രാഷ്ട്രപിതാവിനും അദ്ദേഹത്തിന്റെ ആശയങ്ങൾക്കുമൊപ്പം നിൽക്കുന്നില്ലെങ്കിലും അദ്ദേഹത്തെ കൊന്നവർക്കൊപ്പമാണ് എന്ന് പറയാൻ യുവത്വം കടന്നിട്ടില്ലാത്ത ബഹുമാന്യയെന്ന് സമൂഹം കരുതുതേണ്ട ഒരധ്യാപിക ധൈര്യം കാണിക്കുമ്പോൾ കുനിയുന്നത് ഇന്ത്യയുടെ തലയാണ്. നിലപാടിനെതിരെ വലിയ തോതിലുള്ള ഒരു പ്രതിഷേധവും എവിടെയും കാണുന്നില്ല. നിയമസഭ നടക്കുന്ന കാലമായതിനാൽ ഇനിയുണ്ടാകുമോ എന്നറിയില്ല.
ഗാന്ധി ഘാതകൻ നാഥുറാം വിനായക് ഗോഡ്സെയെ മഹത്വവത്കരിച്ച കോഴിക്കോട് എൻ.ഐ.ടി പ്രൊഫസർ ഒരു വനിതയാണെന്നത് ഇന്ത്യൻ ജനതയെയാകെ ഞെട്ടിക്കേണ്ട സംഗതിയാണ്. ഭാവി ഇന്ത്യയെ രൂപപ്പെടുത്തേണ്ടവരെ പഠിപ്പിക്കുന്ന അധ്യാപികയുടെ ചിന്തയിൽ പോലും ഇത്രയും ഗുരുതരമായ പ്രതിലോമ അവസ്ഥ കൂടുകെട്ടി താമസിക്കുന്നുവെന്നതിൽ അതിശയമൊന്നും തോന്നേണ്ടതില്ല. ഇന്ത്യയുടെ സമീപകാല സ്ഥിതി അതാണ് -സർവ നാശത്തിലേക്കുളള തിരിച്ചു നടത്തം. ഒരു നാട് കണ്ടു, കണ്ടു നിൽക്കെ ഇല്ലാതായിപ്പോകുന്നത് ആരും അറിയുന്നില്ലെന്ന് മാത്രം.
കോഴിക്കോട് എൻ.ഐ.ടിയിലെ പ്രൊഫസറായ ഷൈജ ആണ്ടവനാണ് ഗോഡ്സെയെ മഹത്വവത്കരിച്ച് സമൂഹ മാധ്യമത്തിൽ കമന്റിടാൻ ധൈര്യം കാണിച്ചത്. ഹിന്ദുമഹാസഭ പ്രവർത്തകൻ നാഥുറാം വിനായക് ഗോഡ്‌സെ ഭാരതത്തിലെ ഒരുപാട് പേരുടെ ഹീറോ എന്ന കുറിപ്പോടെ ഗാന്ധിജി കൊല്ലപ്പെട്ട ദിനത്തിൽ അഡ്വ. കൃഷ്ണരാജ് പോസ്റ്റ് ചെയ്ത ഗോഡ്‌സെയുടെ ചിത്രത്തിന് താഴെയായിരുന്നു അധ്യാപികയുടെ കമന്റ്. വിവാദമായതോടെ പോസ്റ്റ് ഒഴിവാക്കിയിട്ടുണ്ട്. ഗാന്ധി പ്രതിമയുടെ ഇടനെഞ്ച് നോക്കി വെടിയുതിർക്കുന്ന രാഷ്ട്രീയ ഭീകരതയുടെ ചിത്രം ഇന്ത്യയുടെ മനസ്സിൽ വലിയ ഭീതിയായി ഇപ്പോഴുമുണ്ടാകും. ഗാന്ധിജി ഇന്നായിരുന്നു ജീവിച്ചതെങ്കിൽ താൻ കൊല്ലുമായിരുന്നു എന്ന ഭ്രാന്ത്. അതങ്ങ് കേരളത്തിന് വെളിയിലല്ലെ എന്ന് ആശ്വസിച്ചവരെ പാലക്കാട്ടുകാരിയായ എൻ.ഐ.ടി അധ്യാപിക തിരുത്തിയിരിക്കുന്നു -കൊന്നു കളഞ്ഞിട്ടും പകതീരാത്തവർ കേരളത്തിലും വർധിച്ചു വരികയാണെന്ന്. ഗാന്ധിജി എന്നും മനുഷ്യ വിരുദ്ധരുടെ മുഖ്യ ശത്രുവായിരുന്നു. ജീവിതത്തിലുടനീളം സനാതനിയായിരുന്നു ഗാന്ധിജി എന്ന് അറിയാത്തവരുണ്ടാകില്ല. മതമില്ലാതെ ഒരു സെക്കന്റ് പോലും തനിക്ക് ജീവിക്കാനാകില്ലെന്ന് പറഞ്ഞ മഹാവ്യക്തിത്വം. പരമത വിരോധം മാത്രം മനസ്സിൽ കൊണ്ടുനടക്കുന്നവരെ ഗാന്ധിയൻ ദർശനം എപ്പോഴും വേട്ടയാടും. അതവരുടെ കാര്യം. ഇത്തരക്കാർ പ്രധാന സ്ഥാപനങ്ങളിൽ അധ്യാപകരായിരിക്കുന്നതൊക്കെ കണ്ടില്ലെന്ന് നടിക്കാൻ ഭരണകൂടങ്ങൾക്ക് എങ്ങനെ സാധിക്കുന്നുവെന്നതാണ് അതിശയം. രാഷ്ട്രപിതാവിന്റെ കൊലയാളിയെ ന്യായീകരിച്ചയാൾ ഉന്നത സ്ഥാപനങ്ങളുടെ തലപ്പത്തിരുന്ന് ഭാവി തലമുറയെ പഠിപ്പിക്കുന്നത് കണ്ടില്ലെന്ന് നടിക്കുന്ന ഭരണകൂടങ്ങളും കൂട്ടുപ്രതികളാണ്.
