ജിദ്ദ - സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന വിദേശികൾ കഴിഞ്ഞ വർഷം നിയമാനുസൃത മാർഗങ്ങളിലൂടെ സ്വദേശങ്ങളിലേക്ക് അയച്ചത് 12,490 കോടി റിയാൽ. കഴിഞ്ഞ വർഷം പ്രതിദിനം ശരാശരി 34.2 കോടി റിയാൽ തോതിൽ വിദേശികൾ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വഴി സ്വദേശങ്ങളിലേക്ക് അയച്ചു. അഞ്ചു വർഷത്തിനിടെ വിദേശികളുടെ റെമിറ്റൻസ് ഇത്രയും കുറയുന്നത് ആദ്യമാണെന്ന് സൗദി സെൻട്രൽ ബാങ്ക് കണക്കുകൾ വ്യക്തമാക്കുന്നു.
2022 നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം വിദേശികൾ അയച്ച പണം 12.81 ശതമാനം തോതിൽ കുറഞ്ഞു. 2022 ൽ വിദേശികൾ നിയമാനുസൃത മാർഗങ്ങളിൽ സ്വദേശങ്ങളിലേക്ക് 14,324 കോടി റിയാൽ അയച്ചിരുന്നു. ഇതിനെ അപേക്ഷിച്ച് കഴിഞ്ഞ വർഷം അയച്ച പണത്തിൽ 1,834 കോടി റിയാലിന്റെ കുറവ് രേഖപ്പെടുത്തി. 2022 നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം വിദേശികൾ അയച്ച പണത്തിൽ പ്രതിദിനം ശരാശരി അഞ്ചു കോടിയിലേറെ റിയാലിന്റെ കുറവ് രേഖപ്പെടുത്തി.
അഞ്ചു വർഷത്തിനിടെ വിദേശികൾ ഏറ്റവുമധികം പണമയച്ചത് 2021 ൽ ആയിരുന്നു. ആ വർഷം 15,357 കോടി റിയാൽ വിദേശികൾ സ്വദേശങ്ങളിലേക്ക് അയച്ചു. പ്രതിദിനം ശരാശരി 42.1 കോടി റിയാൽ തോതിൽ 2021 ൽ വിദേശികൾ സ്വദേശങ്ങളിലേക്ക് അയച്ചിരുന്നു. ഇതിനെ അപേക്ഷിച്ച് കഴിഞ്ഞ വർഷം വിദേശികളുടെ റെമിറ്റൻസ് 18.83 ശതമാനം തോതിൽ കുറഞ്ഞു. 2021 നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം റെമിറ്റൻസിൽ 2,897 കോടി റിയാലിന്റെ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ ഡിസംബറിൽ വിദേശികൾ 1,065 കോടി റിയാലാണ് നിയമാനുസൃത മാർഗങ്ങളിലൂടെ സ്വദേശങ്ങളിലേക്ക് അയച്ചത്.
ബിനാമി ബിസിനസ് സ്ഥാപനങ്ങളുടെ പദവി ശരിയാക്കാൻ അനുവദിച്ച പൊതുമാപ്പ് അവസാനിച്ചതിന് വിദേശികളുടെ റെമിറ്റൻസിൽ രേഖപ്പെടുത്തിയ കുറവുമായി ബന്ധമുണ്ടെന്നാണ് കരുതുന്നത്. ബിനാമി ബിസിനസുകളുടെ പദവി ശരിയാക്കാൻ അനുവദിച്ച പൊതുമാപ്പ് കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് അവസാനിച്ചത്. നിരവധി നിയമ ലംഘകർ ഇളവുകൾ പ്രയോജനപ്പെടുത്തി സ്ഥാപനങ്ങളുടെ പദവികൾ ശരിയാക്കിയിരുന്നു.
ബിനാമി ബിസിനസിനെ കുറിച്ച് ബന്ധപ്പെട്ട വകുപ്പുകളെ വിവരം അറിയിക്കുമ്പോൾ കുറ്റകൃത്യം അവസാനിപ്പിക്കൽ, ബന്ധപ്പെട്ട വകുപ്പുകൾ കണ്ടെത്തുന്നതിനു മുമ്പായി ബിനാമി ബിസിനസ് നടത്തുന്നതിനെയും ബിനാമി സ്ഥാപനത്തിലെ പങ്കാളികളെയും കുറിച്ച് അറിയിക്കൽ, ബിനാമി സ്ഥാപനത്തെ കുറിച്ച് അറിയിക്കുന്നതിനു മുമ്പായി മറ്റുള്ളവർ ഇതേ കുറിച്ച് അറിയിക്കാതിരിക്കൽ, കേസിലെ കക്ഷികൾക്കെതിരായ അന്വേഷണത്തിൽ വാണിജ്യ മന്ത്രാലയവുമായും ബന്ധപ്പെട്ട വകുപ്പുകളുമായും സഹകരിക്കൽ, കുറ്റകൃത്യം തെളിയിക്കാൻ ആവശ്യമായ തെളിവോ വിവരമോ കൈമാറൽ, കുറ്റകൃത്യവുമായി ബന്ധപ്പെട്ട വിവരങ്ങളും തെളിവുകളും നശിപ്പിക്കാതിരിക്കൽ-ഒളിപ്പിച്ചുവെക്കാതിരിക്കൽ, ബിനാമി ബിസിനസുകാരുടെ സമ്പാദ്യം കണ്ടെത്താനോ സമ്പാദ്യം നിയന്ത്രണത്തിലാക്കുന്നതിൽ നിന്ന് കുറ്റവാളികളെ തടയാനോ പരാതി സഹായിക്കൽ എന്നീ ഏഴു വ്യവസ്ഥകൾ ബിനാമി ബിസിനസുകളിൽ പങ്കുള്ളവരെ ശിക്ഷകളിൽ നിന്ന് ഒഴിവാക്കാൻ നിർണയിച്ചിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)