കോഴിക്കോട് - സുന്നിസം കടുപ്പിക്കാനുള്ള സമസ്ത ഇ.കെ വിഭാഗത്തിന്റെ നീക്കം മുസ്‌ലിംലീഗിന് കടുത്ത വെല്ലുവിളിയാകുന്നു. മുജാഹിദ് വിഭാഗങ്ങളുടെ പരിപാടികളില്‍ പങ്കെടുക്കുന്നവരെ സമസ്തയുടെ പരിപാടികളില്‍ നിന്ന് ഒഴിവാക്കുകയാണ്.
കോഴിക്കോട് ഞായറാഴ്ച സമാപിച്ച എസ്.കെ.എസ്.എസ്.എഫിന്റെ വാര്‍ഷിക സമ്മേളനത്തിന്റെ പൊതു സമ്മേളനത്തില്‍ പി.കെ. കുഞ്ഞാലിക്കുട്ടിയെ മാത്രമാണ് ലീഗില്‍നിന്ന് പങ്കെടുപ്പിച്ചത്. അടുത്ത കാലം വരെ ലീഗിന്റെ ഏതാണ്ടെല്ലാ നേതാക്കളും സമസ്തയുടെ വേദികളില്‍ എത്തിയിരുന്നു. ലീഗിന്റെ ഏതാനും നേതാക്കളെ പങ്കെടുപ്പിച്ചത് ചെറിയ സെഷനുകളാണ്.
സമസ്തയുടെ ഈ നീക്കം മുസ്‌ലിംലീഗിന്റെ അടിത്തറ തന്നെ തകര്‍ക്കും. മുസ്‌ലിം സമുദായത്തിലെ വിവിധ വിഭാഗങ്ങള്‍ക്ക് ഒരുമിച്ച് നില്‍ക്കാനുള്ള വേദിയെന്ന നിലയിലാണ് ലീഗ് പ്രവര്‍ത്തിച്ചുവന്നത്. മുജാഹിദ് നേതാക്കളായ കെ.എം. സീതിസാഹിബ്, കെ.എം. മൗലവി തുടങ്ങിയവരും അബ്ദുറഹിമാന്‍ ബാഫഖി തങ്ങളും ഒന്നിച്ച് നേതൃത്വം നല്‍കി വന്ന ലീഗിന്റെ നേതാക്കള്‍ മുജാഹിദ് സുന്നി സമ്മേളനങ്ങളില്‍ വ്യത്യാസമില്ലാതെ പങ്കെടുക്കുകയും ചെയ്തിരുന്നു.
മുസ്‌ലിംവ്യക്തിനിയമ സംരക്ഷണത്തിന് വേണ്ടി 1985ല്‍ വ്യക്തിനിയമ ബോര്‍ഡിന് കീഴില്‍ കേരളത്തിലെ എല്ലാ വിഭാഗം മുസ്‌ലിംകളും ഒന്നിച്ച് പ്രവര്‍ത്തിച്ചതിനെ ചൊല്ലിയാണ് സമസ്തയില്‍ നിന്ന് കാന്തപുരം വിഭാഗം വേറിട്ട് പോയത്. ഇപ്പോള്‍ കാന്തപുരം വിഭാഗത്തിന്റെ ശൈലിയിലേക്കാണ് ഇ.കെ.വിഭാഗം നീങ്ങുന്നത്.
മുസ്‌ലിംലീഗിലെ നേതാക്കള്‍ സമുദായത്തിലെ എല്ലാ വിഭാഗത്തോടും തുല്യ അടുപ്പം കാണിച്ചിരുന്നവരാണ്. പ്രധാന നേതാക്കളെല്ലാം സുന്നി മുജാഹിദ് സമ്മേളനങ്ങളില്‍ സംബന്ധിക്കുകയും ചെയ്തിരുന്നു. സ്ഥാനാര്‍ഥികളെ നിര്‍ത്തുമ്പോഴും ഇത് ലീഗിനെ കുഴക്കും. മുജാഹിദ് വിഭാഗവുമായി ബന്ധം പുലര്‍ത്തുന്നവര്‍ക്ക് സമസ്ത ഇ.കെ വിഭാഗത്തിന്റെ പിന്തുണ ലഭിക്കണമെന്നില്ല.
