മലപ്പുറം - സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ നിര്‍ത്തിയിട്ടിരിക്കുകയാണെന്ന് വ്യാജ സത്യവാങ്മൂലം നല്‍കി നികുതി വെട്ടിപ്പ്. തിരൂര്‍ ആര്‍.ടി ഓഫീസില്‍ നടന്ന ഈ വെട്ടിപ്പില്‍ ഗതാഗതമന്ത്രിയുടെ ഇടപെടല്‍. തട്ടിപ്പില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ഏതാനും ഉദ്യോഗസ്ഥര്‍ക്കെതിരെ കഴിഞ്ഞദിവസം നടപടി എടുത്തിരുന്നു. കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകും എന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ വ്യക്തമാക്കി.
വന്‍തോതില്‍ നികുതി ആനുകൂല്യം ലഭിക്കുന്നതിനാണ് സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ നിര്‍ത്തിയിട്ടതായി കള്ള സത്യവാങ്മൂലം നല്‍കിയിട്ടുള്ളത്. ആര്‍.ടി ഓഫീസിലെ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഇത്തരമൊരു വെട്ടിപ്പ് നടന്നത് എന്ന് കണ്ടെത്തിയിട്ടുണ്ട്.
തിരൂര്‍ ആര്‍.ടി ഓഫീസിന് കീഴില്‍ മാത്രം 80 ബസുകള്‍ ഇത്തരത്തില്‍ നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ട്. ബസുകള്‍ സര്‍വീസ് നടത്തുകയാണെങ്കില്‍ മൂന്നു മാസം കൂടുമ്പോള്‍ 80,000 രൂപ നികുതി അടയ്ക്കണം. നിര്‍ത്തിയിടുകയാണെങ്കില്‍ 8000 രൂപ അടച്ചാല്‍ മതി. ഈ ആനുകൂല്യം ലഭിക്കുന്നതിനാണ് കള്ള സത്യവാങ്മൂലം നല്‍കിയത്. കോവിഡ് കാലത്ത് ഒട്ടേറെ ബസുകള്‍ നിര്‍ത്തിയിട്ടതിനാല്‍ ഇത്തരത്തില്‍ നികുതി ആനുകൂല്യം കൈപ്പറ്റിയിരുന്നു. കോവിഡിന് ശേഷം സര്‍വീസുകള്‍ പുനരാരംഭിച്ചെങ്കിലും നിര്‍ത്തിയിട്ടിരിക്കുകയാണ് എന്നാണ് ഓഫീസില്‍ അറിയിച്ചത്. ഇത്തരത്തില്‍ ഏറെക്കാലമായി തട്ടിപ്പ് തുടരുന്നുണ്ടെന്നാണ് സംശയിക്കുന്നത്. മലപ്പുറം ജില്ലയിലെ മറ്റ് ആര്‍.ടി.ഒ ഓഫീസുകളിലും ഇതേ രീതിയില്‍ തട്ടിപ്പ് നടന്നിട്ടുണ്ടെന്നും സംശയിക്കുന്നുണ്ട്. സര്‍ക്കാരിലേക്ക് ലഭിക്കേണ്ട ലക്ഷങ്ങളുടെ നികുതിയാണ് ഇതിലൂടെ നഷ്ടമായിട്ടുള്ളത്. വെട്ടിപ്പിനെ കുറിച്ച് വകുപ്പുതലത്തില്‍ വിശദമായ അന്വേഷണം നടന്നുവരുന്നു.