കോഴിക്കോട് - രാഷ്ട്രപിതാവിന്റെ ഘാതകൻ നാഥുറാം വിനായക് ഗോഡ്‌സയെ അനുകൂലിച്ച് ഫെയ്‌സ്ബുക്കിൽ കമന്റ് ഇട്ടതിന്റെ പേരിൽ വിവാദത്തിലായ കോഴിക്കോട് എൻ.ഐ.ടിയിലെ മെക്കാനിക്കൽ എഞ്ചിനീയറിങ് പ്രൊഫസർ ഷൈജ ആണ്ടവനിൽ നിന്ന് വിശദീകരണം തേടാൻ എൻ.ഐ.ടി രജിസ്ട്രാർക്ക് നിർദ്ദേശം നൽകിയതായി ഡയറക്ടർ പ്രസാദ് കൃഷ്ണ എം.കെ രാഘവൻ എം.പിയെ അറിയിച്ചു. ഡയറക്ടർ കോഴിക്കോടില്ലാത്തതിനെ തുടർന്നാണ് വിശദീകരണം തേടുന്നതിന് രജിസ്ട്രാറെ ചുമതലപ്പെടുത്തിയത്. വിവാദത്തിന് അടിസ്ഥാനമായ ഗാന്ധി വധത്തെ പ്രകീർത്തിച്ചുള്ള കമന്റ് സമൂഹ മാധ്യമത്തിൽ നിന്ന് പ്രഫസർ പിൻവലിച്ചുവെന്നും വിശദമായ അന്വേഷണത്തിന് ശേഷം തുടർ നടപടികൾ സ്വീകരിച്ച് വിവരം എംപിയെ അറിയിക്കുമെന്നും എൻ.ഐ.ടി ഡയറക്ടർ വ്യക്തമാക്കി.
അതേസമയം പോലീസ് കേസെടുത്തെങ്കിലും അഭിപ്രായത്തിൽ ഉറച്ച് നിൽക്കുകയാണ് ഷൈജ ആണ്ടവൻ വ്യക്തമാക്കി. ഗോഡ്‌സെയിൽ അഭിമാനം എന്ന കമന്റ് താൻ തന്നെയാണ് പോസ്റ്റ് ചെയ്തതെന്ന് ഷൈജ ആണ്ടവൻ മാധ്യമങ്ങളോട് ആവർത്തിച്ചു. സംഘപരിവാർ സംഘടനകളുടെ സംരക്ഷണത്തിലാണ് വിവാദം തുടരുന്നതെന്ന പരാതിയ്ക്കിടയിലാണ് നിലപാടിൽ മാറ്റമില്ലെന്ന് അധ്യാപിക വ്യക്തമാക്കുന്നത്.
താൻ ഗോഡ്‌സേയുടെ 'വൈ ഐ കിൽ ഗാന്ധി' എന്ന പുസ്തകം വായിച്ചിരുന്നുവെന്നും അതിൽ പറഞ്ഞ കാര്യങ്ങൾ ചിന്തിപ്പിക്കുന്നതാണെന്നുമാണ് ഷൈജ ആണ്ടവന്റെ പ്രതികരണം. ഇന്ത്യയിലെ ജനങ്ങൾ അത് അറിയേണ്ടതുണ്ട്. ഗോഡ്‌സെ പറഞ്ഞപ്പോഴാണ് പല യാഥാർത്ഥ്യവും നമ്മൾ അറിഞ്ഞത്. ഗാന്ധിയെ കൊന്നതിന് ഗോഡ്‌സേക്ക് വധശിക്ഷ കിട്ടിയല്ലോ. വയലൻസിനെ താൻ അംഗീകരിക്കുന്നില്ല. മഹാത്മാഗാന്ധിയുടെ കൊലപാതകത്തെ കുറിച്ച് കമന്റിൽ താനൊന്നും പറഞ്ഞിട്ടില്ലെന്നും ഷൈജ ആണ്ടവൻ പറയുന്നു. ഷൈജയ്‌ക്കെതിരെ കുന്ദമംഗലം പോലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ഐപിസി 153 പ്രകാരമാണ് കേസ് എടുത്തത്. കെ.എസ്.യു, യൂത്ത് കോൺഗ്രസ്, എം.എസ്.എഫ്, എസ്.എഫ്.ഐ ഉൾപ്പെടെയുള്ള സംഘടനകൾ വിവിധ സ്‌റ്റേഷനുകളിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ ഷൈജ ആണ്ടവൻ ഗാന്ധി നിന്ദ നടത്തിയെന്നാണ് സംഘടനകളുടെ പരാതി. 'നാഥുറാം ഗോഡ്‌സെ ഇന്ത്യയെ രക്ഷിച്ചതിൽ അഭിമാനം' എന്നായിരുന്നു ഷൈജ ആണ്ടവന്റെ കമന്റ്. വിവാദമായതിന് പിന്നാലെ അധ്യാപിക കമന്റ് ഡിലീറ്റ് ചെയ്തിരുന്നു.