റിയാദ് - പ്രതിരോധ മേഖലയില്‍ പരസ്പര സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിനെ കുറിച്ച് സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ബ്രിട്ടീഷ് പ്രതിരോധ മന്ത്രി ഗ്രാന്റ് ഷാപ്‌സും ചര്‍ച്ച നടത്തി. സൗദി അറേബ്യയും ബ്രിട്ടനും തമ്മിലുള്ള തന്ത്രപരമായ ബന്ധങ്ങളും മേഖലയിലെയും ആഗോള തലത്തിലെയും ഏറ്റവും പുതിയ സംഭവവികാസങ്ങളും ഇരുവരും വിശകലനം ചെയ്തു.
റഷ്യന്‍ വാണിജ്യ, വ്യവസായ മന്ത്രി ഡെനിസ് മന്റുറോവുമായും ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ചര്‍ച്ച നടത്തി. സൈനിക വ്യവസായ മേഖലയില്‍ സൗദി അറേബ്യയും റഷ്യയും തമ്മിലുള്ള സഹകരണം, ഈ മേഖലയിലെ മികച്ച അവസരങ്ങള്‍ എന്നിവ ഇരുവരും വിശകലനം ചെയ്തു. ഡെപ്യൂട്ടി പ്രതിരോധ മന്ത്രി അബ്ദുറഹ്മാന്‍ ബിന്‍ മുഹമ്മദ് ബിന്‍ അയ്യാഫ് രാജകുമാരന്‍, സംയുക്ത സേനാ മേധാവി ജനറല്‍ ഫയാദ് അല്‍റുവൈലി, പ്രതിരോധ സഹമന്ത്രി എന്‍ജിനീയര്‍ ത്വലാല്‍ അല്‍ഉതൈബി, എക്‌സിക്യൂട്ടീവ് കാര്യങ്ങള്‍ക്കുള്ള പ്രതിരോധ സഹമന്ത്രി ഡോ. ഖാലിദ് അല്‍ബയാരി, പ്രതിരോധ മന്ത്രിയുടെ ഓഫീസ് ഡയറക്ടര്‍ ജനറല്‍ ഹിശാം ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ സൈഫ് എന്നിവര്‍ കൂടിക്കാഴ്ചകളില്‍ സന്നിഹിതരായിരുന്നു.