ജിദ്ദ- പരിശോധനക്കും ചികിത്സക്കും ശേഷം ആശുപത്രി വിട്ട തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറുമായ ഖാലിദ് അൽഫൈസൽ രാജകുമാരനെ മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവർണർ സൗദ് ബിൻ മിശ്അൽ രാജകുമാരൻ സന്ദർശിച്ചു. മക്ക പ്രവിശ്യയിലെ സബ് ഗവർണറേറ്റുകളായ ലൈത്ത്, ഖുൻഫുദ, അർദിയാത്ത്, അദം എന്നിവിടങ്ങളിൽ താൻ നടത്തിയ സന്ദർശനത്തിന്റെ ഫലങ്ങൾ സൗദ് ബിൻ മിശ്അൽ രാജകുമാരൻ മക്ക ഗവർണറെ അറിയിച്ചു.
മക്ക പ്രവിശ്യ നിവാസികളുടെ സേവനവുമായി ബന്ധപ്പെട്ട് ഖാലിദ് അൽഫൈസൽ രാജകുമാരൻ ഡെപ്യൂട്ടി ഗവർണർക്ക് നിർദേശങ്ങൾ നൽകി. ഗവർണറുടെ നിർദേശാനുസരണം തായിഫ്, മൈസാൻ, തുർബ, അൽഖുർമ, റനിയ, മോയ എന്നിവിടങ്ങളിൽ ഡെപ്യൂട്ടി ഗവർണർ സന്ദർശനങ്ങൾ തുടരുകയും പ്രദേശവാസികളുമായി കൂടിക്കാഴ്ച നടത്തുകയും ഏതാനും വികസന പദ്ധതികൾക്ക് ശിലാസ്ഥാപനം നിർവഹിക്കുകയും ചെയ്യും.