Sorry, you need to enable JavaScript to visit this website.

കേരള ബജറ്റ്: കോർപ്പറേറ്റ് വത്കരണത്തിന്റെ സമ്പൂർണ്ണ പ്രഖ്യാപനം -വെൽഫെയർ പാർട്ടി

തിരുവനന്തപുരം - കേരളത്തിലെ ധനകാര്യ നയം കോർപ്പറേറ്റ് വത്കരണ നയം മാത്രമാണെന്ന് സമ്പൂർണ്ണമായി ഉറപ്പിക്കുന്ന ബജറ്റാണ് ധനമന്ത്രി ബാലഗോപാൽ നിയമസഭയിൽ ഇന്ന് അവതരിപ്പിച്ചതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. 

ജനകീയ ബദലിനെക്കുറിച്ചുള്ള എൽ.ഡി.എഫ് നിലപാട് വെറും വിടുവായത്തം മാത്രമാണെന്ന് തെളിഞ്ഞു. പരമ്പരാഗത വ്യവസായങ്ങളെ സൂര്യാസ്തമയ മേഖലകളായി പ്രഖ്യാപിച്ച് കശുവണ്ടി സംസ്‌കരണം, കയർ വ്യവസായം, നെയ്ത്ത്, കൈത്തറി, മത്സ്യബന്ധനം തുടങ്ങിയ കേരളത്തിന്റ സാമ്പത്തിക നട്ടെല്ലായ മേഖലകളെ തഴയാനാണ് ശ്രമം. പകരം ആരോഗ്യം, ടൂറിസം, ഐ.ടി തുടങ്ങിയ മേഖലകളെ വ്യവസായവത്കരിച്ച് അതിനെ സൂര്യോദയ സാമ്പത്തിക മേഖലയാക്കി കണക്കാക്കുന്നത് കൃത്യമായ കോർപ്പറേറ്റ് പക്ഷ വ്യതിയാനം തന്നെയാണ്.

ആരോഗ്യ മേഖല, വിദ്യാഭ്യാസ മേഖല, ടൂറിസം മേഖല തുടങ്ങിയവയിലെല്ലാം വിദേശ നിക്ഷേപങ്ങളെക്കുറിച്ചാണ് ബജറ്റിൽ പറയുന്നത്. കേരളത്തിൽ നിലവിൽ തന്നെ ഒട്ടു മിക്ക പദ്ധതികളും കിഫ്ബി വഴി സ്വകാര്യ നിക്ഷേപത്തിലൂടെയാണ് നടപ്പാക്കി വരുന്നത്. ക്ഷേമ പ്രവർത്തനങ്ങൾക്ക് യാതൊരു പ്രാധാന്യവും ബജറ്റിൽ നൽകുന്നില്ല. ക്ഷേമ പെൻഷൻ തുക വർധിപ്പിക്കാതിരിക്കുക എന്നത് അവശ ജനവിഭാഗങ്ങളോടുള്ള അവഗണന തന്നെയാണ്. ഒന്നാം പിണറായി സർക്കാർ അധികാരത്തിലേറുന്ന സമയത്ത് 1200 രൂപ ആയ പെൻഷൻ 8 വർഷമായിട്ടും 9 ബജറ്റുകൾ അവതിരിപ്പിച്ചിട്ടും കേവലം 400 രൂപ മാത്രമാണ് ഇക്കാലയളവിൽ വർദ്ധിപ്പിച്ചത്. അതും മാസങ്ങളോളം കുടിശ്ശികയാണ്. എല്ലാ വർഷവും ആവർത്തിക്കാറുള്ള, ഇനി മുതൽ കൃത്യമായി നൽകും എന്ന വാഗ്ദാനം മാത്രമാണ് അക്കാര്യത്തിലുള്ളത്.