എസ്.എഫ്.ഐ കുന്നമംഗലം ഏരിയ സെക്രട്ടറി വൈശാഖൻ നൽകിയ പരാതിയിൽ പോലീസ് 153 വകുപ്പ് പ്രകാരം അധ്യാപികയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഗോഡ്സെ ഇന്ത്യയെ രക്ഷിച്ചതിൽ അഭിമാനം ഉണ്ട് എന്നതായിരുന്നു ഷൈജയുടെ വിഷവാക്കുകൾ. കലാപ ആഹ്വാന കുറ്റം ചുമത്തിയാണ് അധ്യാപികയ്ക്കെതിരെ കേസെടുത്തിട്ടുള്ളത്. നോക്കണേ, ഒരു വർഷം തടവോ പിഴയോ ലഭിക്കാവുന്ന ജാമ്യം ലഭിക്കുന്ന കുറ്റം. സൈക്കിളിൽ ഡെബിളെടുത്ത് പോയവരെ കൈകാര്യം ചെയ്യുന്ന ലാഘവത്വം. നടപടി ആവിശ്യപ്പെട്ട് എം.കെ രാഘവൻ എം.പിയും ഡി.വൈ.എഫ്.ഐ കോഴിക്കോട് സിറ്റി കമ്മിറ്റിയുമൊക്കെ രംഗത്തു വന്നിട്ടുണ്ട്. കെ.എസ്.യു നടക്കാവ് പോലീസിൽ പരാതി നൽകി കാത്തിരിക്കുകയാണ്. എം.എസ്.എഫും പ്രതിഷേധവുമായി രംഗത്തുണ്ട്. വിവാദത്തിൽ അധ്യാപിക ഇതെഴുന്നതു വരെ പ്രതികരിച്ചിട്ടില്ല.
കേരളം പോലൊരു സ്ഥലത്ത് ഇത്രയൊക്കെ മതിയോ? എൻ.ഐ.ടി കേന്ദ്ര സർക്കാർ സ്ഥാപനമാണെന്ന് കൈ കഴുകുകയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു. ഗാന്ധിജിയുടെ വധത്തിന് ശേഷം പ്രതികാര ചിന്ത പാടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ രണ്ട് പ്രമുഖ അനുയായികളായ വല്ലഭായ് പട്ടേലും ജവാഹർ ലാൽ നെഹ്‌റുവും ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നത്. നമ്മുടെ നാഥൻ പോയി, പക്ഷേ സന്ദേശം നിലനിൽക്കുന്നു എന്നായിരുന്നു നെഹ്‌റുവും പട്ടേലും ഇന്ത്യൻ ജനതയെ അന്ന് പഠിപ്പിച്ചുകൊണ്ടിരുന്നത്. ഇന്ത്യൻ ജനത ചെയ്ത അപരാധത്തിന് സ്വന്തം ജീവൻ നൽകേണ്ടി വന്ന വ്യക്തിയാണദ്ദേഹമെന്ന് രാഷ്ട്ര നേതാക്കൾ ജനങ്ങളെ അന്ന് ഓർമിപ്പിച്ചിരുന്നു. ഗാന്ധിജിയുടെ മരണ ശേഷം അദ്ദേഹത്തിന്റെ നിയോഗം പൂർത്തീകരിക്കുമെന്ന് പ്രതിജ്ഞ ചെയ്യാൻ മടിക്കുന്ന ആരെങ്കിലും ഇവിടെയുണ്ടോ എന്നായിരുന്നു ഗാന്ധിജിയുടെ ചിതാഭസ്മം ഗംഗയിൽ ഒഴുക്കിയ ശേഷം നെഹ്‌റുവും പട്ടേലും അവിടെ തടിച്ചു കൂടിയ ജനാവലിയോട് ചോദിച്ചത്. ഉണ്ടെന്ന് ഗാന്ധി വധത്തിന് ശേഷം വർഷങ്ങൾക്കിപ്പുറവും പ്രഖ്യാപിക്കുന്നവരാണ് ഐ.ഐ.ടിയുടെയൊക്കെ തലപ്പത്തെത്തുന്നതെന്നത് ഇന്ത്യൻ ജനതയെയാകെ പിടിച്ചു കുലുക്കേണ്ടതായിരുന്നു.
രാഷ്ട്രപിതാവിനും അദ്ദേഹത്തിന്റെ ആശയങ്ങൾക്കുമൊപ്പം നിൽക്കുന്നില്ലെങ്കിലും അദ്ദേഹത്തെ കൊന്നവർക്കൊപ്പമാണ് എന്ന് പറയാൻ യുവത്വം കടന്നിട്ടില്ലാത്ത ബഹുമാന്യയെന്ന് സമൂഹം കരുതുതേണ്ട ഒരധ്യാപിക ധൈര്യം കാണിക്കുമ്പോൾ കുനിയുന്നത് ഇന്ത്യയുടെ തലയാണ്. നിലപാടിനെതിരെ വലിയ തോതിലുള്ള ഒരു പ്രതിഷേധവും എവിടെയും കാണുന്നില്ല. നിയമസഭ നടക്കുന്ന കാലമായതിനാൽ ഇനിയുണ്ടാകുമോ എന്നറിയില്ല.