില്‍ ശ്രീപത്മനാഭനെ ചുറ്റിക്കറങ്ങുന്ന മന്ദമാരുതനാകണമെന്നാണ് ആഗ്രഹമെന്നും അവര്‍ പറഞ്ഞു. നേരത്തെ തുളസിക്കതിരാകാനാണ് ആഗ്രഹിച്ചതെങ്കിലും അതെടുത്ത് മാറ്റുമെന്നതിനാല്‍ എല്ലാ സമയത്തും ചുറ്റിക്കറങ്ങുന്ന കാറ്റാകാനാണ് ഇപ്പോള്‍ ആഗ്രഹിക്കുന്നതെന്നും അവര്‍ പറഞ്ഞു.
പത്മശ്രീ പുരസ്‌ക്കാരം പ്രഖ്യാപിച്ചപ്പോള്‍ തനിക്ക് ആശ്ചര്യം തോന്നിയെന്നും അവര്‍ വിശദീകരിച്ചു.