ലൈഫ് മിഷൻ പദ്ധതിയിൽ നടപ്പ് സാമ്പത്തിക വർഷം 712 കോടി പ്രഖ്യാപിച്ചതിൽ ഇതുവരെ 3 ശതമാനം മാത്രമാണ് ചെലവാക്കിയത്. ഇത്തവണയും ലൈഫ് മിഷന് 1132 കോടി രൂപയുടെ പ്രഖ്യാപനം നടത്തിയിട്ടുണ്ടെങ്കിലും അതിന്റെ പ്രായോഗികത എത്രത്തോളമുണ്ടെന്ന് മുൻ അനുഭവങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്. പതിവു പോലെ ഭൂരഹിതരുടെ കാര്യത്തിൽ ബജറ്റ് മൗനം പാലിക്കുന്നു.

ന്യൂനപക്ഷ ക്ഷേമത്തിന് കഴിഞ്ഞവർഷം പ്രഖ്യാപിച്ച 76 കോടിയെക്കാൾ കുറഞ്ഞ സംഖ്യയാണ് ഇക്കുറി അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ 15 ശതമാനം മാത്രമാണ് ഇതിൽ ചെലവഴിച്ചത്.

വിലക്കയറ്റം കുറയ്ക്കാനുള്ള നടപടികളൊന്നും പ്രഖ്യാപിച്ചിട്ടില്ല. 2016 മുതൽ വാഗ്ദാനം ചെയ്യുന്ന വില നിയന്ത്രണ അതോറിറ്റി ഇപ്പോഴും ജലരേഖ മാത്രമാണ്. റബറിന്റെ താങ്ങുവില 10 രൂപ മാത്രമാണ് വർദ്ധിപ്പിച്ചത്. നേരത്തേയുണ്ടായിരുന്ന 170 രൂപ, അപേക്ഷിച്ച 25 ശതമാനത്തിന് പോലും നൽകിയിട്ടില്ല.

പങ്കാളിത്ത പെൻഷന് പകരം പുതിയ പദ്ധതി എന്ന അവ്യക്തമായ വാഗ്ദാനമാണ് ബജറ്റിലുള്ളത്. സ്റ്റാറ്റിയൂട്ടറി പെൻഷൻ സ്ഥാപിക്കുമെന്ന് പറയുന്നില്ല. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും യാതൊരു പ്രയോജവും ചെയ്യാത്ത മെഡിസെപ് പദ്ധതിയുടെ പരിഷ്‌കണത്തെക്കുറിച്ചും മൗനം പാലിക്കുകയാണ്. 

കേന്ദ്ര സർക്കാരിനെതിരെ ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപനങ്ങൾ നടത്തിയെങ്കിലും കേന്ദ്ര സർക്കാർ പുലർത്തുന്ന അതേ നയങ്ങൾ തന്നെയാണ് കേരള ബജറ്റിലുമുള്ളത്. കെ-റെയിൽ പോലുള്ള  വൻകിട പദ്ധതികളെക്കുറിച്ചുള്ള പ്രഖ്യാപനങ്ങളും കോർപ്പറേറ്റ് അനുകൂല സമീപനവും തന്നെയാണ് ബജറ്റിൽ. അദാനിക്ക് തീറെഴുതിക്കൊടുത്ത വിഴിഞ്ഞം പദ്ധതിയാണ് കേരള സർക്കാർ വലിയ നേട്ടമായി കൊട്ടിഘോഷിക്കുന്നത്. ജനപക്ഷ സമീപനങ്ങൾ സമ്പൂർണ്ണമായി അട്ടത്തു വെച്ചുകൊണ്ട് ബി.ജെ.പി സർക്കാർ തുടരുന്ന അതേ സാമ്പത്തിക നയങ്ങൾ തന്നെ തങ്ങളും പിന്തുടരുന്നു എന്നതിന്റെ പരസ്യ പ്രഖ്യാപനമാണ് ബജറ്റിലുള്ളതെന്ന് റസാഖ് പാലേരി പറഞ്ഞു. 


 

Latest News