കരിപ്പൂര്‍ - കരിപ്പൂരില്‍ നിന്ന് ഇന്നലെ പുലര്‍ച്ചെ അഞ്ചിന് ബഹ്‌റൈനിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഗള്‍ഫ് എയര്‍ വിമാനം റദ്ദാക്കിയതിനെ തുടര്‍ന്ന് 130 ഓളം യാത്രക്കാര്‍ വിദേശത്തേക്ക് പോകാനാകാതെ കുടുങ്ങി. സൗദിയിലേക്ക് കണക്ഷന്‍ വിമാനത്തില്‍ പോകേണ്ടവരും ഇനിയും വൈകിയാല്‍ വിസ റദ്ദാകുന്നവരും ഇന്റര്‍വ്യൂവില്‍ പങ്കെടുക്കേണ്ടവരുമെല്ലാം ഇക്കൂട്ടത്തിലുണ്ട്.
എപ്പോള്‍ വിമാനം പുറപ്പെടുമെന്ന് വിമാന കമ്പനി അധികൃതര്‍ ഇപ്പോഴും കൃത്യമായി പറയുന്നില്ല. വിമാനം റദ്ദാക്കിയതിനെ തുടര്‍ന്ന് ഇവരെ കോഴിക്കോട്ടെ ഹോട്ടലില്‍ താമസിപ്പിച്ചിരിക്കുകയാണ്. മറ്റേതെങ്കിലും വിമാനത്തില്‍ കൊണ്ടു പോകണമെന്ന ആവശ്യവും ഒരു ദിവസം പിന്നിട്ടിട്ടും വിമാനക്കമ്പനി ചെവിക്കൊള്ളുന്നില്ല. ഇന്നലെ പുലര്‍ച്ചെ യാത്രക്കാരെ വിമാനത്തില്‍ കയറ്റിയെങ്കിലും അഞ്ച് മണിക്കൂറോളം നേരം ഇതില്‍ എ സി പോലും ഇല്ലാതെ ഇരുത്തിയ ശേഷം വിമാനത്തിന് തകരാര്‍ സംഭവിച്ചിട്ടുണ്ടെന്ന് പറഞ്ഞ് പുറത്തിറക്കുകയായിരുന്നു. എന്നാല്‍ തകരാറിലായ ഇതേ വിമാനത്തില്‍ തന്നെ പോകാന്‍ വീണ്ടും നിര്‍ബന്ധിച്ചപ്പോള്‍ സുരക്ഷ ഭയന്ന് എല്ലാവരും എതിര്‍പ്പ് പ്രകടിപ്പിക്കുകയായിരുന്നു.
ഇന്ന് വിസയുടെ തിയ്യതി കഴിയുന്നവരും സൗദിയില്‍ ഇന്ന് അടിയന്തരമായി യോത്തില്‍ പങ്കെടുക്കേണ്ട യുവാവുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. ബോര്‍ഡിംഗ് പാസ് നല്‍കിയതിനാല്‍ ടിക്കറ്റ് ചാര്‍ജ് തിരിച്ചു നല്‍കാനികില്ലെന്നാണ് വിമാനക്കമ്പനി പറയുന്നത്. കമ്പനിയുടെ ഉത്തരവാദപ്പെട്ട ആരും തന്നെ യാത്രമുടങ്ങി 24 മണിക്കൂര്‍ കഴിഞ്ഞിട്ടും യാത്രക്കാരുമായി ബന്ധപ്പെട്ടിട്ടില്ല. ഇന്ന് രാത്രി ബഹ്‌റൈനിലേക്ക് പുറപ്പെടാന്‍ കഴിയുമെന്ന ഒരു വിവരം മാത്രമാണ് യാത്രക്കാര്‍ക്ക് ലഭിച്ചത്. എന്നാല്‍ അക്കാര്യത്തില്‍ യാതൊരു ഉറപ്പുമില്ലെന്ന് യാത്രക്കാര്‍ പറയുന്നു.