തിരുവനന്തപുരം- സംസ്ഥാന ബജറ്റ് മല എലിയെ പ്രസവിച്ചതുപോലെയെന്ന് എ.കെ ആന്റണി. സെക്രട്ടേറിയറ്റിനെ ഇളക്കിമറിച്ചവര്‍ ഇന്ന് ഉറക്കംനടിച്ച് കിടപ്പാണ്. ഡി.എ കുറച്ചുമാസത്തേക്ക് മാറ്റിവെച്ചപ്പോള്‍ ബഹളംവെച്ചവര്‍ ഇന്ന് ഡി.എ കൊടുത്തിട്ട് വര്‍ഷങ്ങളായെന്നും കേരള സ്‌റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനംചെയ്ത് സംസാരിക്കവേ എ.കെ ആന്റണി പറഞ്ഞു.
കോണ്‍ഗ്രസിന്റെ ഗവണ്‍മെന്റുകള്‍ ഉണ്ടായിരുന്നപ്പോള്‍ പ്രതിപക്ഷം പെന്‍ഷനുവേണ്ടി സമരാഗ്‌നിയുമായി ഇറങ്ങി. ഇന്നവര്‍ കുംഭകര്‍ണന്മാരെപ്പോലെ ഉറക്കം നടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഈ ഗവണ്‍മെന്റിന് പണമില്ലെന്ന് പറയുന്നു. 'മുണ്ട് മുറുക്കി ഉടുക്കുക' എന്ന് നാട്ടില്‍ ഒരു ശൈലിയുണ്ട്. പക്ഷെ, ഇവിടെയുള്ളത് ധൂര്‍ത്തിന്റെ കാര്യത്തില്‍ സര്‍വകാല റെക്കോഡിട്ട സര്‍ക്കാരാണ്. ഐക്യകേരളം ഉണ്ടായത്തിന് ശേഷം ഇത്രയേറേ ധൂര്‍ത്ത് നടത്തുന്ന സര്‍ക്കാരുണ്ടായിട്ടില്ല.
സര്‍ക്കാര്‍ ജീവക്കാരുടെയും ക്ഷേമ പെന്‍ഷന്‍കാരുടെയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരമില്ല. ബജറ്റ് ദിവസമായതുകൊണ്ട് എന്തെങ്കിലും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷെ, ബജറ്റ് പ്രഖ്യാപനം മല എലിയെ പ്രസവിച്ചതുപോലെയായെന്നും അദ്ദേഹം പറഞ്ഞു.