എസ്.കെ.എസ്.എസ്.എഫിന്റെ മുന്‍ സംസ്ഥാന പ്രസിഡന്റായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ മുസ് ലിംലീഗിന്റെ സംസ്ഥാന പ്രസിഡന്റായതോടെ സമസ്തയും ലീഗും തമ്മിലെ ബന്ധം മോശമാവുകയാണുണ്ടായത്. സയ്യിദ് വിഭാഗം എന്ന നിലയിലെ ആദരവാണ് പാണക്കാട് കുടുംബാംഗങ്ങള്‍ക്ക് സമസ്തയിലെ പണ്ഡിതന്മാര്‍ക്കിടയില്‍ ലഭിച്ചതെങ്കില്‍ സമസ്തയുടെ പ്രസിഡന്റ് പണ്ഡിതനും സയ്യിദുമായ ജിഫ്രി മുത്തുക്കോയ തങ്ങളാണെന്നത് ഭിന്നതക്ക് ശക്തിയേകുന്നു.
സമസ്ത ഇ.കെ വിഭാഗത്തിലെ യുവജന വിദ്യാര്‍ഥി വിഭാഗങ്ങളുടെ നേതൃനിരയില്‍ പാണക്കാട് കുടുംബാംഗങ്ങള്‍ സജീവമാണെങ്കിലും ഭിന്നത കൂടിവരികയാണ്. സാദിഖലി ശിഹാബ് പ്രസിഡന്റായ ജാമിഅ നൂരിയ്യ സമ്മേളനത്തില്‍ നിന്ന് സമസ്ത യുവ നേതാക്കളെ ഒഴിവാക്കിയെന്ന പരാതി പരസ്യമായി തന്നെ പ്രകടിപ്പിക്കപ്പെട്ടിരുന്നു. ഇതിന് പകരമെന്നോണം പൊതു സമ്മേളനത്തില്‍നിന്ന് കുഞ്ഞാലിക്കുട്ടി ഒഴികെയുള്ള ലീഗ് നേതാക്കളെ ഒഴിവാക്കി.
സമസ്ത കാന്തപുരം വിഭാഗം മത സംഘടനയാണെങ്കിലും രാഷ്ട്രീയകാര്യങ്ങളും അവര്‍ കൈകാര്യം ചെയ്യുന്നു. രാഷ്ട്രീയ നേതാക്കളുമായി സംസാരിക്കുന്നതും വോട്ട് ആര്‍ക്ക് നല്‍കുമെന്ന് പ്രഖ്യാപിക്കുന്നതും മത പണ്ഡിതന്മാരാണ്. ഇ.കെ. വിഭാഗമാകട്ടെ രാഷ്ട്രീയ കാര്യങ്ങളില്‍ നേരിട്ട് ഇടപെട്ടിരുന്നില്ല. വഖഫ് ബോര്‍ഡ് നിയമനങ്ങളുമായി ബന്ധപ്പെട്ട് ലീഗിന്റേതില്‍ നിന്ന് വ്യത്യസ്ത നിലപാട് സമസ്ത സ്വീകരിച്ചത് മുഖ്യമന്ത്രിയുമായി നേരിട്ട് ചര്‍ച്ച ചെയ്തിട്ടാണ്.
ലീഗിലും സമസ്തയിലും ഒരു പോലെ സജീവമായി പ്രവര്‍ത്തിക്കുന്നവരില്‍ ഭിന്നത കടുത്ത ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഇരുവര്‍ക്കും പ്രത്യേക സാമൂഹ്യമാധ്യമ ഗ്രൂപ്പുകളുണ്ട്. ഇതിലൂടെ വിഭാഗീയത കൊഴുപ്പിക്കുകയാണ്.